Connect with us

International

മോദിയെ 'പാമ്പാട്ടി'യായി ചിത്രീകരിച്ചുള്ള കാര്‍ട്ടൂണ്‍; പ്രതിഷേധം വ്യാപകം

'ആഫ്റ്റന്‍പോസ്റ്റന്‍' എന്ന നോര്‍വേയിലെ പ്രമുഖ പത്രം പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ ആണ് വന്‍ വിവാദമായത്.

Published

|

Last Updated

ഓസ്‌ലോ | ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘പാമ്പാട്ടി’യായി ചിത്രീകരിച്ച് നോര്‍വേ പത്രം കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതില്‍ വ്യാപക വിമര്‍ശനം. ‘ആഫ്റ്റന്‍പോസ്റ്റന്‍’ എന്ന നോര്‍വേയിലെ പ്രമുഖ പത്രം പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ ആണ് വന്‍ വിവാദമായത്. അഞ്ച് രാജ്യങ്ങളിലെ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി നോര്‍വേയിലെത്തിയ മോദിയെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ളതാണ് കാര്‍ട്ടൂണ്‍.

മോദിയെ ഒരു ‘പാമ്പാട്ടി’യായി ചിത്രീകരിക്കുകയും പാമ്പിന് പകരം ഒരു പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കുന്ന പൈപ്പ് കൈകളില്‍ പിടിച്ചിരിക്കുന്നതുമാണ് കാര്‍ട്ടൂണിലുള്ളത്. ‘ഇന്ത്യയുടെ വിദേശനയവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ ഫ്രാങ്ക് റോസാവിക് എഴുതിയ ലേഖനത്തിനൊപ്പമാണ് കാര്‍ട്ടൂണ്‍ നല്‍കിയത്. ഇന്ത്യയെ ദരിദ്രവും അന്ധവിശ്വാസങ്ങള്‍ നിറഞ്ഞതുമായ നാടായി മാത്രം കാണുന്ന പാശ്ചാത്യ മാധ്യമങ്ങളുടെ കൊളോണിയല്‍ മനോഭാവത്തിന് തെളിവാണ് ഇതെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ആരോപണമുയര്‍ന്നിട്ടുള്ളത്.

ഓസ്ലോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ദാഗ്‌സവിസെന്‍’ പത്രത്തിലെ ഹെല്ലെ ലിംഗ് എന്ന വനിതാ മാധ്യമപ്രവര്‍ത്തക പ്രധാനമന്ത്രി മോദിക്ക് നേരെ ചോദ്യം ഉന്നയിച്ചതോടെയാണ് വിവാദങ്ങള്‍ തുടങ്ങിയത്. നോര്‍വേ പ്രധാനമന്ത്രി യോനാസ് ഗാഹര്‍ സ്റ്റോറുമായി നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിന് ശേഷം ഇരുനേതാക്കളും മടങ്ങവേയാണ് ലോകത്തിലെ ഏറ്റവും സ്വാതന്ത്ര്യമുള്ള മാധ്യമങ്ങളോട് സംസാരിക്കാന്‍ താങ്കള്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്നായിരുന്നു മോദിയോടുള്ള ചോദ്യം. ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം, മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവയെ കുറിച്ചും അവര്‍ ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍, ഈ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ നേതാക്കള്‍ തയ്യാറായിരുന്നില്ല. ഹെല്ലെ ലിംഗ് ഈ ദൃശ്യങ്ങള്‍ എക്‌സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ചു. ഇതോടെ അന്താരാഷ്ട്ര തലത്തില്‍ ഇത് വലിയ ചര്‍ച്ചക്ക് വഴിയൊരുക്കി. ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ നോര്‍വേ ഒന്നാം സ്ഥാനത്തും ഇന്ത്യ 157-ാം സ്ഥാനത്തുമാണെന്ന് ഹെല്ലെ ലിംഗ് ഓര്‍മിപ്പിക്കുകയും ചെയ്തു. ഇതിനിടയിലാണ് മോദിയെ പരിഹസിക്കുന്ന കാര്‍ട്ടൂണ്‍ ആഫ്റ്റന്‍പോസ്റ്റന്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ചത്.

Latest