Connect with us

Prathivaram

ആ തേജസ്വികൾ

Published

|

Last Updated

ഇതിഹാസതുല്യമായ ജീവിതം കൊണ്ട് കേരളത്തിലെ ഇസ്‌ലാമിക  പ്രസ്ഥാനത്തെ പ്രകാശമാനമാക്കിയ തിളങ്ങുന്ന രണ്ട് നക്ഷത്രങ്ങളാണ് താജുൽ ഉലമ സയ്യിദ് അബ്ദുർറഹ്‌മാൻ അൽബുഖാരിയും നൂറുൽ ഉലമ എം എ അബ്ദുൽഖാദിർ മുസ്്ലിയാരും. രണ്ട് പേരും രണ്ട് തരത്തിൽ കേരളത്തിന്റെ മുസ്്ലിം സാമുഹിക ജീവിതത്തെയും മത ധാർമിക വൈജ്ഞാനികാവസ്ഥയെയും ആഴത്തിൽ സ്വാധീനിച്ച ജീനിയസ്സുകളാണ്. സുന്നി പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം വ്യക്തികളായിരുന്നില്ല; രണ്ട് പ്രസ്ഥാനങ്ങളായിരുന്നു ഈ പണ്ഡിത മഹത്തുക്കൾ.

അറിവിന്റെ മഹാസാഗരമായിരുന്നു താജുൽ ഉലമ തങ്ങൾ. നീണ്ട ഏഴരപ്പതിറ്റാണ്ടുകാലം പഠനത്തിനും അധ്യാപനത്തിനുമായി നീക്കിവെച്ച അപൂർവ ജീവിതം. മതമീമാംസയുടെ സങ്കീർണമായ നിയമപ്രശ്നങ്ങൾ കുരുക്കഴിക്കാൻ മുതിർന്ന പണ്ഡിതന്മാർ വരെ അദ്ദേഹത്തെ ആശ്രയിച്ചിരുന്നു. പള്ളി ദർസുകൾ മുതൽ ഉയർന്ന ശരീഅത്ത് കോളജുകളിൽ വരെ പാഠ്യവിഷയമായ ഉയർന്ന കിതാബുകൾ പോലും തങ്ങൾക്ക് മനപ്പാഠമായിരുന്നു. ഒന്നു കണ്ണോടിച്ചു നോക്കുക പോലും ചെയ്യാതെ വാല്യങ്ങൾ വരുന്ന ഗ്രന്ഥങ്ങൾ ക്ലാസെടുക്കുമായിരുന്നു! അറിവിനെ നവോത്ഥാനത്തിന്റെ ആയുധമാക്കാൻ കഴിയുക അപൂർവതയാണ്. സുന്നി പ്രസ്ഥാനം ’89ൽ പ്രതിസന്ധി നേരിട്ടപ്പോൾ നെഞ്ചുവിരിച്ചു മുന്നിൽനിന്നു നയിക്കാൻ അദ്ദേഹത്തെ പ്രാപ്തമാക്കിയത് അറിവിന്റെയും അനുഭവങ്ങളുടെയും അസാമാന്യമായ കരുത്തു തന്നെയായിരുന്നു.
അഹ്‌ലുസ്സുന്നയുടെ ആദർശ പോരാട്ടങ്ങളുടെ വഴികളിൽ താജുൽ ഉലമയെ വേറിട്ടു നിർത്തിയത് നിലപാടുകളുടെ വ്യക്തതയും കൃത്യതയുമാണെന്നു പറയണം. സുന്നി പ്രസ്ഥാനത്തിന് കരുത്തിന്റെ ഉറവിടമായിരുന്നു തങ്ങൾ. ഒന്നിച്ചു നിന്നിരുന്ന ചിലർ പാരമ്പര്യവഴികളിൽ നിന്നു വ്യതിചലിക്കുന്നു എന്നു വന്നപ്പോൾ ശരിയുടെ വഴിയിൽ ഉറച്ചു നിൽക്കാനും മുന്നേറാനും താജുൽ ഉലമക്ക് രണ്ട് തവണ ആലോചിക്കേണ്ടതായി വന്നില്ല. “ഞാൻ ഒറ്റയ്ക്കാണെങ്കിലും…’ എന്ന ഒറ്റ പ്രഖ്യാപനം! അതുണ്ടാക്കിയ ഊർജത്തിൽ നിന്നാണു സുന്നി പ്രസ്ഥാനം ഇന്നു കാണുന്ന നേട്ടങ്ങളെല്ലാം കൈവരിച്ചത്. കേരളത്തിലെ സുന്നി പ്രസ്ഥാനത്തിനു ഇനിയും പല നൂറ്റാണ്ടുകൾ മുന്നേറാൻ ആ ഒരൊറ്റ ഊർജം മതിയാകും.

