Connect with us

International

ഇന്ന് അന്താരാഷ്ട്ര ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനം; വിവേചനം നമ്മെ ഇല്ലാതാക്കും

ദിനാചരണം യു എൻ ആഹ്വാന പ്രകാരം

Published

|

Last Updated

ജനീവ | ലോകം ഇന്ന് അന്താരാഷ്ട്ര ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനമായി ആചരിക്കും. യു എൻ നിർദേശ പ്രകാരം 140 രാജ്യങ്ങളാണ് പ്രഥമ ദിനാചരണത്തിന്റെ ഭാഗമാകുക. ഇസ്‌ലാമോഫോബിയാ വിരുദ്ധ ദിനമായി ആചരിക്കാൻ യു എൻ പൊതുസഭ സമവായത്തിലൂടെ തീരുമാനമെടുക്കുകയായിരുന്നു.

ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ- ഓപറേഷന് (ഒ ഐ സി) വേണ്ടി പാക്കിസ്ഥാനാണ് ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. ഇത് അംഗീകരിച്ച് എല്ലാ വർഷവും മാർച്ച് 15ന് അന്താരാഷ്ട്ര ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനമായി പ്രഖ്യാപിക്കുകയായിരുന്നു.
ന്യൂസിലാൻഡിൽ 51 പേർ കൊല്ലപ്പെട്ട ക്രൈസ്റ്റ് ചർച്ച് മസ്ജിദ് വെടിവെപ്പിന്റെ വാർഷിക ദിനം എന്ന നിലയിലാണ് മാർച്ച് 15 ദിനാചരണത്തിന് തിരഞ്ഞെടുത്തത്. 2019ൽ വെള്ളിയാഴ്ച നിസ്കാരത്തിനിടെ രണ്ട് പള്ളികളിൽ കയറിയ വെള്ളക്കാരനായ വംശീയവാദി തലങ്ങും വിലങ്ങും വെടിവെക്കുകയായിരുന്നു.

60 ഒ ഐ സി അംഗരാജ്യങ്ങളും പ്രമേയം അംഗീകരിച്ചു. തീവ്രവാദത്തെയും ഭീകരവാദത്തെയും മതവുമായോ ദേശീയതയുമായോ നാഗരികതയുമായോ വംശീയ വിഭാഗവുമായോ ബന്ധിപ്പിക്കാൻ പാടില്ലെന്ന് പ്രമേയ രേഖയിൽ വ്യക്തമാക്കുന്നു. മനുഷ്യാവകാശങ്ങളോടുള്ള ബഹുമാനവും മതങ്ങളുടെയും വിശ്വാസങ്ങളുടെയും വൈവിധ്യത്തെ അടിസ്ഥാനമാക്കി എല്ലാ തലങ്ങളിലും സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും സംസ്കാരം പ്രോത്സാഹിപ്പിക്കപ്പെടണം. അതിനുള്ള ആഗോള ചർച്ചകൾ പ്രോത്സാഹിപ്പിക്കണമെന്നും പ്രമേയ രേഖയിൽ ആവശ്യപ്പെടുന്നു.

മുസ്‌ലിംകളോടുള്ള സംശയവും വിവേചനവും പ്രത്യക്ഷമായ വെറുപ്പും “പകർച്ചവ്യാധിയുടെ തലത്തിലേക്ക്’ വ്യാപിച്ചതായി നേരത്തേ പുറത്തിറക്കിയ യു എൻ പ്രത്യേക പ്രതിനിധിയുടെ റിപോർട്ടിൽ പറയുന്നു. “അവർ ന്യൂനപക്ഷമായ രാജ്യങ്ങളിൽ സൗകര്യങ്ങളും സേവനങ്ങളും നേടുന്നതിലും തൊഴിൽ കണ്ടെത്തുന്നതിലും വിദ്യാഭ്യാസത്തിലും മുസ്‌ലിംകൾ പലപ്പോഴും വിവേചനം അനുഭവിക്കുന്നു. ദേശീയ സുരക്ഷാ വെല്ലുവിളിയുടെയും ഭീകരവാദ ഭീഷണിയുടെയും പ്രതിരൂപമെന്ന രീതിയിൽ പലയിടത്തും അവർക്കെതിരെ വിദ്വേഷ ധാരണകൾ നിലനിൽക്കുന്നു. ചില രാജ്യങ്ങളിൽ അവർക്ക് പൗരത്വമോ നിയമപരമായ കുടിയേറ്റ പദവിയോ നിഷേധിക്കപ്പെടുന്നു.

ലോകത്തെ ഇരുനൂറ് കോടി മുസ്‌ലിംകൾ മനുഷ്യത്വത്തിന്റെ മഹനീയമായ വൈവിധ്യം പ്രതിഫലിപ്പിക്കുന്നുവെങ്കിലും അവർ പലപ്പോഴും മതവിദ്വേഷത്തിനും മുൻവിധിയോടെയുള്ള ആക്രമണങ്ങൾക്കും വിധേയമാകുന്നു’വെന്നാണ്, അന്താരാഷ്ട്ര ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനം പ്രഖ്യാപിച്ചുകൊണ്ട് യു എൻ സെക്രട്ടറി ജനറൽ ടെഡ്രോസ് അദാനോ ഗബ്രിയേസസ് പറഞ്ഞത്.

“വിവേചനം നമ്മളെ ഇല്ലാതാക്കും. അതിനെതിരെ നിലകൊള്ളേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. നാം ഒരിക്കലും മതാന്ധതയുടെ കാഴ്ചക്കാരാകരുത്’- യു എൻ മേധാവി വ്യക്തമാക്കുന്നു.

ലോക ജനസംഖ്യയുടെ 24.9 ശതമാനം പ്രതിനിധാനം ചെയ്യുന്ന ഇസ്‌ലാം, ക്രിസ്തുമതം കഴിഞ്ഞാൽ ലോകത്തെ രണ്ടാമത്തെ മതമാണ്.

---- facebook comment plugin here -----

Latest