National
കര്‍ണാലില്‍ ഇന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ മഹാ പഞ്ചായത്ത്
മഹാപഞ്ചായത്ത് ചേരുന്നത് ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് മറികടന്ന്
ന്യൂഡല്‍ഹി | ഹരിയാനയിലെ കര്‍ണാലില്‍ കര്‍ഷകര്‍ക്കെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്ന് മഹാ പഞ്ചായത്ത് ചേരും. കര്‍ഷകരുടെ തല തല്ലിപൊളിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയ എസ് ഡി എമ്മിന് എതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
മരിച്ച കര്‍ഷകനും പോലീസ് ലാത്തി ചാര്‍ജില്‍ പരുക്കേറ്റ കര്‍ഷകര്‍ക്കും സഹായ ധനം നല്‍കണമെന്ന ആവശ്യം കര്‍ഷകര്‍ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ അനുകൂല തീരുമാനം സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധ സൂചകമായി ഇന്ന് മഹാ പഞ്ചായത്ത് ചേരുന്നത്. മഹാ പഞ്ചായത്തിന് ജില്ല ഭരണകൂടം അനുമതി നിഷേധിച്ചിട്ടുണ്ട്.
കൂടാതെ കര്‍ണാലടക്കം ആറ് ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.. ഇന്നലെ വൈകുന്നേരം കര്‍ഷക സംഘടനകളും ജില്ല ഭരണകൂടവും ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും ഇത് പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് മഹാ പഞ്ചായത്തുമായി മുന്നോട്ട് പോകുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. ക്രമസമാധന പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്ന് കര്‍ഷക സംഘടനകളോട് ജില്ലാ മജിസ്‌ടേറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.



