National
പശ്ചിമ ബംഗാളില്‍ സര്‍ക്കാരിനെതിരെ ടി എം സി പ്രക്ഷോഭത്തിന്; കേന്ദ്ര ഭരണത്തില്‍ നിന്ന് ബി ജെ പിയെ പുറത്താക്കുമെന്ന് മമത
വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനും ബുള്‍ഡോസര്‍ സംസ്‌കാരത്തിനും ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ക്കുമെതിരെ നാളെ കൊല്‍ക്കത്തയിലും പരിസര പ്രദേശങ്ങളിലും പ്രതിഷേധ പരിപാടി.
കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ ബി ജെ പി സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസ്സ് (എ ഐ ടി സി). വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനും ബുള്‍ഡോസര്‍ സംസ്‌കാരത്തിനും ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ക്കുമെതിരെ നാളെ (മെയ് 21, വ്യാഴം) കൊല്‍ക്കത്തയിലും പരിസര പ്രദേശങ്ങളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പാര്‍ട്ടി അറിയിച്ചു. ഹൗറ സ്‌റ്റേഷന്‍, സീല്‍ദാ സ്റ്റേഷന്‍, ബല്ലിഗഞ്ച് എന്നിവിടങ്ങളിലാണ് പ്രതിഷേധം നടത്തുക.
തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ 15 വര്‍ഷം നീണ്ട ഭരണം അവസാനിപ്പിച്ച് 207 സീറ്റ് നേടി ബി ജെ പി അധികാരത്തില്‍ വന്നതിനു ശേഷം സംസ്ഥാനത്ത് കടുത്ത രാഷ്ട്രീയ സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇതിനു പിന്നാലെയാണ് ടി എം സിയുടെ പ്രതിഷേധം. തിരഞ്ഞെടുപ്പില്‍ ടി എം സിക്ക് 80 സീറ്റ് മാത്രമാണ് നേടാന്‍ കഴിഞ്ഞിരുന്നത്.
ന്യൂനപക്ഷ സമുദായങ്ങളും തെരുവ് കച്ചവടക്കാരും ബി ജെ പി ഭരണത്തില്‍ അരക്ഷിതാവസ്ഥയിലാണെന്ന് ഇന്നലെ കാലിഘട്ടില്‍ നടന്ന ടി എം സി എം എല്‍ എമാരുടെ യോഗത്തില്‍ പാര്‍ട്ടി അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി ആരോപിച്ചിരുന്നു. ഭരണഘടനാപരമായ ആശയങ്ങളെയും മൂല്യങ്ങളെയും ഈ സര്‍ക്കാര്‍ പിച്ചിച്ചീന്തുകയാണെന്ന് മമത പറഞ്ഞു. കേന്ദ്ര ഭരണത്തില്‍ നിന്ന് ബി ജെ പിയെ താഴെയിറക്കുമെന്നും അവര്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കിടയിലും ബി ജെ പിക്കെതിരായ പാര്‍ട്ടിയുടെ രാഷ്ട്രീയ പോരാട്ടം തുടരുമെന്ന് ടി എം സി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയും യോഗത്തില്‍ വ്യക്തമാക്കി.
‘ഭയപ്പെടുത്താമെന്ന് ബി ജെ പി സര്‍ക്കാര്‍ കരുതേണ്ട. എന്റെ വീട് തകര്‍ക്കുകയോ, നോട്ടീസ് അയക്കുകയോ എന്തുവേണമെങ്കിലും അവര്‍ ചെയ്യട്ടെ. എന്നാല്‍, ഇതുകൊണ്ടൊന്നും തലകുനിക്കില്ല. എന്തുതന്നെ വന്നാലും ബി ജെ പിക്കെതിരായ എന്റെ പോരാട്ടം തുടരും.’-അഭിഷേക് വ്യക്തമാക്കി. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയെന്ന് ആരോപിച്ച് ബിദ്ധന്‍നഗര്‍ നോര്‍ത്ത് സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷനില്‍ അഭിഷേകിനെതിരെ എ എഫ് ഐര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ദക്ഷിണ കൊല്‍ക്കത്തയിലെ അഭിഷേക് ബാനര്‍ജിയുടെ വീടിന്റെ ഭാഗങ്ങള്‍ പൊളിച്ച് മാറ്റാന്‍ നേരത്തെ കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പറേഷന്‍ നോട്ടീസ് അയച്ചിരുന്നു.