വാഗ്മി, ചിന്തകൻ, ദാർശനികൻ, പ്രഭാഷകൻ, എഴുത്തുകാരൻ, ഗ്രന്ഥകാരൻ, സംഘാടകൻ.. ഇങ്ങനെ എണ്ണിപ്പറയാൻ സവിശേഷതകൾ ഏറെയുള്ള പ്രതിഭാധനനായ പണ്ഡിതനായിരുന്നു നൂറുൽ ഉലമ എം എ അബ്ദുൽഖാദിർ മുസ്്ലിയാർ. കർമനിരതമായ ജീവിതം കൊണ്ട് ചരിത്രത്തിൽ സ്വന്തം ഇടം കണ്ടെത്തുക മാത്രമല്ല; പിൽക്കാലത്ത് തനിക്കു വഹിക്കേണ്ടതായിവന്ന പദവികളെല്ലാം സ്വയം നിർമിച്ചെടുത്തയാൾ എന്ന പ്രത്യേകതയും നൂറുൽ ഉലമക്ക് സ്വന്തം. 2014ലാണ് അദ്ദേഹം സമസ്തയുടെ ഉന്നതാധികാര സമിതിയായ മുശാവറയുടെ അധ്യക്ഷസ്ഥാനം അലങ്കരിച്ചത്. 1946ൽ സംഘടനയുടെ അംഗത്വമെടുക്കുമ്പോൾ പ്രസ്ഥാനം ശൈശവാവസ്ഥയിലായിരുന്നു. നീണ്ട ആറര പതിറ്റാണ്ട്! സുന്നി പ്രസ്ഥാനത്തിന്റെ വളർച്ചയുടെ വഴികളിൽ ത്യാഗപൂർണമായ സേവനങ്ങൾ അർപ്പിച്ച ശേഷം സ്വന്തം അധ്വാനത്തിന്റെ കൂടി ഫലമായിരുന്നു നൂറുൽ ഉലമ അന്നണിഞ്ഞ ആ കിരീടം.

അനേകലക്ഷം കുഞ്ഞുങ്ങൾക്ക് മതവിജ്ഞാനത്തിന്റെ ആദ്യ പാഠങ്ങൾ സാധ്യമാക്കിയ പ്രാഥമിക മതപാഠശാലകളായ മദ്റസകളുടെ ഉപജ്ഞാതാവാണ് നൂറുൽ ഉലമ. ആചന്ദ്രതാരം അദ്ദേഹം സ്മരിക്കപ്പെടാൻ ഈ ഒരൊറ്റ പൊൻതൂവൽ ധാരാളമാണ്. 1951ൽ വിദ്യാഭ്യാസ ബോർഡ്, 1954 സുന്നി യുവജനങ്ങളെ അണിനിരത്തി എസ് വൈ എസ്, 1958ൽ മുഅല്ലിം സംഘശക്തിയായി ജംഇയ്യത്തുൽ മുഅല്ലിമീൻ, 1976ൽ മതാധ്യാപകരുടെ കണ്ണീരൊപ്പാൻ മുഅല്ലിം ക്ഷേമനിധി, ജാമിഅ സഅദിയ്യ എന്ന വിജ്ഞാന നഗരത്തിന്റെ ശിൽപ്പി. പിൽക്കാലത്ത് പ്രസ്ഥാനങ്ങളായി മാറിയ ഇത്തരം മുന്നേറ്റങ്ങളുടെ തുടക്കക്കാരൻ എന്ന പദവി എം എ ഉസ്താദിനു മാത്രം അവകാശപ്പെട്ടതാണ്.
40കളുടെ തുടക്കത്തിൽ കോഴിക്കോട് നിന്ന് അഞ്ച് കോപ്പി മാതൃഭൂമി പത്രം തൃക്കരിപ്പൂരിൽ എത്തുമായിരുന്നു. അതിലൊന്ന് “എം എ തൃക്കരിപ്പൂർ’ എന്ന പുതുമുഖ എഴുത്തുകാരനുള്ളതായിരുന്നു. ഈ എം എ തൃക്കരിപ്പൂരാണ് അറബിയിലും അറബി മലയാളത്തിലും ശുദ്ധമലയാളത്തിലുമായി നാൽപ്പതിൽപരം ഈടുറ്റ കൃതികളുടെയും എണ്ണമറ്റ ലേഖനങ്ങളുടെയും ഉടമ എം എ അബ്ദുൽഖാദിർ മുസ്്ലിയാർ.

പഠിക്കാനും പകർത്താനും ഒരുപാടുണ്ടായിരുന്നു ആ ജീവിതത്തിൽ. ജീവിതത്തിലെ ഓരോ മിനുട്ടും ഓരോ ആവശ്യത്തിനു വേണ്ടി വിഭജിച്ച് ഉപയോഗിച്ച ഘടികാര സൂചി പോലെ കണിശമായ ജീവിതം, അനുകരിക്കാനോ ഊഹിക്കാനോ പോലും കഴിയാത്തത്ര സൂക്ഷ്മത, ലാളിത്യം, വിനയം, കാലങ്ങൾക്കപ്പുറം കാണാൻ കഴിയുന്ന ദാർശനിക ദീർഘവീക്ഷണം. ഒറ്റവാക്കിൽ പറയാവുന്നത് ഇതാണ് -എം എ ഉസ്താദിനു തുല്യം എം എ ഉസ്താദ് മാത്രം!

Latest