Connect with us

Articles

ചന്ദ്രന്റെ കാണാലോകത്തേക്ക്

രണ്ടാം വിക്ഷേപണത്തില്‍ സംഭവിച്ച പാളിച്ചകള്‍ പൂര്‍ണമായും പരിഹരിച്ചാണ് മൂന്നാം ദൗത്യത്തിന് ഐ എസ് ആര്‍ ഒ ഒരുങ്ങുന്നത്. ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയായാല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പേടകം സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും.

Published

|

Last Updated

‘ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം വളരെ ചെറിയ ഒരു ചുവടുവെപ്പ്, പക്ഷേ മനുഷ്യരാശിക്ക് ഇതൊരു വന്‍ കുതിച്ചു ചാട്ടമാണ്’ – 1969 ജൂലൈ 21ന് ആദ്യമായി ചന്ദ്രനില്‍ കാല് കുത്തിയ ശേഷം അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി നീല്‍ ആംസ്ട്രോംഗ് പറഞ്ഞ വാക്കുകളാണിത്. ചന്ദ്രനെന്ന വിസ്മയ ഗോളത്തെ തൊട്ടറിഞ്ഞ നിമിഷത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. പില്‍ക്കാലത്ത് മാനവരാശി കൈവരിച്ച മഹാനേട്ടങ്ങളുടെ പട്ടികയില്‍ ചന്ദ്രന്‍ കീഴടക്കിയ സംഭവവും രേഖപ്പെടുത്തപ്പെട്ടു.

ഭൂമിക്ക് പുറത്ത് മനുഷ്യന്റെ അന്വേഷണങ്ങള്‍ ഏറ്റവും കൂടുതല്‍ ചെന്നെത്തിയിട്ടുള്ള ഗോളമാണ് ചന്ദ്രന്‍. ഭൂമിക്കപ്പുറം മനുഷ്യന്റെ കാല്‍പാട് പതിഞ്ഞ ഒരേ ഒരു ഗോളവും അതുതന്നെ. അതുകൊണ്ട് തന്നെ ചന്ദ്രനെ കുറിച്ച് കൂടുതലറിയുകയെന്നത് എന്നും ബഹിരാകാശ ശാസ്ത്രജ്ഞര്‍ക്ക് കൗതുകമുള്ള കാര്യമാണ്. ഇന്ത്യയുടെ ചാന്ദ്രയാന്‍ 3 ദൗത്യം ഇന്ന് സ്വര്‍ണ നിറമുള്ള ആ ഗ്രഹത്തെ ലക്ഷ്യമിട്ട് കുതിച്ചുപായുമ്പോള്‍ മറ്റൊരു മഹാ ചരിത്രം രചിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ ബഹിരാകാശ സംഘടനയായ ഐ എസ് ആര്‍ ഒ. ചന്ദ്രന്റെ ഇതുവരെ ആരും എത്തിയിട്ടില്ലാത്ത ദക്ഷിണ ധ്രുവത്തില്‍ പേടകം സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയുള്ള പരീക്ഷണത്തിനാണ് ഇന്ത്യ തുടക്കമിടുന്നത്.

ദൂരദര്‍ശിനിയിലൂടെ ചന്ദ്രനിലെ പര്‍വതങ്ങളും ഗര്‍ത്തങ്ങളും വീക്ഷിച്ച ഗലീലിയോ ഗലീലിയില്‍ തുടങ്ങി ചന്ദ്രന്റെ വിസ്മയങ്ങള്‍ തേടിയിറങ്ങിയ ശാസ്ത്രജ്ഞരുടെ നീണ്ട നിരയുണ്ട്. ശീതസമര കാലത്ത് അമേരിക്കന്‍ ഐക്യനാടുകളിലും സോവിയറ്റ് യൂനിയനിലും ഉണ്ടായ ബഹിരാകാശ യാത്രാ മാത്സര്യമാണ് ചന്ദ്രനെ കുറിച്ചുള്ള പഠനങ്ങള്‍ക്ക് ആക്കം കൂട്ടിയതെന്ന് ചരിത്രത്താളുകളില്‍ കാണാം. 1959ല്‍ സോവിയറ്റ് യൂനിയന്റെ ആളില്ലാത്ത ശൂന്യാകാശ വാഹനമായ ലൂണ-2 ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയതാണ് ചന്ദ്രനെ തൊട്ടുള്ള പരീക്ഷണങ്ങളുടെ തുടക്കം. ഇതോടെ മനുഷ്യന്റെ സഞ്ചാര സ്വപ്നങ്ങളില്‍ ചന്ദ്രനും ഇടംപിടിച്ചു.

