Connect with us

Kerala

വയറുവേദനയുമായി കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച മൂന്ന് വയസുകാരി മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം

കുട്ടിക്ക് ഹൃദയാഘാതം സംഭവിച്ചതാണ് പെട്ടെന്നുള്ള മരണത്തിന് കാരണമായതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്

Published

|

Last Updated

കോട്ടയം \  കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വയറുവേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മൂന്നുവയസുകാരി മരിച്ചു. കട്ടപ്പന ഇടുക്കികവല കളിയ്ക്കല്‍ വീട്ടില്‍ വിഷ്ണു സോമന്റെ മകള്‍ ഏക അപര്‍ണ്ണികയാണ് മരിച്ചത്. ഇതിനിടെ, കുട്ടിയുടെ മരണത്തിന് കാരണം ചികിത്സാപിഴവാണെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. ചൊവാഴ്ച രാവിലെ 8.30ഓടെയാണ് കുട്ടി മരണപ്പെട്ടത്.

ഞായറാഴ്ച ൈവകീട്ട് കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ സ്ഥിതി ഗുരുതരമായതോടെ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടോടെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

കഠിനമായ വയറുവേദനയെതുടര്‍ന്ന് ഈമാസം 11ന് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. പ്രാഥമിക ചികിത്സയും പരിശോധനയും നടത്തിയ ശേഷം കാര്യമായ കുഴപ്പമില്ലെന്ന് നിര്‍ദേശിച്ച് ആശുപത്രി അധികൃതര്‍ മടക്കിയതായി മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍, വീട്ടിലെത്തി മരുന്ന് കഴിച്ചിട്ടും കുട്ടിയുടെ അസുഖത്തിന് കുറവുണ്ടായിരുന്നില്ല. ഞായറാഴ്ച വീടിന് സമീപത്തെ ആശുപത്രിയില്‍ കാണിച്ചു. വേദന കഠിനമായതോടെ ഞായറാഴ്ച വൈകിട്ടോടെ കുട്ടിയെ കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ എത്തിച്ച കുട്ടിക്ക് ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്ന് കുട്ടിയുെട അമ്മ പറഞ്ഞു. കുട്ടിക്ക് ഡ്രിപ്പ് ഇട്ടെങ്കിലും രാവിലെ ഏഴു മണിയായിട്ടും ഇതിന്റെ പകുതിപോലും തീര്‍ന്നില്ല. ഇതോടെ നഴ്സിങ് സ്റ്റേഷനിലത്തി പരാതിപ്പെട്ടെങ്കിലും ഇവര്‍ തിരിഞ്ഞ് നോക്കിയില്ലെന്നും ഇവര്‍ പറയുന്നു.

ചൊവാഴ്ച രാവിലെ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ സ്ഥിതി ഗുരുതരമാണെന്ന് കണ്ടതോടെ വേഗത്തില്‍ ഐ.സി.യുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനുപിന്നാലെ മരണം സംഭവിക്കുകയായിരുന്നു. എന്നാല്‍, കുട്ടിക്ക് ഹൃദയാഘാതം സംഭവിച്ചതാണ് പെട്ടെന്നുള്ള മരണത്തിന് കാരണമായതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കുട്ടിക്ക് ഭക്ഷ്യ വിഷബാധയേറ്റതായുള്ള സംശയം ഡോക്ടര്‍മാര്‍ പ്രകടിപ്പിച്ചിരുന്നതായും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. ഇവര്‍ കട്ടപ്പന പൊലീസില്‍ പരാതി നല്‍കി. മാതാവ്: ആഷ. സഹോദരി: ശ്രീരുദ്ര പ്രിയ (മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി).

---- facebook comment plugin here -----