National
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; സി ബി ഐ അന്വേഷണം ഉന്നതരിലേക്ക്
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രന്‍ പ്രദാന്റെ രാജി ആവശ്യം ശക്തമായി
ന്യൂഡല്‍ഹി | നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണം ഉന്നതരിലേക്ക് നീങ്ങുന്നു. കേന്ദ്രസര്‍ക്കാരും എന്‍ ടി എയും കൂടുതല്‍ പ്രതിരോധത്തിലാവുന്നു. കന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രന്‍ പ്രദാന്റെ രാജി ആവശ്യം ശക്തമായി.
അതേസമയം നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ കഴിഞ്ഞവര്‍ഷവും ചോര്‍ന്നോ എന്ന സംശയവും സി ബി ഐക്കുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബി ജെ പി നേതാവ് ദിനേശ് ബിവാലിന്റെ അടുത്ത ബന്ധുക്കളായ വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞവര്‍ഷത്തെ നീറ്റ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് കിട്ടിയതിലാണ് അന്വേഷണം.
കേസില്‍ അറസ്റ്റിലായ അധ്യാപിക മനീഷ ഗുരുനാഥിനെ 14 ദിവസത്തെ സി ബി ഐ കസ്റ്റഡിയില്‍ വിട്ടു. പ്രതികളായ അധ്യാപകരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് സി ബി ഐയുടെ നീക്കം. എന്‍ ടി എ സിസ്റ്റത്തില്‍ നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ന്നത് എന്ന് സി ബി ഐ കണ്ടെത്തിയിട്ടുണ്ട്. ചോദ്യക്കടലാസ് തയ്യാറാക്കിയവരും പരിഭാഷകരും സി ബി ഐ നിരീക്ഷണത്തിലാണ്. അതേസമയം ചോര്‍ച്ചയില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രന്‍ പ്രദാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
സി ബി ഐ അന്വേഷണത്തിന്റെ വിവരങ്ങള്‍ പുറത്തു വരുമ്പോള്‍ കൂടുതല്‍ പ്രതിരോധത്തിലാകുകയാണ് കേന്ദ്രസര്‍ക്കാരും എന്‍ ടി എയും. കുറ്റമറ്റ രീതിയില്‍ നടന്നുവെന്ന് അവകാശപ്പെടുന്ന കഴിഞ്ഞവര്‍ഷത്തെ നീറ്റ പരീക്ഷയിലും ചോര്‍ച്ച നടന്നോ എന്ന സംശയമാണ് ബലപ്പെടുന്നത്.
രാജസ്ഥാനില്‍ അറസ്റ്റിലായ ബി ജെ പി നേതാവ് ദിനേശ് ബിവാളിന്റെ കുടുംബത്തിലെ അഞ്ച് പേര്‍ക്ക് കഴിഞ്ഞ തവണ നീറ്റിന് ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചിരുന്നു. പ്ലസ്ടുവിന് ശരാശരി മാര്‍ക്ക് മാത്രമുള്ള ഇവര്‍ക്ക് നീറ്റില്‍ ഉയര്‍ന്ന സ്‌കോര്‍ കിട്ടിയതിനെക്കുറിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ഇത്തവണ ദിനേഷിന്റെ മകന് വേണ്ടിയാണ് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയത്. എന്നാല്‍ കാര്യമായ സ്‌കോര്‍ വിദ്യാര്‍ഥിക്ക് നേടാന്‍ കഴിഞ്ഞില്ലെന്ന് ദിനേഷ് മൊഴി നല്‍കിയിട്ടുണ്ട്.
ചോര്‍ച്ച കേസില്‍ അറസ്റ്റിലായ കുല്‍ക്കര്‍ണി, മനീഷാ എന്നീ അധ്യാപകര്‍ എന്‍ ടി എയുടെ സെര്‍വറില്‍ നിന്നാണ് ചോദ്യങ്ങള്‍ ചോര്‍ത്തിയതെന്ന് വ്യക്തമായി. രണ്ട് സെറ്റ് ചോദ്യ പേപ്പറുകള്‍ ചോര്‍ന്നുവെന്നാണ് സി ബി ഐ കണ്ടെത്തല്‍. ഒന്ന് കൈപ്പടയിലും മറ്റൊന്ന് ടൈപ്പ് ചെയ്ത രൂപത്തിലുമാണ് ചോര്‍ന്നിരിക്കുന്നത്. ചോദ്യക്കടലാസ് തയ്യാറാക്കിയവരും പരിഭാഷകരും നിലവില്‍ സി ബി ഐ നിരീക്ഷണത്തിലാണ്. സംശയത്തില്‍ ഉള്ളവരുടെ പട്ടിക ഇതിനോടകം എന്‍ ടി ഐ, സി ബി ഐക്ക് കൈമാറിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് വിവരം. ജൂണില്‍ നടക്കാനിരിക്കുന്ന പുനഃപരീക്ഷയ്ക്കായി പുതിയ ചോദ്യപ്പേപ്പര്‍ സമിതി ഉടന്‍ രൂപീകരിക്കും.







