editorial
റോഡ് നികുതിക്ക് പുറമെ ടോൾ പിരിവും!
ഓരോ വാഹന ഉടമയിൽ നിന്നും സർക്കാർ റോഡ് നികുതി ഈടാക്കുന്നുണ്ട്. റോഡ്, നിർമാണ അറ്റകുറ്റപ്പണികൾക്കാണ് ഇതുപയോഗിക്കുന്നതെന്നാണ് പറയപ്പെടുന്നത്. ഇതിനു പുറമെ പിന്നെയും ഈ യാത്രക്കാരിൽ നിന്ന് ടോൾ എന്ന പേരിൽ മറ്റൊരു നികുതി ഈടാക്കുന്നതിന്റെ ന്യായമെന്താണാവോ?

ദേശീയപാതകളിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ ചില പരാമർശങ്ങൾ നടത്തുകയുണ്ടായി കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം. സുഗമമായ യാത്ര ഉറപ്പാക്കാൻ അധികൃതർക്ക് സാധിക്കുന്നില്ലെങ്കിൽ ടോൾ പിരിവ് നടത്തുന്നതിന് ന്യായീകരണമില്ലെന്നാണ് കോടതിയുടെ പക്ഷം. യാത്രാപ്രശ്‌നം ഉടനടി പരിഹരിച്ചില്ലെങ്കിൽ പാലിയേക്കരയിലെ ടോൾ നിർത്തലാക്കി ഉത്തരവിറക്കുമെന്നും ദേശീയപാത അതോറിറ്റിയെ കോടതി അറിയിച്ചു. ടോൾ നൽകുന്ന യാത്രക്കാരെ പൂർണമായും അവഗണിക്കുകയാണ് അതോറിറ്റിയെന്നും അടിപ്പാത നിർമാണഘട്ടത്തിൽ ദേശീയപാതയിൽ ഉടലെടുത്തേക്കാവുന്ന ഗതാഗതക്കുരുക്ക് മുൻകൂട്ടി കാണാതിരുന്നത് അതോറിറ്റിയുടെ വീഴ്ചയാണെന്നും ജസ്റ്റിസ് എ മുഹമ്മദ് മുശ്താഖ്, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരങ്ങുന്ന ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടി.
തൃശൂർ- ഇടപ്പള്ളി ദേശീയപാതയിൽ യാത്ര ദുഷ്‌കരമായതിനാൽ പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ പിരിവ് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ ഇടപെടൽ. ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും ഇതിനകം വൻതോതിൽ ലാഭം കൊയ്ത സാഹചര്യത്തിൽ പാലിയേക്കരയിൽ ടോൾ പിരിവ് പാടേ അവസാനിപ്പിക്കണമെന്നും ഹരജിക്കാർ ആവശ്യപ്പെടുന്നു.
അടിപ്പാത, മേൽപ്പാല നിർമാണങ്ങളെ തുടർന്ന് തൃശൂർ- ഇടപ്പള്ളി ദേശീയപാതയിൽ അടിക്കടി ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതിനാൽ അതീവ ദുഷ്‌കരമാണ് വാഹന യാത്ര. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടി സ്വീകരിക്കുന്നതിന് ദേശീയപാത അതോറിറ്റി നടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ ടോൾ പിരിവ് നിർത്തിവെക്കണമെന്ന ആവശ്യം ശക്തമാണ്. ടോൾ പിരിവ് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പാലിയേക്കരയിൽ രാഷ്ട്രീയ കക്ഷികളുടെ പ്രക്ഷോഭവും നടന്നുവരുന്നു. ഇക്കാര്യം