Kerala
ഗതാഗതക്കുരുക്കഴിച്ചില്ല; പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിക്കുന്നത് വിലക്കി ഹൈക്കോടതി
മുന്‍പ് കേസ് പരിഗണിച്ചപ്പോള്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ അതോറിറ്റി വീണ്ടും മൂന്നാഴ്ച സമയം ചോദിച്ചിരുന്നു

കൊച്ചി | പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിക്കുന്നത് നാലാഴ്ചത്തേക്കു വിലക്കി ഹൈക്കോടതി.ഇടപ്പള്ളിമണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് കോടതി നടപടി.
ഏതാനും കിലോമീറ്റര്‍ മാത്രമാണ് ഗതാഗതക്കുരുക്കുള്ളതെന്നും ഇവിടെ സര്‍വീസ് റോഡിലൂടെ ഗതാഗതം തിരിച്ചുവിട്ടിരിക്കുകയാണെന്നും ദേശീയപാത അതോറിറ്റിക്കായി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എ ആര്‍ എല്‍ സുന്ദരേശന്‍ അറിയിച്ചു
ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതില്‍ ദേശീയപാത അതോറിറ്റി വീഴ്ച വരുത്തിയെന്ന് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. മുന്‍പ് കേസ് പരിഗണിച്ചപ്പോള്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ അതോറിറ്റി വീണ്ടും മൂന്നാഴ്ച സമയം ചോദിച്ചിരുന്നു. ഇതോടെ ഹര്‍ജിയില്‍ ഇടക്കാല വിധി പറയുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
ഒരാഴ്ചയ്ക്കുള്ളില്‍ ഗതാഗത കുരുക്കിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് നിര്‍ത്തലാക്കുമെന്ന് കഴിഞ്ഞ മാസം ആദ്യം കേസ് പരിഗണിച്ചപ്പോള്‍ തന്നെ കോടതി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ ദേശീയപാത അതോറിറ്റി അറിയിച്ചത് മൂന്നു മാസത്തെ സമയം കൂടി ആവശ്യമായി വരും എന്നാണ്. എന്നാല്‍ തകര്‍ന്ന പാതയിലെ ടോള്‍ പിരിവും പ്രശ്‌നമാണെന്നും പൗരന്മാരാണ് ഇതിന്റെ ബാധ്യതയേല്‍ക്കേണ്ടി വരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പാലിയേക്കരയിലെ ടോള്‍ പിരിവ് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ഷാജി കോടങ്കണ്ടത്ത് ആണ് കോടതിയെ സമീപിച്ചത്