Kerala
ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന് ഇന്ന് ഒരാണ്ട്; ഹൃദയഭൂമിയില്‍ രാവിലെ 10 ന് സര്‍വ്വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും
ഉച്ചയ്ക്ക് നടക്കുന്ന അനുസ്മരണ യോഗത്തില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുക്കും

കല്‍പ്പറ്റ| ചൂരല്‍മല – മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇന്നേക്ക് ഒരു വര്‍ഷം. ഹൃദയഭൂമിയില്‍ ഇന്ന് രാവിലെ 10 ന് സര്‍വ്വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടക്കും. ഉച്ചയ്ക്ക് നടക്കുന്ന അനുസ്മരണ യോഗത്തില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുക്കും. പുനരധിവാസത്തിലെ വീഴ്ചകള്‍ക്കെതിരെ വ്യാപാരികള്‍ ഇന്ന് പ്രതിഷേധിക്കും. യൂത്ത് കോണ്‍ഗ്രസ് രാപ്പകല്‍ സമരം തുടരുകയാണ്.
ദുരന്തത്തില്‍ 298 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് ഔദ്യോഗിക കണക്ക്. 400 ഓളം കുടുംബങ്ങളാണ് ദുരന്തത്തില്‍ ഒറ്റപ്പെട്ടത്. വയനാട്ടില്‍ രണ്ടുദിവസം തുടര്‍ച്ചയായി പെയ്ത മഴയെത്തുടര്‍ന്ന് ജുലൈ 29ന് പുഞ്ചിരിമട്ടം, അട്ടമല, മുണ്ടക്കൈ പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ജുലൈ 30ന് പുലര്‍ച്ചെ 1.40നാണ് ഉരുള്‍പൊട്ടലുണ്ടായത്. തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ പുഞ്ചിരിമട്ടം, മുണ്ടക്കൈ ഗ്രാമങ്ങള്‍ ഒലിച്ചുപോയി.രാവിലെ 4.10ന് ചുരല്‍മലയില്‍ രണ്ടാമത്തെ ഉരുള്‍പൊട്ടലുമുണ്ടായി. മുണ്ടക്കൈപ്പുഴ വഴിമാറി ഒഴുകിയുണ്ടായ വെള്ളപ്പൊക്കത്തില്‍ പുഴയ്ക്കു കുറുകെയുണ്ടായിരുന്ന പാലം തകര്‍ന്നു. വെള്ളാര്‍മല ജിവിഎച്ച്എസ്എസ് സ്‌കൂളിന്റെ ഭൂരിഭാഗവും മണ്ണിനടിയിലായി. ഗതാഗത സംവിധാനങ്ങളെല്ലാം തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി. മലവെള്ളപ്പാച്ചിലില്‍ ചാലിയാര്‍ പുഴയിലെത്തിയ മൃതദേഹങ്ങള്‍ കിലോമീറ്ററുകളോളം ഒഴുകിനടന്നു.
ഉച്ചയ്ക്ക് 12 മണിയോടെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ഇന്ത്യന്‍ സൈന്യം 24 മണിക്കൂര്‍ കൊണ്ട് ചൂരല്‍മലയേയും മുണ്ടക്കൈയേയും ബന്ധിപ്പിച്ചുകൊണ്ട് ബെയ്‌ലി പാലം നിര്‍മ്മിച്ചു. സൈന്യത്തിനും ദുരന്തനിവാരണ അതോറിറ്റിക്കും പോലിസിനും അഗ്‌നിരക്ഷാസേനയ്ക്കുമൊപ്പം യുവജന, സന്നദ്ധസംഘടനകളും ചേര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി.
ദുരന്തമുണ്ടായി ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസം പുനരധിവാസവുമായി ബന്ധപ്പെട്ട് ഒരു വീട് പോലും നിര്‍മ്മിക്കാന്‍ സാധിച്ചില്ലെന്ന വിമര്‍ശനം സര്‍ക്കാരിനെതിരെ ഉയരുന്നുണ്ട്. എന്നാല്‍ പുനരധിവാസവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒടുവില്‍ ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും വേഗത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.