മനുഷ്യന്‍ ചന്ദ്രനില്‍

1966ല്‍ റഷ്യയുടെ ലൂണ-9 ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയതോടെ മനുഷ്യനെ ചന്ദ്രനിലിറക്കുകയെന്ന സ്വപ്നത്തിന് വേഗം കൈവന്നു. അമേരിക്കയുടെ ശൂന്യാകാശ ഗവേഷണ കേന്ദ്രമായ നാസയുടെ നേതൃത്വത്തിലാണ് ചന്ദ്രനെ കീഴടക്കാനുള്ള ശ്രമങ്ങള്‍ നടന്നത്. മനുഷ്യനെ ചന്ദ്രനിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ 1967ല്‍ ആരംഭിച്ച അപ്പോളോ-1 ദൗത്യം പക്ഷേ പരാജയമായിരുന്നു. 1967 ജനുവരി 27ന് ചന്ദ്രനിലേക്ക് കുതിച്ചുയര്‍ന്ന പേടകത്തിന് തീപ്പിടിച്ച് മൂന്ന് ബഹിരാകാശ യാത്രികരും മരിച്ചു. പക്ഷേ പരീക്ഷണങ്ങള്‍ അവിടെ അവസാനിച്ചില്ല.

അപ്പോളോ-4 മുതലുള്ള പരീക്ഷണങ്ങള്‍ വിജയം കൈവരിച്ചു. 1969 ജൂലൈ 21ാം തിയതി അപ്പോളോ-11 എന്ന ബഹിരാകാശ പേടകത്തിലേറി മനുഷ്യന്‍ ചന്ദ്രോപരിതലം കീഴടക്കി. നീല്‍ ആംസ്ട്രോംഗും അദ്ദേഹത്തിന്റെ സഹയാത്രികന്‍ എഡ്വിന്‍ ആല്‍ഡ്രിനുമാണ് ചന്ദ്രനില്‍ ഇറങ്ങിയത്. ഇതിനു ശേഷവും മനുഷ്യര്‍ ചന്ദ്രന്‍ കീഴടക്കി. അപ്പോളോ പരമ്പരയിലെ ആറ് വിക്ഷേപണങ്ങളില്‍ നിന്നായി ഇതുവരെ പന്ത്രണ്ട് പേര്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ടുണ്ട്. 1972 ഡിസംബറില്‍ അപ്പോളോ 17 പേടകത്തിലേറി ചന്ദ്രനില്‍ കാലുകുത്തിയ യൂജിന്‍ സെര്‍നാന്‍ ആണ് ഈ പരമ്പരയിലെ അവസാന കണ്ണി. അര നൂറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കാന്‍ ശ്രമങ്ങള്‍ വീണ്ടും സജീവമായിട്ടുണ്ട്. ‘നാസ’യുടെ ‘ആര്‍ട്ടിമിസ് പദ്ധതിയും ഇന്ത്യയുടെ ‘ഗഗന്‍യാന്‍’ പദ്ധതിയുമെല്ലാം ലക്ഷ്യമിടുന്നത് മനുഷ്യന്റെ ചന്ദ്രനിലേക്കുള്ള പ്രവേശമാണ്.

