Kerala
കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള അഞ്ചുചാക്ക് അരി കവര്‍ന്ന അസം സ്വദേശി പിടിയില്‍
കോതപറമ്പ് വി വി യു പി സ്‌കൂളിലാണ് കവര്‍ച്ച നടത്തിയ ആസം ഗായ് ജില്ല സ്വദേശി താജുദ്ദീനെ (38) ആണ് അറസ്റ്റിലായത്
തൃശൂര്‍ | സ്‌കൂള്‍ അടുക്കളയുടെ സ്റ്റോര്‍ റൂമില്‍ നിന്ന് അഞ്ചു ചാക്ക് അരി കവര്‍ന്ന അസം സ്വദേശി അറസ്റ്റില്‍. ആസം ഗായ് ജില്ല സ്വദേശിയും നിലവില്‍ വെമ്പല്ലൂര്‍ വാഴൂര്‍ ക്ഷേത്രത്തിന് സമീപത്തെ താമസക്കാരനുമായ താജുദ്ദീനെ (38) ആണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ അതിക്രമിച്ച് കയറി സ്റ്റോര്‍ റൂമിന്റെയും അടുക്കളയുടെയും പൂട്ട് പൊളിച്ച് കറിക്കത്തി മുതല്‍ അരി വരെ കവര്‍ന്നു. കോതപറമ്പ് വി വി യു പി സ്‌കൂളിലാണ് കവര്‍ച്ച നടന്നത്. സ്‌കൂള്‍ സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന 50 കിലോ വീതമുള്ള അഞ്ചു ചാക്ക് അരിയും ഉച്ചഭക്ഷണ പാചകത്തിനും വിതരണത്തിനുമായി സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള പാത്രങ്ങളും ഉള്‍പ്പെടെ ഒരു ലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങളാണ് ഇയാള്‍ കവര്‍ന്നത്.
കുടുംബത്തോടൊപ്പം വെമ്പല്ലൂര്‍ ഭാഗത്ത് താമസിച്ച് ആക്രി സാധനങ്ങള്‍ പെറുക്കി ജീവിച്ചു വരികയായിരുന്നു താജുദ്ദീന്‍. കവര്‍ച്ചയെ തുടര്‍ന്നു പോലീസ് നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ് പ്രതി വലയിലായത്. ഇയാളുടെ താമസസ്ഥലത്തുനിന്ന് കവര്‍ന്നതില്‍ പെട്ട 99.700 കിലോഗ്രാം അരി പോലീസ് കണ്ടെടുത്തു.മതിലകം പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ രജീഷ്, എസ് ഐ നസിയ, എം ഷാഹിബ്, എസ് ഐ സജീവ്, എസ് ഐ രാജി, എ എസ് ഐ പ്രജീഷ്, എസ് സി പി ഒ സനീഷ്, സി പി ഒ മാരായ സബീഷ്, ബിനില്‍, മിഥുന്‍, മുഹമ്മദ് സന്‍സില്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Content Highlights:
Mathilakam police arrested Tajuddin, an Assam native, for a major theft at Kothaparambu VVUP School in Thrissur. The accused broke open the school kitchen store room and stole five sacks of rice and valuable utensils worth one lakh rupees. Police recovered nearly 100 kg of stolen rice from his residence.




