National
ഇന്ത്യക്കെതിരെ പ്രതികാരച്ചുങ്കം ഇനിയും ഉയര്‍ത്തിയേക്കുമെന്ന സൂചന നല്‍കി ട്രംപ്
റഷ്യക്കെതിരെ അടുത്ത ഘട്ട ഉപരോധം ഏര്‍പ്പെടുത്താന്‍ തന്റെ ഭരണകൂടം തയ്യാറാണെന്നും ട്രംപ്

ന്യൂഡല്‍ഹി | ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പ്രതികാരച്ചുങ്കം ഇനിയും ഉയര്‍ത്തുമെന്ന സൂചന നല്‍കി ട്രംപ്. ഇന്ത്യാ-ചൈന ചര്‍ച്ചക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയെങ്കിലും പ്രതികാരച്ചുങ്കത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കുന്നത്.
റഷ്യക്കെതിരെ അടുത്ത ഘട്ട ഉപരോധം ഏര്‍പ്പെടുത്താന്‍ തന്റെ ഭരണകൂടം തയ്യാറാണെന്ന് ട്രംപ് സൂചന നല്‍കി. ന്യൂയോര്‍ക്കിലെ യു എസ് ഓപ്പണിനായി പുറപ്പെടുന്നതിന് മുന്‍പ് വൈറ്റ് ഹൗസിന് പുറത്ത് മാധ്യമ പ്രവര്‍ത്തകനോടു സംസാരിക്കുകയായിരുന്നു ട്രംപ്. റഷ്യക്കെതിരെ അടുത്ത ഘട്ട ഉപരോധങ്ങള്‍ക്കായി തയ്യാറാണോ എന്ന ചോദ്യത്തിന് ‘അതെ, ഞാന്‍ തയ്യാറാണ്’ എന്നായിരുന്നു മറുപടി. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നവര്‍ക്ക് കൂടുതല്‍ താരിഫ് ആലോചിക്കുമോയെന്ന ചോദ്യത്തിനും അതെ എന്നായിരുന്നു ഉത്തരം.
ട്രംപിന്റെ പ്രതികാരച്ചുങ്ക നീക്കത്തെ നേരിടുന്നതിന്റെ ഭാഗമായി ബ്രിക്‌സ് രാജ്യങ്ങളുടെ വിര്‍ച്വല്‍ ഉച്ചകോടി ഇന്ന് നടക്കും. വ്യാപാര കരാര്‍ ചര്‍ച്ചകള്‍ക്കായി യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണര്‍മാര്‍ ഇന്ന് ഡല്‍ഹിയിലെത്തും. ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ കരാര്‍ ജനുവരിയില്‍ ഒപ്പു വെക്കാനാണ് ആലോചന. ചര്‍ച്ചകള്‍ വിജയിച്ചാല്‍ യുറോപ്യന്‍ നേതാക്കളെ ഇന്ത്യ റിപ്പബ്ലിക് ദിന അതിഥികളായി ക്ഷണിച്ചേക്കും.