National
തുര്‍ക്കി വ്യോമ പാത നിഷേധിച്ചു; ഇന്ത്യക്കായി അപ്പാച്ചെ ഹെലികോപ്റ്ററുകളുമായി വരികയായിരുന്ന ചരക്ക് വിമാനം മടങ്ങി
എട്ടു ദിവസം വിമാനത്താവളത്തില്‍ അനുമതി കാത്തുകിടന്ന വിമാനം എട്ടിന് യുഎസിലേക്കു മടങ്ങി
ന്യൂഡല്‍ഹി | ഇന്ത്യന്‍ കരസേനക്കായി പുതിയ അപ്പാച്ചെ ഹെലികോപ്റ്ററുകളുമായി വരികായയിരുന്ന ചരക്കു വിമാനത്തിനു തുര്‍ക്കി വ്യോമപാത നിഷേധിച്ചു. ഇതേ തുടര്‍ന്ന് ചരക്ക് വിമാനം ഇന്ത്യയിലേക്ക് വരാനാകാതെ മടങ്ങി. ഇന്ത്യന്‍ കരസേനയ്ക്കുള്ള മൂന്ന് AH 64E അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകളുമായി ഈ മാസം ഒന്നിന് പറന്നുയര്‍ന്ന ചരക്ക് വിമാനം ഇന്ധനം നിറക്കുന്നതിന് ബ്രിട്ടനിലെ ഈസ്റ്റ് മിഡ്ലാന്‍ഡ്സ് വിമാനത്താവളത്തില്‍ ഇറക്കി. തുടര്‍ന്ന് വിമാനത്തിനു ഇന്ത്യയിലേക്ക് തുര്‍ക്കി വ്യോമപാത നിഷേധിച്ചുവെന്നാണു സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്.
എട്ടു ദിവസം വിമാനത്താവളത്തില്‍ അനുമതി കാത്തുകിടന്ന വിമാനം എട്ടിന് യുഎസിലേക്കു മടങ്ങി. ആറ് AH 64E അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകള്‍ നല്‍കാമെന്ന കരാറിന്റെ അടിസ്ഥാനത്തില്‍ ബോയിംഗ് ജൂലൈയില്‍ ഇന്ത്യന്‍ കരസേനയ്ക്കു മൂന്ന് ഹെലികോപ്റ്ററുകള്‍ കൈമാറിയിരുന്നു. അന്ന് വ്യോമപാത ഉപയോഗിക്കാന്‍ തുര്‍ക്കി അനുമതി നല്‍കിയിരുന്നു.
മുന്‍നിശ്ചയ പ്രകാരം ബോയിംഗ് കമ്പനി ഈ മാസം കരസേനയ്ക്കു മൂന്നു ഹെലികോപ്റ്ററുകള്‍ കൈമാറേണ്ടതാണ്. പുതിയ സംഭവത്തോടെ ഇതു വൈകുമെന്നാണു അറിയുന്നത്.
മറ്റൊരു വ്യോമപാതയിലൂടെ ഹെലികോപ്റ്ററുകള്‍ ഇന്ത്യയിലെത്തിക്കാന്‍ ശ്രമം തുടരുകയാണ്.