ഏപ്രിലിൽ തൃശൂർ ജില്ലാ കലക്ടർ ദേശീയപാത അതോറിറ്റി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയും തുടർന്ന് ഗതാഗതക്കുരുക്കിന് ഉടനടി പരിഹാരം കാണുമെന്ന് അതോറിറ്റി ജില്ലാ ഭരണകൂടത്തിന് ഉറപ്പ് നൽകുകയും ചെയതു. വാഗ്ദാനം പാലിക്കുന്നതിൽ അതോറിറ്റി പരാജയപ്പെട്ട സാഹചര്യത്തിൽ പാലിയേക്കരയിൽ ടോൾ പിരിവ് വിലക്കിക്കൊണ്ട് ഏപ്രിൽ 28ന് ജില്ലാ കലക്ടർ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
ഈ ഉത്തരവിന് പക്ഷേ മണിക്കൂറുകളുടെ കാലദൈർഘ്യമേ ഉണ്ടായുള്ളൂ. ജില്ലാ കലക്ടർക്ക് ടോൾ പിരിവ് നിരോധിക്കാൻ അധികാരമില്ലെന്ന് ദേശീയപാത അതോറിറ്റി വാദമുന്നയിക്കുകയും കലക്ടറുടെ ഉത്തരവ് പിൻവലിപ്പിക്കാൻ പ്രധാനമന്ത്രി, മുഖ്യമന്ത്രി തുടങ്ങി ഉന്നത ഭരണകേന്ദ്രങ്ങളിൽ സമ്മർദം ചെലുത്തുകയും ചെയ്തു. ഉത്തരവ് പിൻവലിക്കാൻ ഉന്നതങ്ങളിൽ നിന്ന് നിർദേശം ലഭിച്ചതിനെ തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ നിരോധന ഉത്തരവ് പിൻവലിക്കേണ്ടി വന്നു കലകർക്ക്. പാതയിലെ ഗതാഗതക്കുരുക്ക് ഉടനടി പരിഹരിക്കുമെന്ന അതോറിറ്റിയുടെ ഉറപ്പിന്മേലാണ് വീണ്ടും ടോൾ പിരിവിന് അനുമതി നൽകിയതെന്നാണ് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യന്റെ ഭാഷ്യം. അതു കഴിഞ്ഞ് രണ്ടര മാസം പിന്നിട്ടെങ്കിലും പാതയിലെ ഗതാഗതക്കുരുക്ക്
തുടരുകയാണ്.
ദേശീയ, സംസ്ഥാന പാത ഉപയോഗപ്പെടുത്തുന്ന വാഹന യാത്രക്കാരിൽ നിന്ന് പിരിച്ചടുക്കുന്ന ചുങ്കം/നികുതിയാണ് ടോൾ. റോഡ് നിർമാണ, അറ്റകുറ്റ പണികളുടെ ചെലവ് തിരിച്ചുപിടിക്കുന്നതിനെന്ന പേരിലാണ് ചുങ്കം ഈടാക്കുന്നത്. അതേസമയം, ഓരോ വാഹന ഉടമയിൽ നിന്നും സർക്കാർ റോഡ് നികുതി ഈടാക്കുന്നുമുണ്ട്. റോഡ്, നിർമാണ അറ്റകുറ്റപ്പണികൾക്കാണ് ഇതുപയോഗിക്കുന്നതെന്നാണ് പറയപ്പെടുന്നത്. ഇതിനു പുറമെ പിന്നെയും ഈ യാത്രക്കാരിൽ നിന്ന് ടോൾ എന്ന പേരിൽ മറ്റൊരു നികുതി ഈടാക്കുന്നതിന്റെ ന്യായമെന്താണാവോ? മാത്രമല്ല, രാജ്യത്തെ സാധാരണക്കാരന് മാത്രമേ ടോൾ നൽകി യാത്ര ചെയ്യേണ്ടതുള്ളു. കേന്ദ്ര, സംസ്ഥാന മന്ത്രിമാർ, പാർലിമെന്റ്അംഗങ്ങൾ, ഗവർണർമാർ, സുപ്രീം കോടതി- ഹൈക്കോടതി ജഡ്ജിമാർ, സേനാമേധാവികൾ, പ്രതിരോധ വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർക്കൊന്നും ടോൾ വേണ്ട. ജനാധിപത്യത്തിന്റെ അന്തസ്സത്തക്ക് ചേരുന്നതാണോ ടോൾ പിരിവിലെ ഈ ഇരട്ടത്താപ്പ്?
