Connect with us

Kerala

സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴിയുള്ള യാത്രക്ക് ചെലവേറും

കഴിഞ്ഞ വര്‍ഷം അഞ്ചര ലക്ഷം രൂപയായിരുന്നു. ഇത്തവണ ജി എസ് ടിയും ടി സി എസും കൂടി അടക്കണം.

Published

|

Last Updated

കോഴിക്കോട് | സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് കീഴിലുള്ള ഹജ്ജ് യാത്രക്ക് ഇപ്രാവശ്യം വന്‍ തുക ചെലവാകും. കഴിഞ്ഞ വര്‍ഷം അഞ്ചര ലക്ഷം രൂപ വരെയായിരുന്നു സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ ഈടാക്കിയിരുന്നത്. ഇപ്രാവശ്യം ജി എസ് ടി ഇനത്തിലും ടി സി എസ് ഇനത്തിലും ഹാജിമാര്‍ തുക നല്‍കേണ്ടതുണ്ട്.

ജി എസ് ടി ഇനത്തില്‍ അഞ്ച് ശതമാനമാണ് ഓരോ അപേക്ഷകനില്‍ നിന്നും ഈടാക്കുന്നത്. ഇതിന് പുറമെയാണ് ടി സി എസ്. ടി സി എസ് കഴിഞ്ഞ തവണ അഞ്ച് ശതമാനമായിരുന്നു ഈടാക്കിയത്. എന്നാൽ ഇപ്രാവശ്യത്തെ ബജറ്റില്‍ ടി സി എസ് 20 ശതമാനമെന്ന പ്രഖ്യാപനമുണ്ട്. ഈ സാഹചര്യത്തില്‍ 20 ശതമാനം തന്നെ ഓരോ അപേക്ഷകനും നല്‍കേണ്ടിവരുമോ എന്നാണ് ആശങ്ക. ടി സി എസ് 20 ശതമാനം ഈടാക്കിയാല്‍ അഞ്ച് ലക്ഷം നല്‍കുന്ന അപേക്ഷകന്‍ ഒരു ലക്ഷം കൂടി അധികം നല്‍കേണ്ടി വരും. ടി സി എസ് തിരിച്ചുകിട്ടുന്ന തുകയാണ്. യാത്ര പൂർത്തിയായതിനു ശേഷമാണ് ഇത് ഓരോ ഹാജിമാര്‍ക്കും ലഭിക്കുക. ടി സി എസ് എത്രയെന്ന് സ്വകാര്യ ഹജ്ജ് ക്വാട്ട പ്രഖ്യാപനത്തിന് ശേഷം മാത്രമേ വ്യക്തമാകുകയുള്ളൂ.

ഇതിനെല്ലാം പുറമെ സഊദിയില്‍ ഇപ്രാവശ്യം സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുടെ കീഴിലുള്ള സേവനങ്ങള്‍ക്ക് വലിയ ചാര്‍ജ് ഈടാക്കാനുള്ള സാധ്യതയുണ്ട്. ഇന്ത്യക്കുള്ള ഹജ്ജ് ക്വാട്ട പ്രഖ്യാപനം വൈകിയതിനാല്‍ നേരത്തേ ക്വാട്ട പ്രഖ്യാപിക്കപ്പെട്ട പല രാജ്യങ്ങളിലെയും ഹജ്ജ് ഗ്രൂപ്പുകള്‍ താമസത്തിനുള്ള കെട്ടിടങ്ങളും മറ്റ് സംവിധാനങ്ങളും നേരത്തേ തന്നെ ബുക്ക് ചെയ്തിട്ടുണ്ട്. ഇത് ഇന്ത്യയില്‍ നിന്നുള്ള സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് ഉള്‍പ്പെടെ വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. വലിയ തുകക്ക് ബാക്കിയുള്ള കെട്ടിടങ്ങള്‍ വാടകക്കെടുത്ത് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരും.

ജി എസ് ടി ഇനത്തില്‍ വലിയ തുകയാണ് ഓരോ ഹജ്ജ് അപേക്ഷകനും ഇത്തവണ മുതല്‍ നല്‍കേണ്ടത്. കഴിഞ്ഞ കാലങ്ങളില്‍ സ്വകാര്യ ഗ്രൂപ്പുകള്‍ ഹാജിമാരില്‍ നിന്ന് ജി എസ് ടി ഈടാക്കിയിരുന്നില്ല. എന്നാല്‍ ഇത് സംബന്ധിച്ച കോടതി വിധിയെ തുടര്‍ന്ന് 2017-18, 2018-19 വര്‍ഷങ്ങളിലെ ജി എസ് ടി അടയ്ക്കാന്‍ കേന്ദ്രം സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മുന്‍കാലത്തെ ജി എസ് ടി അടക്കാത്തവര്‍ക്ക് സ്വകാര്യ ഹജ്ജ് ക്വാട്ട അനുവദിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ അപേക്ഷിച്ച എല്ലാ ഗ്രൂപ്പുകളും ജി എസ് ടി അടച്ചെങ്കിലും ഹജ്ജിന് പോയവരില്‍ നിന്ന് ഈടാക്കാന്‍ കഴിയാതെ സ്വകാര്യ ഗ്രൂപ്പുകള്‍ പ്രതിസന്ധിയിലായി. മുന്‍കാലങ്ങളിലെ ഒന്നിച്ചുള്ള ജി എസ് ടി അടയ്ക്കാനുള്ള നിര്‍ദേശം വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിയിരിക്കുന്നതെന്ന് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ പറയുന്നു. അതേസമയം, സ്വകാര്യ ഹജ്ജ് ക്വാട്ട സംബന്ധിച്ച പ്രഖ്യാപനം അടുത്ത ആഴ്ചയുണ്ടാകും. സംസ്ഥാനത്ത് നിന്ന് നൂറിലധികം സ്വകാര്യ ഗ്രൂപ്പുകളാണ് ഇപ്രാവശ്യം ക്വാട്ടക്ക് അപേക്ഷ നല്‍കിയത്.

Latest