Connect with us

interview

എഴുത്ത് തുടരുന്നവർ സാഹസികർ

ആദ്യ കഥയുടെ പിറവി കൃത്യമായി ഓർക്കുന്നില്ല. നാലാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിലെ ഇന്റർവെൽ സമയത്ത് ഒരു കൂട്ടുകാരനും ഞാനും കൂടെ ഒരു ചിത്രശലഭത്തെ പിച്ചിച്ചീന്തി. നാലുമണി നേരത്ത് അതിന്റെ ചിറകുകൾ ചോനനുറുമ്പുകൾ വലിച്ചുകൊണ്ടുപോകുന്നത് കണ്ടപ്പോൾ എനിക്ക് ഭയങ്കര സങ്കടം തോന്നി. ആ കുറ്റബോധത്തിൽ നോട്ടുബുക്കിൽ ഒരു ചിത്രശലഭത്തിന്റെ മരണം എന്ന പേരിൽ ഒരു കഥയെഴുതിയതായാണ് ഓർമ.

Published

|

Last Updated

? ജേക്കബ് എബ്രഹാം തന്റെ എത്രാമത്തെ വയസ്സിലാണ് ആദ്യ കഥ എഴുതുന്നത്? അതിനും മുമ്പ് ജേക്കബ് എന്ന കുട്ടിയുടെ വായനയും വീടുമായി ബന്ധപ്പെട്ട ഓർമകളെന്തൊക്കെയാണ്

ആദ്യ കഥയുടെ പിറവി കൃത്യമായി ഓർക്കുന്നില്ല. നാലാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിലെ ഇന്റർവെൽ സമയത്ത് ഒരു കൂട്ടുകാരനും ഞാനും കൂടെ ഒരു ചിത്രശലഭത്തെ പിച്ചിച്ചീന്തി. നാലുമണി നേരത്ത് അതിന്റെ ചിറകുകൾ ചോനനുറുമ്പുകൾ വലിച്ചുകൊണ്ടുപോകുന്നത് കണ്ടപ്പോൾ എനിക്ക് ഭയങ്കര സങ്കടം തോന്നി. ആ കുറ്റബോധത്തിൽ നോട്ടുബുക്കിൽ ഒരു ചിത്രശലഭത്തിന്റെ മരണം എന്ന പേരിൽ ഒരു കഥയെഴുതിയതായാണ് ഓർമ. വീടും നാടുമാണ് എനിക്ക് കഥകൾ തന്നത്. പത്തനംതിട്ട ജില്ലയിലെ മലയോരഗ്രാമമായ വെള്ളപ്പാറയിലാണ് വീട്. ഓലക്കൂരയിലാണ് പിറന്നുവീണത്. അപ്പന് കൂലിപ്പണിയായിരുന്നു. റബ്ബർതോട്ടങ്ങളും മലനിരകളും നാട്ടുവഴികളും ഇടത്തോടുകളും നിറഞ്ഞ ഭൂപ്രകൃതിയിലാണ് വളർന്നത്. വീട്ടിലാകട്ടെ കടുത്ത ദാരിദ്ര്യമായിരുന്നു. പിന്നീടാണ് അപ്പൻ ഗൾഫിൽ പോകുന്നത്. വീട്ടിൽ പത്രം പോലും വരുത്താനുള്ള സാഹചര്യമില്ലായിരുന്നു. അയൽപക്കത്തെ പേർഷ്യക്കാരൻ അപ്പച്ചന്റെ വീട്ടിൽ നിന്നാണ് പത്രവും സോവിയറ്റ് മാസിക ഉൾപ്പെടെയുള്ളവ കാണുന്നതും വായിക്കുന്നതും. ആ ധനികവീടിനുള്ളിലെ ഹോം ലൈബ്രറി എന്നെ ഭാവനയുടെ സ്വർഗകവാടത്തിലേക്ക് കടത്തിവിട്ടു.

