Kerala
വി ഡി സതീശന്‍ മന്ത്രിസഭയില്‍ മേല്‍ക്കൈ കെ സി വേണുഗോപാല്‍ പക്ഷത്തിന്
കോണ്‍ഗ്രസിന് 11 മന്ത്രിമാരാണുള്ളത്. ഇതില്‍ എട്ട് പേരും കെസി വിഭാഗത്തില്‍ നിന്നുള്ളതാണ്
തിരുവനന്തപുരം | വി ഡി സതീശ മന്ത്രിസഭയില്‍ കെ സി വേണുഗോപാല്‍ പക്ഷം മേല്‍ക്കൈ നേടി. മുഖ്യമന്ത്രി പദവിക്കായി പോരാടി പരാജയപ്പെട്ട കെ സി വേണുഗോപാല്‍ മന്ത്രിമാരിലൂടെ മന്ത്രിസഭയുടെ മേല്‍ക്കൈ കരസ്ഥമാക്കിയെന്നാണ് വിലയിരുത്തല്‍.
കോണ്‍ഗ്രസിന് 11 മന്ത്രിമാരാണുള്ളത്. ഇതില്‍ എട്ട് പേരും കെസി വിഭാഗത്തില്‍ നിന്നുള്ളതാണ്. സ്പീക്കറും കെ സിക്ക് ഒപ്പം. മുഖ്യമന്ത്രി പദം വി ഡി സതീശന് വിട്ടുകൊടുക്കേണ്ടിവന്ന കെ സി പക്ഷം പ്രധാന വകുപ്പുകളും കൂടുതല്‍ മന്ത്രിമാരെയുമാണ് ആവശ്യപ്പെട്ടത്. ഇതോടെയാണ് പ്രധാന വകുപ്പുകളിലെല്ലാം കെ സിയെ പിന്തുണക്കുന്നവരെത്തിയത്. വി ഡി പക്ഷത്തായിരുന്ന ഷാനിമോള്‍ ഉസ്മാന് മന്ത്രിസ്ഥാനം നല്‍കാതെ ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലേക്ക് മാറ്റി.
ഷാനിമോള്‍ ഉസ്മാനെക്കാള്‍ ജൂനിയറായ ബിന്ദുകൃഷ്ണക്ക് മന്ത്രിസ്ഥാനം ലഭിച്ചു. ആദ്യ പട്ടികയില്‍ ഉണ്ടായിരുന്ന വി ടി ബല്‍റാം, ചാണ്ടി ഉമ്മന്‍ തുടങ്ങിയവര്‍ പുറത്തായി. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഒ ജെ ജനീഷ് ഉള്‍പ്പെട്ടതും കെ.സി വിഭാഗത്തിന്റെ ഇടപെടലിലൂടെയാണ്. ടി സിദ്ദിഖിനെയും മന്ത്രിപദവിയിലേക്ക് കൊണ്ടുവരാന്‍ മറുപക്ഷത്തിനായി. ഇതുകൂടാതെ സണ്ണി ജോസഫ്, റോജി എം ജോണ്‍, പി സി വിഷ്ണുനാഥ്, എം ലിജു എന്നിവരാണ് കെ സി വിഭാഗത്തില്‍ നിന്ന് മന്ത്രിയായത്. കൂടുതല്‍ എം എല്‍ എമാരുടെ പിന്തുണയുള്ളതാണ് കെ സി വിഭാഗത്തിന് കരുത്തായത്.







