Connect with us

Kerala

കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ ടെര്‍മിനല്‍ പ്രധാന മന്ത്രി നാടിന് സമര്‍പ്പിച്ചു

ഇന്ന് രാവിലെ പത്തിന് കൊല്‍ക്കത്തയില്‍ നിന്ന് ഓണ്‍ലൈനായാണ് പ്രധാനമന്ത്രി മെട്രോ ഫ്ളാഗ് ഓഫ് ചെയ്തത്.

Published

|

Last Updated

കൊച്ചി | കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ ടെര്‍മിനല്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. ഇന്ന് രാവിലെ പത്തിന് കൊല്‍ക്കത്തയില്‍ നിന്ന് ഓണ്‍ലൈനായാണ് പ്രധാനമന്ത്രി മെട്രോ ഫ്ളാഗ് ഓഫ് ചെയ്തത്.

കൊച്ചി മെട്രോ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനാണ് തൃപ്പൂണിത്തുറ. ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ 28.2 കിലോമീറ്റര്‍ ദൂരമാണ് കൊച്ചി മെട്രോയുടെ ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയാകുന്നത്. 25 സ്റ്റേഷനുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. 7,377 കോടി രൂപയാണ് ആദ്യ ഘട്ടത്തിനായി ആകെ ചെലവ് വന്നത്.

ഉദ്ഘാടനത്തിനു ശേഷം തൃപ്പൂണിത്തുറയില്‍ നിന്ന് ഭിന്നശേഷിയുള്ള കുട്ടികളുമായി ആദ്യ ട്രെയിന്‍ ആലുവയിലേക്ക് പുറപ്പെടും. തുടര്‍ന്ന് പൊതുജനങ്ങള്‍ക്കുള്ള സര്‍വീസ് ആരംഭിക്കും.

ആലുവ മുതല്‍ തൃപ്പൂണിത്തുറ ടെര്‍മിനല്‍ വരെ 75 രൂപയാണു ടിക്കറ്റ് നിരക്ക്. ഉദ്ഘാടന ഓഫര്‍ ആയി എസ് എന്‍ ജങ്ഷന്‍ വരെയുള്ള യാത്രാ നിരക്ക് 60 രൂപ മാത്രമാണ്. മെട്രോയുടെ ആദ്യ ഘട്ടമായ ആലുവ പേട്ട ടിക്കറ്റ് നിരക്കാണ് 60. മെട്രോ പിന്നീട് എസ് എന്‍ ജങ്ഷനിലേക്കു നീട്ടിയപ്പോഴും 60 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്.

1.35 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുണ്ട് ടെര്‍മിനല്‍ സ്റ്റേഷന്. ഇതില്‍ 40,000 ചതുരശ്ര അടി വാണിജ്യാവശ്യത്തിനായിരിക്കും. എസ്എന്‍ ജംക്ഷന്‍ സ്റ്റേഷന്‍ മുതല്‍ തൃപ്പൂണിത്തുറ ടെര്‍മിനല്‍ സ്റ്റേഷന്‍ വരെ 1.16 കിലോമീറ്റര്‍ ദൂരം പുതുതായി മെട്രോ റൂട്ടിലേക്കു കൂട്ടിച്ചേര്‍ക്കപ്പെടും. ഇതോടെ 25 സ്റ്റേഷനുകളും 28.125 കിലോമീറ്ററുമാകും കൊച്ചി മെട്രോയുടെ ആദ്യ ഘട്ടം. ഭൂമി ഏറ്റെടുക്കുന്നതിനും നിര്‍മാണത്തിനുമുള്‍പ്പെടെ 448.33 കോടി രൂപ ചെലവു വന്നു.

മെട്രോയുടെ ടെര്‍മിനല്‍ സ്റ്റേഷന്‍ തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷനു സമീപം എത്തുമ്പോള്‍ കൊച്ചി നഗരത്തിലേക്ക് പോകുന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ഗുണം ലഭിക്കുക. 100 മീറ്ററില്‍ താഴെ മാത്രമാണ് റെയില്‍വേ സ്റ്റേഷനും മെട്രോ സ്റ്റേഷനു തമ്മില്‍ ദൂരം. കോട്ടയം, തിരുവനന്തപുരം ഭാഗത്തു നിന്നൊക്കെ വരുന്നവര്‍ക്ക് തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയാല്‍ മെട്രോയില്‍ കയറി എറണാകുളം നഗരത്തിലേക്കു പോകാം. റെയില്‍വേ സ്റ്റേഷന്‍, മെട്രോ സ്റ്റേഷന്‍ എന്നിവ ബന്ധിപ്പിച്ചു നടപ്പാതയും റോഡും നിര്‍മിക്കാനുള്ള നടപടി റെയില്‍വേ തുടങ്ങിക്കഴിഞ്ഞു. അമൃത് ഭാരത് പദ്ധതിയിലാണ് ഇവ തമ്മില്‍ ബന്ധിപ്പിക്കുന്നത്. ഇതിനു സമീപം വാട്ടര്‍ മെട്രോയും ബസ് സ്റ്റാന്‍ഡും കൂടി എത്തിയാല്‍ വലിയൊരു വികസനത്തിനു തന്നെ ഇവ വഴി തുറക്കും.

 

 

 

 

Latest