? പിന്നീട്, താങ്കൾ മുതിർന്നതിനു ശേഷം ആദ്യമായെഴുതിയ ഒരു കഥ വലിയ ഒച്ചപ്പാടും വിവാദവുമായെന്നും ഇത് താങ്കളെ വല്ലാതെ വേദനിപ്പിച്ചെന്നും എന്നാൽ ആ വർഷത്തെ മികച്ച കലാലയ അവാർഡ് ഈ കഥക്ക് കിട്ടിയപ്പോൾ വേദനകൾ പമ്പ കടന്നെന്നും കേട്ടിരുന്നു. വാസ്തവത്തിൽ എന്തായിരുന്നു ആ കഥ

നാട്ടിലെ ചെറുപ്പക്കാരുടെ കുത്തിയിരുപ്പ് കേന്ദ്രമായ ഫോട്ടോ സ്റ്റുഡിയോയെ മുൻനിർത്തി എഴുതിയ കഥയാണ് നകുലൻ കരുണാകരന്റെ പാസ്സ്‌പോർട്ട് സൈസ് തലയും ഒരു ഫോട്ടോഗ്രാഫറുടെ മുറിയും. ഫോട്ടോഗ്രാഫുകൾ പരസ്പരം സംസാരിക്കുന്നതാണ് കഥയുടെ തീം. ഈ കഥക്ക് മുട്ടത്തുവർക്കി കലാലയ കഥാ അവാർഡ് ലഭിച്ചു. ക്യാമ്പസ്സുകളിൽ കഥ ചർച്ചയായി. അതോടെ നമ്മുടെ ഫോട്ടോഗ്രാഫർക്ക് എന്നോട് വിരോധമായി. അദ്ദേഹത്തിന് വേദനിക്കുന്നതൊന്നും കഥയിലുണ്ടായിരുന്നില്ല. ഇതെന്നെ വല്ലാതെ സങ്കടപ്പെടുത്തി. വ്യാപകമായി ചർച്ചചെയ്യപ്പെട്ട ആദ്യത്തെ കഥയും ഇതുതന്നെയാണ്.

? ഒരമ്മക്ക് തന്റെ എല്ലാ മക്കളും പ്രിയപ്പെട്ടവരാണെന്നു പറയാറുണ്ട്. പക്ഷേ, കഥകളിൽ അങ്ങനെയല്ല. “ശ്വാസഗതി’യോട് താങ്കൾക്ക് പ്രത്യേക താത്പര്യമില്ലേ? അതിന്റെ രചനാ പശ്ചാത്തലത്തെ കുറിച്ചു പറയാമോ?

എഴുത്ത് നിലച്ച് റെറ്റേഴ്‌സ് ബ്ലോക്കിന്റെ പിടിയിൽ വീണതിന് ശേഷമാണ് ആദ്യ കഥാസമാഹാരമായ റ്റാറ്റുവിന്റെ പിറവി. കഥാമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കഥ ഉൾപ്പെടെയുള്ള കഥകൾ തുന്നിച്ചേർത്ത് ഒരു കഥാസമാഹാരമാക്കാൻ ജീവിത പങ്കാളിയും എഴുത്തുകാരിയുമായ വീണയുടെ സ്‌നേഹനിർദേശമായിരുന്നു. ഉപേക്ഷിച്ച എഴുത്തിലേക്കും അതിന്റെ മനഃശല്യങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കുകയായിരുന്നു ഞാൻ. ഒടുവിൽ സമാന്തരപ്രസാധന രംഗത്തെ തുടക്കക്കാരായ സൈൻ ബുക്സ് പുസ്തകമിറക്കാമെന്ന് പറഞ്ഞു. റ്റാറ്റു എന്ന കഥാസമാഹാരം പുറത്തിറങ്ങി. തോക്ക് ഉൾപ്പെടെ എന്റെ മികച്ച കഥകളുടെ സമാഹാരമായിരുന്നു ഇത്. കേരള സാഹിത്യ അക്കാദമി ഗീതാ ഹിരണ്യൻ പുരസ്‌കാരവും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കാരൂർ പുരസ്കാരവും ഈ കഥാസമാഹാരത്തിന് ലഭിച്ചു.

? ആദ്യ കഥ പോലെ തന്നെ എഴുത്തുകാരൻ എക്കാലത്തും ഓർത്തുവെക്കുന്ന മധുര സ്മരണയാണ് ആദ്യ പുസ്തകവും. “ടാറ്റു’ പുറത്തു വരുന്നത് എങ്ങനെയാണ്

എല്ലാ കഥകളും പ്രിയങ്കരങ്ങളാണ്. താങ്കൾ പറഞ്ഞതുപോലെ ശ്വാസഗതിയോട് ഒരൽപ്പം ഇഷ്ടക്കൂടുതലുണ്ട്. ഈ അടുത്ത കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട മിണ്ടാമഠം, കുഴി എന്നീ കഥകൾ പോലെ എനിക്ക് വ്യാപകമായ വായന നേടിത്തന്ന കഥയാണ് ശ്വാസഗതി. കണ്ണൂരിൽ ജോലി ചെയ്യുന്ന സമയത്ത് ഒരു യോഗാസെന്ററിൽ പോയപ്പോഴുണ്ടായ അനുഭവത്തിൽ നിന്നും രൂപപ്പെട്ട കഥ. പൂർണമായും കണ്ണൂരിന്റെ പ്രാദേശികഭാഷയിൽ എഴുതാൻ ശ്രമിച്ച കഥയാണ്. കഥാസമാഹാരത്തിനും ശ്വാസഗതി എന്ന പേരാണ് നൽകിയിരിക്കുന്നത്.