ഇന്ത്യയുടെ ചന്ദ്രന്‍

ഡോ. കസ്തൂരി രംഗന്‍ ഐ എസ് ആര്‍ ഒ ചെയര്‍മാനായ കാലത്താണ് ചന്ദ്രയാത്ര എന്ന ആശയം ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ മനസ്സിലുദിക്കുന്നത്. 2000 ഫെബ്രുവരിയില്‍ അഹമ്മദാബാദില്‍ വെച്ച് നടന്ന അസ്ട്രോണമിക്കല്‍ സൊസൈറ്റിയുടെ വാര്‍ഷിക സമ്മേളനത്തില്‍ ഇതുസംബന്ധിച്ച് സുപ്രധാന പ്രഖ്യാപനമുണ്ടായി. ചന്ദ്രന്റെ രഹസ്യങ്ങള്‍ തേടിയുള്ള ഇന്ത്യയുടെ അന്വേഷണങ്ങള്‍ക്ക് ചന്ദ്രയാന്‍ എന്ന് പേരിട്ടു. 2008ല്‍ ഇന്ത്യ ആ മഹാദൗത്യത്തില്‍ ആദ്യ ചുവടുവെച്ചു. 2008 ഒക്ടോബര്‍ 22ന് ചന്ദ്രയാന്‍ ഒന്ന് പേടകം ചന്ദ്രോപരിതലത്തില്‍ പ്രവേശിച്ചപ്പോള്‍ ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ന്നു. ഈ നേട്ടം ഇന്ത്യയെ അമേരിക്ക, റഷ്യ, ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങള്‍ക്കൊപ്പം ചാന്ദ്ര ദൗത്യത്തില്‍ ചരിത്രം കുറിച്ച നാലാമത്തെ രാജ്യമാക്കി.

ചന്ദ്രനിലെ ജലസാന്നിധ്യം കണ്ടെത്തുക എന്നതായിരുന്നു ചന്ദ്രയാന്‍ ഒന്നിലൂടെ ഇന്ത്യ ലക്ഷ്യമിട്ടത്. പത്ത് മാസം ചന്ദ്രനില്‍ കറങ്ങി നടന്ന ഓര്‍ബിറ്റര്‍ അതുസംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ ശാസ്ത്ര ലോകത്തിന് സമ്മാനിച്ചു. ഓര്‍ബിറ്ററില്‍ നിന്ന് വേര്‍പ്പെട്ട ത്രിവര്‍ണ പതാക പതിച്ച മൂണ്‍ ഇംപാക്ട് പ്രോബ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇടിച്ചിറക്കിയുള്ള പരീക്ഷണവും വിജയകരമായിരുന്നു. 2009 ആഗസ്റ്റ് 29ന് ഓര്‍ബിറ്ററുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടെങ്കിലും ഇന്ത്യയുടെ ആദ്യ ചന്ദ്ര ദൗത്യമെന്ന നിലയില്‍ ചാന്ദ്രയാന്‍ ഒന്ന് പൂര്‍ണ വിജയം നേടിയിരുന്നു.

ആദ്യ ദൗത്യം പൂര്‍ത്തിയാക്കി കൃത്യം പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ രണ്ടാം ചന്ദ്ര ദൗത്യത്തിന് ശ്രമം നടത്തിയത്. ഇത്തവണ ചന്ദ്രനില്‍ പേടകം ഇറക്കിയുള്ള വിശദമായ പഠനമായിരുന്നു ലക്ഷ്യം. പര്യവേക്ഷണ വാഹനമായ വിക്രം ലാന്‍ഡറിനെ ചന്ദ്രനില്‍ ഇടിച്ചിറക്കാതെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനായിരുന്നു പദ്ധതി. തുടര്‍ന്ന് ലാന്‍ഡറിലുള്ള പ്രഗ്യാന്‍ റോവറിനെ ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറക്കി കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുകയായിരുന്നു ഐ എസ് ആര്‍ ഒയുടെ ലക്ഷ്യം.

