Connect with us

National

ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തിയതിനെ സ്വാഗതം ചെയ്ത് ട്രംപ്

ഇന്ത്യ റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നത് നിര്‍ത്തിയെന്ന റിപ്പോര്‍ട്ട് ഉണ്ടെന്നും സ്ഥിരീകരിച്ചാല്‍ അത് നല്ല നടപടി ആണെന്നുമാണ് ട്രംപിന്റെ പ്രതികരണം

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യ റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നത് നിര്‍ത്തിയതിനെ സ്വാഗതം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയില്‍ നിന്ന് ക്രൂഡ് ഓയിലും സൈനിക ഉപകരണങ്ങളും വാങ്ങിയതിന് ഇന്ത്യക്ക് പിഴ ചുമത്താന്‍ അമേരിക്ക തീരുമാനിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഇന്ത്യ റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നത് നിര്‍ത്തിയെന്ന റിപ്പോര്‍ട്ട് ഉണ്ടെന്നും സ്ഥിരീകരിച്ചാല്‍ അത് നല്ല നടപടി ആണെന്നുമാണ് ട്രംപിന്റെ പ്രതികരണം. റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് 100 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.

ഇന്ത്യ ഇനി റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്നാണ് മനസ്സിലാക്കുന്നത്. അങ്ങനെയാണ് കേട്ടത്. അത് ശരിയാണോ അല്ലയോ എന്ന് അറിയില്ല. ശരിയാണെങ്കില്‍ അതൊരു നല്ല നടപടിയാണ്. എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം- ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈ മാസം കിഴിവുകള്‍ കുറഞ്ഞതിനാലും യു എസ് മുന്നറിയിപ്പ് നല്‍കിയതിനാലും കഴിഞ്ഞ ആഴ്ച ഇന്ത്യന്‍ റിഫൈനറികള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ റഷ്യന്‍ ഇറക്കുമതി താല്‍ക്കാലികമായി നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് അറിയില്ലെന്നായിരുന്നു വെള്ളിയാഴ്ച വിദേശകാര്യ മന്ത്രാലയം (എം ഇ എ) പറഞ്ഞത്. ഇന്ത്യയുടെ എണ്ണ ഇറക്കുമതി വിപണിയിലെ ചലനാത്മകതയും ദേശീയ താല്‍പ്പര്യങ്ങളും അനുസരിച്ചാണെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.

ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യയാണ് കടല്‍മാര്‍ഗമുള്ള റഷ്യന്‍ ക്രൂഡിന്റെ ഏറ്റവും വലിയ ഉപഭോക്താവ്. യുക്രൈന്‍ യുദ്ധത്തെത്തുടര്‍ന്ന് അമേരിക്ക റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിട്ടും ഇന്ത്യ റഷ്യന്‍ എണ്ണ വിലക്കുറവില്‍ ഇറക്കുമതി ചെയ്യുന്നതിനെ ട്രംപും യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും വിമര്‍ശിച്ചിരുന്നു.

ഇതിന്റെ പേരില്‍ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് 25% അധിക ഇറക്കുമതി തീരുവ ചുമത്തുന്നതിന് പുറമേ, പിഴ ചുമത്താനും യുഎസ് പ്രസിഡന്റ് തീരുമാനിച്ചു. രാജ്യത്തെ പൊതുമേഖലാ എണ്ണ ശുദ്ധീകരണ കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പ്, ഭാരത് പെട്രോളിയം കോര്‍പ്പ്, മാംഗ്ലൂര്‍ റിഫൈനറി പെട്രോകെമിക്കല്‍ ലിമിറ്റഡ് എന്നിവ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ റഷ്യന്‍ ക്രൂഡ് ഓയിലിന് ഓര്‍ഡര്‍ നല്‍കിയിട്ടില്ല.