National
ത്രിപുര: ബിജെപിയുമായി ചര്‍ച്ചക്ക് തയ്യാറെന്ന് തിപ്ര മോത പാര്‍ട്ടി
ആസാം മുഖ്യമന്ത്രി തിപ്ര മോതയുമായി ചര്‍ച്ച പുനരാരംഭിക്കാന്‍ വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് പ്രതികരണം
അഗര്‍ത്തല| ത്രിപുര തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായി ഉയര്‍ന്നുവന്ന തിപ്ര മോത പാര്‍ട്ടി ബി ജെ പിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചു. ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ മുന്‍ രാജകുടുംബം പ്രദ്യോത് മാണിക്യ ദേബ് ബർമയുടെ നേതൃത്വത്തിലുള്ള ഗോത്രവര്‍ഗ പാർട്ടി തിപ്ര മോതയുമായി ചര്‍ച്ച പുനരാരംഭിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു.
ഞങ്ങളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞത് കേട്ടു. ബഹുമാനത്തോടെ വിളിച്ചാല്‍ ഞങ്ങള്‍ അവരോടൊപ്പം ചര്‍ച്ചയ്ക്ക് ഇരിക്കും. പക്ഷേ ചർച്ച സ്ഥാനമാനങ്ങളുടെ അടിസ്ഥാനത്തിലല്ലെന്നും ദേബ് ബർമ പറഞ്ഞു.
ഞങ്ങള്‍ ത്രിപുരയിലെ തദ്ദേശീയരാണ്. ഞങ്ങളുടെ അവകാശങ്ങള്‍ അവഗണിച്ച് നിങ്ങള്‍ക്ക് ത്രിപുര ഭരിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോയെന്നും ത്രിപുരയിലെ തദ്ദേശീയരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് തിപ്ര മോത രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
60 അംഗ ത്രിപുര നിയമസഭയില്‍ ദേബ് ബർമയുടെ തിപ്ര മോത 13 സീറ്റുകള്‍ നേടിയിരുന്നു. തെരഞ്ഞെടുപ്പില്‍ ബിജെപി 33 സീറ്റുകള്‍ നേടിയപ്പോള്‍ ഇടതു-കോണ്‍ഗ്രസ് സഖ്യം 14 സീറ്റുകള്‍ നേടി. തൃണമൂല്‍ കോണ്‍ഗ്രസിന് അക്കൗണ്ട് തുറക്കാനായില്ല.