2019 ജൂലൈ 22ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് ജി എസ് എല്‍ വി മാര്‍ക്ക് 3 റോക്കറ്റിലേറി ചന്ദ്രയാന്‍ രണ്ട് പേടകം കുതിച്ചു. പേടകം ലക്ഷ്യത്തിലെത്തിയെങ്കിലും വിക്രം ലാന്‍ഡറിനെ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിക്കാനുള്ള ശ്രമം കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായി. 2019 സെപ്തംബര്‍ ഏഴിന് പുലര്‍ച്ചെ ചന്ദ്രനെ തൊട്ടു തൊട്ടില്ല എന്ന നിലയില്‍ വിക്രം ലാന്‍ഡര്‍ എത്തിനില്‍ക്കേ, ദൗര്‍ഭാഗ്യവശാല്‍ ഓര്‍ബിറ്ററുമായുള്ള ലാന്‍ഡറിന്റെ ബന്ധം നഷ്ടമായി. വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങി. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ ഉയരത്തില്‍ വെച്ചാണ് ഇത് സംഭവിച്ചത്. സോഫ്റ്റ് ലാന്‍ഡിംഗ് ശ്രമം പരാജയപ്പെട്ടുവെങ്കിലും അതുവരെയുള്ള മുഴുവന്‍ ചുവടിലും സമ്പൂര്‍ണ നേട്ടം കൈവരിച്ചതിനാല്‍ രണ്ടാം ചാന്ദ്ര ദൗത്യം പൂര്‍ണ പരാജയമാണെന്ന് പറയാനാകില്ല. സോഫ്റ്റ് വെയര്‍ തകരാറാണ് അവസാന നിമിഷത്തില്‍ ഇന്ത്യന്‍ ദൗത്യത്തിന് തിരിച്ചടിയായതെന്ന് ഐ എസ് ആര്‍ ഒ പിന്നീട് കണ്ടെത്തി.

ചന്ദ്രന്റെ 100 കിലോമീറ്റര്‍ അടുത്തുവരെ ഭ്രമണം നടത്തിയ ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്റര്‍ ചന്ദ്രന്റെ തെളിമയാര്‍ന്ന ചിത്രങ്ങള്‍ പകര്‍ത്തി ഭൂമിയിലേക്ക് അയച്ചു. ചന്ദ്രനെ കുറിച്ചുള്ള പല ശാസ്ത്രീയ വിവരങ്ങളും അത് ശാസ്ത്രജ്ഞര്‍ക്ക് സമ്മാനിച്ചു.

ചന്ദ്രയാന്‍ മൂന്ന്

ചന്ദ്രയാന്‍ രണ്ട് ദൗത്യം കഴിഞ്ഞ് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയുടെ മൂന്നാം ചന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ മൂന്ന് ഇന്ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ വിക്ഷേപണത്തറയില്‍ നിന്ന് കുതിച്ചുയരുകയാണ്. ഉച്ചക്ക് 2.35ന് എല്‍ വി എം 3 റോക്കറ്റിലേറി ചന്ദ്രയാന്‍ മൂന്ന് യാത്ര തുടങ്ങും. അര മണിക്കൂറിനുള്ളില്‍ എല്‍ വി എം 3 പേടകത്തെ ഭൂമിക്ക് ചുറ്റുമുള്ള താത്കാലിക ഭ്രമണപഥത്തില്‍ എത്തിക്കും. തുടര്‍ന്ന് പടിപടിയായി ഭ്രമണപഥം ഉയര്‍ത്തി പേടകത്തെ ചന്ദ്രനിലേക്ക് തൊടുത്തുവിടും.

ദീര്‍ഘ യാത്രക്ക് ശേഷം ആഗസ്റ്റ് അവസാന വാരം പേടകം ചാന്ദ്രപ്രതലത്തിന് 100 കിലോമീറ്റര്‍ അരികിലേക്ക് എത്തും. ഭ്രമണപഥം വിട്ട് കഴിഞ്ഞാല്‍ 20 മിനുട്ട് കൊണ്ട് ലാന്‍ഡ് ചെയ്യിക്കാനാണ് ശാസ്ത്രജ്ഞരുടെ പദ്ധതി. ഇതനുസരിച്ച് ആഗസ്റ്റ് 23നോ 24നോ ലാന്‍ഡറിനെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യിക്കാനാകുമെന്നാണ് കരുതുന്നത്.