കേന്ദ്ര ടോൾ പിരിവിനെ ശക്തമായി എതിർക്കുകയും അതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്തവരാണ് ഇടതുപക്ഷ പാർട്ടികൾ. റോഡ് കൊള്ളയെന്നാണ് ടോൾ പിരിവിനെ അവർ കുറ്റപ്പെടുത്തിയിരുന്നത്. ടോൾരഹിത പാതയെന്ന വാഗ്ദാനവുമായാണ് 2016ൽ പിണറായി സർക്കാർ അധികാരത്തിലേറിയതും. എന്നാൽ കിഫ്ബി വഴി നിർമിക്കുന്ന 50 കോടി രൂപയിൽ കൂടുതൽ ചെലവ് വരുന്ന റോഡുകൾക്ക് ടോൾ പിരിക്കാനുള്ള തീരുമാനത്തിലാണിപ്പോൾ സംസ്ഥാന സർക്കാർ. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഈ കൊള്ളക്ക് യൂസർഫീ എന്നാണ് പേർ നൽകിയിരിക്കുന്നത്.
തികച്ചും അശാസ്ത്രീയമാണ് നിലവിലെ ടോൾപിരിവ് രീതി. റോഡ് ഉപയോഗത്തിന്റെ തോതനുസരിച്ചോ, ഹൈവേയിൽ എത്ര ദൂരം സഞ്ചരിച്ചുവെന്ന് കണക്കാക്കിയോ അല്ല ടോൾപിരിവ്. ഹൈവേകളിൽ ഇടക്കിടെ സ്ഥാപിച്ച ടോൾ പ്ലാസ എത്തുമ്പോൾ യാത്രക്കാർ ടോൾ നൽകുന്ന രീതിയാണ് നിലവിലുള്ളത്. ഹൈവേയിൽ ടോൾ പ്ലാസ ഇല്ലാത്ത ഭാഗങ്ങളിൽ കൂടി യാത്ര ചെയ്യുന്നവർ ടോൾ നൽകേണ്ടതുമില്ല. ഈ അശാസ്ത്രീയത പരിഹരിക്കുന്നതിന് ടോൾ പിരിവ് ഹൈടെക് ആക്കാനുള്ള തീരുമാനത്തിലാണ് കേന്ദ്ര റോഡ്
മന്ത്രാലയം.
ഹൈവേയിൽ സഞ്ചരിക്കുന്ന വാഹനങ്ങളെ ഉപഗ്രഹ ട്രാക്കിംഗിലൂടെ ഓട്ടോമാറ്റിക്കായി വാഹനവുമായി ബന്ധിപ്പിച്ച ബേങ്ക് അക്കൗണ്ടുകളിലൂടെ ടോൾ പിരിക്കാനാണ് പദ്ധതി. ഈ നൂതനസംവിധാനം ജി പി എസ് വഴി വാഹനങ്ങളെ തുടർച്ചയായി ട്രാക്ക് ചെയ്യുകയും സഞ്ചരിച്ച ദൂരത്തിന്റെ അടിസ്ഥാനത്തിൽ ടോൾ നിരക്ക് സ്വയമേവ നിർണയിക്കുകയുമാണ് ചെയ്യുന്നത്. ഇതോടെ വാഹനങ്ങൾ ടോൾ പ്ലാസകളിൽ കെട്ടിക്കിടക്കുന്ന സ്ഥിതിവിശേഷം അവസാനിക്കും. സഞ്ചരിക്കുന്ന ദൂരത്തിനനുസരിച്ച് മാത്രം ടോൾ നൽകിയാലും മതിയാകും. ടോൾ പിരിവ് ഹൈടെക്കാക്കുകയല്ല, റോഡ് യാത്രക്ക് ഏർപ്പെടുത്തിയ ഇരട്ട നികുതി ഒഴിവാക്കാനുള്ള നടപടിയാണാവശ്യം.