Kerala
കെ മുരളീധരന് ആരോഗ്യവും ദേവസ്വവും നല്‍കി അനുനയിപ്പിച്ചു
ലഭിക്കുന്നത് വൈദ്യുതിയെങ്കില്‍ ചുമതല ഏല്‍ക്കാനില്ലെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരുന്നു
തിരുവനന്തപുരം | വൈദ്യുതി വകുപ്പു നല്‍കിയതിന്റെ പേരില്‍ ഉടക്കി നിന്ന കെ മുരളീധരനെ അനുനയിപ്പിക്കാന്‍ ആരോഗ്യം, ദേവസ്വം വകുപ്പുകള്‍ നല്‍കാന്‍ ധാരണ. തനിക്ക് ലഭിച്ച വൈദ്യുതി വകുപ്പില്‍ അതൃപ്തി പ്രകടിപ്പിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍, ലഭിക്കുന്നത് വൈദ്യുതിയെങ്കില്‍ ചുമതല ഏല്‍ക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അനുനയത്തിന്റെ ഭാഗമായാണ് മുരളീധരന് ആരോഗ്യം, ദേവസ്വം വകുപ്പുകള്‍ നല്‍കുന്നത്. നേരത്തെ ഈ വകുപ്പുകള്‍ ലഭിക്കുമെന്നായിരുന്നു മുരളീധരന്‍ പ്രതീക്ഷിച്ചിരുന്നത്.
വി ഡി സതീശന്‍ മന്ത്രിസഭയില്‍ പ്രമുഖ വകുപ്പുകള്‍ കെ സി വേണുഗോപാല്‍ വിഭാഗം കയ്യടക്കിയതോടെയാണ് മുരളീധരന് പ്രതീക്ഷിച്ച വകുപ്പ് നഷ്ടപ്പെട്ടത് എന്നാണു വിലയിരുത്തപ്പെട്ടത്. കെ സി വേണുഗോപാല്‍ വിഭാഗത്തിന്റെ ഭാഗമായ എ പി അനില്‍കുമാറിനാണ് ആരോഗ്യവകുപ്പ് നല്‍കിയിരുന്നത്. വൈദ്യുതി വകുപ്പ് ആര്‍ക്ക് എന്നതില്‍ വ്യക്തത വന്നിട്ടില്ല. 2004ല്‍ എകെ ആന്റണി മന്ത്രിസഭയില്‍ മുരളീധരന്‍ മൂന്ന് മാസത്തോളം വൈദ്യുതി മന്ത്രിയായിരുന്നു. കെ പി സി സിയുടെ ഏക വൈസ് പ്രസിഡന്റ് പദവി രാജിവച്ച് ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച കെ മുരളീധരന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രിപദവി രാജിവയ്‌ക്കേണ്ടിവന്നു. വീണ്ടും അതേ വകുപ്പ് തന്നെ നല്‍കിയതിലാണ് അദ്ദേഹം തന്റെ ശക്തമായ വിയോജിപ്പ് നേതൃത്വത്തെ അറിയിച്ചത്.
കോണ്‍ഗ്രസില്‍ നിന്ന് പതിനൊന്ന് മന്ത്രിമാരും ഘടകകക്ഷികളില്‍ നിന്നുള്ള ഒമ്പത് മന്ത്രിമാരും അടങ്ങുന്നതാണ് പുതിയ നിര. ഏറെ നാളുകള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് മന്ത്രിസഭയില്‍ രണ്ട് വനിതാ മന്ത്രിമാര്‍ ഒരുമിച്ച് വരുന്നത്. മുതിര്‍ന്ന നേതാവ് തിരുനഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറാകും. ഷാനിമോള്‍ ഉസ്മാനാണ് പുതിയ ഡെപ്യൂട്ടി സ്പീക്കര്‍. നഫീസത്ത് ബീവിക്ക് ശേഷം കാലങ്ങള്‍ക്ക് ശേഷമാണ് ഒരു വനിത നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്.