ചന്ദ്രയാന്‍ രണ്ടില്‍ ഉപയോഗിച്ച ജി എസ് എല്‍ വി മാര്‍ക്ക് 3 റോക്കറ്റിന്റെ കരുത്തുറ്റതും പരിഷ്‌കരിച്ചതുമായ പതിപ്പാണ് ചാന്ദ്രയാന്‍ 3 വിക്ഷേപണത്തിന് ഉപേയാഗിക്കുന്ന എല്‍ വി എം 3. തിരുവനന്തപുരം വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രമാണ് ഈ റോക്കറ്റ് വികസിപ്പിച്ചത്. ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് 4,000 കിലോയിലധികമുള്ള ഉപഗ്രഹങ്ങളെയും താഴ്ന്ന ഭ്രമണപഥത്തിലേക്ക് 10,000 കിലോയുള്ള ഉപഗ്രഹങ്ങളെയും വിക്ഷേപിക്കാന്‍ ശേഷിയുള്ള എല്‍ വി എം 3ക്ക് 43 മീറ്റര്‍ നീളവും നാല് മീറ്റര്‍ വ്യാസവും 640 മെട്രിക് ടണ്‍ ഭാരവുമുണ്ട്.

ചന്ദ്രനില്‍ ഇറങ്ങാന്‍ പോകുന്ന ലാന്‍ഡര്‍ മൊഡ്യൂള്‍, ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കാന്‍ ലക്ഷ്യമിടുന്ന റോവര്‍, ലാന്‍ഡറിനെ ചാന്ദ്ര ഭ്രമണപഥം വരെയെത്തിക്കാന്‍ സഹായിക്കുന്ന പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ എന്നിങ്ങനെ മൂന്ന് ഘടകങ്ങളാണ് ചന്ദ്രയാന്‍ മൂന്നിനുള്ളത്. ഓര്‍ബിറ്റര്‍ അഥവാ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ കാര്യമായ ശാസ്ത്ര ഗവേഷണ ഉപകരണങ്ങള്‍ ഇത്തവണ ഉള്‍പ്പെടുത്തിയിട്ടില്ല. ചന്ദ്രയാന്‍ രണ്ടിന്റെ ഓര്‍ബിറ്റര്‍ ഇപ്പോഴും പ്രവര്‍ത്തന സജ്ജമായതിനാല്‍ അതിനെ കൂടി മൂന്നാം ദൗത്യത്തിന്റെ ഭാഗമാക്കാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.

നാല് പേലോഡുകള്‍ വഹിക്കുന്ന ലാന്‍ഡറാണ് വിക്ഷേപണത്തിലെ ഏറ്റവും നിര്‍ണായകമായ ഘടകം. ലാന്‍ഡറാണ് ചാന്ദ്ര ഉപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുക. മെച്ചപ്പെട്ട സെന്‍സറുകളും കരുത്തുറ്റ കാലുകളും സംവിധാനിച്ച് ലാന്‍ഡറിനെ ഐ എസ് ആര്‍ ഒ കൂടുതല്‍ കരുത്തുറ്റതാക്കിയിട്ടുണ്ട്. ലാന്‍ഡറില്‍ ഒളിച്ചിരിക്കുന്ന റോവര്‍ എന്ന കുഞ്ഞന്‍ റോബോട്ടാണ് ശാസ്ത്രലോകത്തിന് നിര്‍ണായകമായ വിവരങ്ങള്‍ നല്‍കാന്‍ പോകുന്നത്. 26 കിലോഗ്രം മാത്രമാണ് ഇതിന്റെ ഭാരം. ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിക്കഴിഞ്ഞാല്‍ അതിനുള്ളില്‍ നിന്ന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്ന റോവര്‍ ചന്ദ്രന്റെ കാണാലോകത്തേക്ക് നമ്മളെ നയിക്കും. ചന്ദ്രന്റെ മണ്ണിനെക്കുറിച്ച് പഠിക്കാനുള്ള ലേസര്‍ ഇന്‍ഡ്യൂസ്ഡ് ബ്രേക്ക് ഡൗണ്‍ സ്പെക്ട്രോസ്‌കോപ്പും ചന്ദ്രനിലെ മൂലക സാന്നിധ്യം പഠിക്കാനുള്ള ആല്‍ഫ പാര്‍ട്ടിക്കിള്‍ എക്സ് റേ സ്പെക്ട്രോ മീറ്ററും ഈ റോവറിലുണ്ട്.