? ഒരു വിഷമ സന്ധിയിൽ, ആ വിഷയത്തിലുള്ള തന്റെതായ ഒരഭിപ്രായം തുറന്നു പറയാൻ ഒരെഴുത്തുകാരൻ എന്ന നിലയിൽ താങ്കൾക്ക് എപ്പോഴെങ്കിലും ഭയം തോന്നിയിട്ടുണ്ടോ

ഒരിക്കലുമില്ല. എഴുത്തുകാരൻ എന്ന നിലയിൽ എന്റെ കഥകളിൽ ശക്തമായ രാഷ്ട്രീയ നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട്. ആദ്യകാല കഥകളിൽ മുതൽ കൃത്യമായ പാതയിലാണ് കഥകൾ എഴുതിയത്. പിന്നെ പൊളിറ്റിക്കൽ കറക്ട്‌നെസ് എന്ന കോലുകൊണ്ട് സർഗസൃഷ്ടികളെ അളക്കാൻ കഴിയില്ല. മനുഷ്യപ്രകൃതത്തിന്റെ സത്യസന്ധമായ ആവിഷ്‌കാരത്തിന് ഇത്തരം അളവുകോലുകൾ ഗുണത്തേക്കാളുപരി ദോഷമാണെന്ന് വിശ്വസിക്കുന്നു. മനുഷ്യപക്ഷം മാത്രമല്ല മൃഗപക്ഷവും പ്രകൃതിപക്ഷവും കൂടിയായ മതമാണ് എനിക്ക് സ്വീകാര്യമായത്. ജാതീയതയും വർഗീയതയും യാഥാർഥ്യമാണ്. എഴുത്തുകൊണ്ടൊന്നും ആളുകളുടെ വർഗീയത ഇല്ലാതാക്കാൻ കഴിയില്ല. വാട്‌സാപ്പ് മത-ജാതി ഗ്രൂപ്പുകളുടെ ആധിക്യമുള്ള കേരളത്തിൽ എഴുത്ത് തുടരുന്നവർ സാഹസികരാണ്.

? സത്യസന്ധമായ നിരൂപണ കാലവും നിരൂപകരും വേരറ്റുപോയെന്നു കരുതുന്നുണ്ടോ? ഫേസ് ബുക്ക് നിരൂപണങ്ങളിൽ താങ്കൾ അമർഷവാനാണോ

സത്യസന്ധമായ നിരൂപണം മലയാളത്തിൽ ഒരുകാലത്തുമുണ്ടായിരുന്നില്ല. കോക്കസുകൾ ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചാണ് നിരൂപകരുടെ എഴുത്ത്. പ്രാദേശിക, ജാതി-മത സങ്കുചിതത്വങ്ങൾ നിറഞ്ഞതാണ് നമ്മുടെ നിരൂപണ സാഹിത്യം. കൃതിയുടെ മഹത്വത്തിലുപരി വ്യക്തിയുടെ മെറിറ്റ് നോക്കിയാണ് നിരൂപണം. ലിറ്റററി കോളമിസ്റ്റായ എം കൃഷ്ണൻ നായർ മാത്രമായിരുന്നു ഇതിനൊരു അപവാദം. അദ്ദേഹം ആർജവമുള്ള നിരൂപകനായിരുന്നു. ഫേസ്ബുക്ക് നിരൂപണത്തെ വിലകൽപ്പിക്കുന്ന ഒരാളാണ് ഞാൻ. അക്കാദമിക്കല്ലാത്ത എഴുത്താണ് അത്. അതിനൊരു നിഷ്‌കളങ്കതയുണ്ട്. കാശ് കൊടുത്തു പുസ്തകം വാങ്ങുന്ന ഒരാളുടെ അഭിപ്രായം കേൾക്കാൻ എഴുത്തുകാരന് ബാധ്യതയുണ്ട്.

Latest