ഒരു ചാന്ദ്ര പകല്‍, അഥവാ ഭൂമിയിലെ കണക്ക് പ്രകാരം 14 ദിവസമാണ് റോവറിന്റെ പ്രവര്‍ത്തന സമയം. ഈ പതിനാല് ദിവസങ്ങള്‍ വിജയകരമായി പിടിച്ചുനില്‍ക്കാനായാല്‍ ചാന്ദ്രയാന്‍ മൂന്ന് ദൗത്യം മഹാവിജയമായി മാറും.

ലക്ഷ്യങ്ങള്‍

ലാന്‍ഡറടക്കമുള്ള പരീക്ഷണ ഉപകരണങ്ങളെ സുരക്ഷിതമായി ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യിക്കാനുള്ള ശേഷി നേടുക, ചന്ദ്രോപരിതലത്തില്‍ സഞ്ചരിക്കാനും വിവരങ്ങള്‍ ശേഖരിക്കാനും അവ ഭൂമിയിലേക്ക് അയക്കാനുമുള്ള റോവറിന്റെ ശേഷി പരിശോധിക്കുക, ഇതിനായി ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകള്‍, നാവിഗേഷന്‍, ആശയവിനിമയ സംവിധാനങ്ങള്‍ എന്നിവയുടെ പരിശോധന തുടങ്ങിയവയാണ് ചന്ദ്രയാന്‍ മൂന്നിന്റെ ലക്ഷ്യങ്ങള്‍. ചന്ദ്രനിലെ ജലസാന്നിധ്യം, മണ്ണിന്റെ ഘടന, സ്വാഭാവിക മൂലകങ്ങളുടെ അളവും വിന്യാസവും തുടങ്ങിയവയെ കുറിച്ച് പഠിക്കലും ഈ മിഷന്റെ ലക്ഷ്യങ്ങളില്‍ പെടുന്നു. ഭൂചലനം പോലെ ചന്ദ്രനില്‍ അടിക്കടിയുണ്ടാകുന്ന ചലനപ്രതിഭാസങ്ങളെ വിലയിരുത്തി ഭാവി ദൗത്യങ്ങള്‍ക്കുള്ള വിവര ശേഖരണം നടത്താനും ശാസ്ത്രജ്ഞര്‍ ലക്ഷ്യമിടുന്നുണ്ട്.

രണ്ടാം വിക്ഷേപണത്തില്‍ സംഭവിച്ച പാളിച്ചകള്‍ പൂര്‍ണമായും പരിഹരിച്ചാണ് മൂന്നാം ദൗത്യത്തിന് ഐ എസ് ആര്‍ ഒ ഒരുങ്ങുന്നത്. ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയായാല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പേടകം സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും. അമേരിക്കയും റഷ്യയും ചൈനയുമാണ് ചന്ദ്രനില്‍ മുന്പ് പേടകം ഇറക്കിയത്. എന്നാല്‍ ഇവരൊന്നും എത്തിപ്പെട്ടിട്ടില്ലാത്ത ദക്ഷിണ ധ്രുവത്തിന്റെ രഹസ്യങ്ങളെ തേടിയാണ് ഇന്ത്യയുടെ യാത്ര. നിഴല്‍ മൂടപ്പെട്ട ദക്ഷിണധ്രുവത്തെ ലോകത്തിന് മുന്നില്‍ അനാവരണം ചെയ്യുന്നതില്‍ ഇന്ത്യ വിജയിച്ചാല്‍ ലോകം മുഴുവന്‍ ഇന്ത്യയെ ഓര്‍ത്ത് അഭിമാനിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

എഡിറ്റർ ഇൻ ചാർജ്, സിറാജ്‍ലെെവ്. 2003ൽ പ്രാദേശിക ലേഖകനായി സിറാജ് ദിനപത്രത്തിൽ പത്രപ്രവർത്തനം തുടങ്ങി. 2006 മുതൽ കോഴിക്കോട് ഡെസ്കിൽ സബ് എഡിറ്റർ. 2010ൽ മലപ്പുറം യൂണിറ്റ് ചീഫായി സേവനമനുഷ്ടിച്ചു. 2012 മുതൽ സിറാജ്‍ലെെവിൽ എഡിറ്റർ ഇൻ ചാർജായി പ്രവർത്തിച്ചുവരുന്നു.

Latest