union cabinet
മൂന്നാം മോദി ഭരണം; സ്വതന്ത്ര ഇന്ത്യയില്‍ മുസ്ലിം പ്രാധിനിധ്യമില്ലാത്ത ആദ്യ സര്‍ക്കാര്‍
72 കേന്ദ്രമന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ഒരു മുസ്്‌ലിം പ്രതിനിധിയും ഉള്‍പ്പെട്ടില്ല
ന്യൂഡല്‍ഹി | മൂന്നാം മോദി സര്‍ക്കാറില്‍ ഒരു മുസ്ലിം പ്രതിനിധിയും ഇല്ല. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് രാജ്യത്തെ ഏറ്റവും പ്രബലമായ ന്യൂനപക്ഷ വിഭാഗമായ മുസ്ലിം സമുദായത്തിനു പങ്കാളിത്തമില്ലാത്ത സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്.
72 കേന്ദ്രമന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ഒരു മുസ്്‌ലിം പ്രതിനിധിയും ഉള്‍പ്പെട്ടില്ല. ബി ജെ പി നയിച്ച വാജ്‌പേയ് സര്‍ക്കാരിലും ഒന്നും രണ്ടും മോദി സര്‍ക്കാരിലും മുസ്്‌ലിം പങ്കാളിത്തം ഉണ്ടായിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്ന മുക്താര്‍ അബ്ബാസ് നഖ്വിയുടെ രാജ്യസഭാ കാലാവധി 2022 ല്‍ കഴിയും വരെ മുസ്്‌ലിം പ്രാതിനിധ്യം ഉണ്ടായിരുന്നു. ഒന്നാം മോദി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന നജ്മ ഹെപ്തുല്ലയുടെ പിന്‍ഗാമിയായിരുന്നു മുക്താര്‍ അബ്ബാസ്. ആദ്യ വാജ്‌പേയ് മന്ത്രിസഭ പതിനാറാം ദിവസം രാജിവെക്കുമ്പോഴും രണ്ടാം മന്ത്രിസഭ പിരിച്ചുവിടുമ്പോഴും സിക്കന്ദര്‍ ഭക്ത് അംഗമായിരുന്നു. മൂന്നാം വട്ടം എത്തിയപ്പോള്‍ ഷാനവാസ് ഹുസൈനാണ് മന്ത്രിയായിരുന്നത്. സബ് കാ സാഥ് (എല്ലാവരുടെയും ഒപ്പം)ആണ് മുദ്രാവാക്യമെന്നു പ്രഖ്യാപിച്ച് അധികാരത്തില്‍ വന്ന മോദിയാണ് 2024 ല്‍ മുസ്ലിം വിഭാഗത്തെ പാടെ മാറ്റി നിര്‍ത്തിയിരിക്കുന്നത്.
1947 മുതല്‍ മൗലാനാ അബ്ദുല്‍ കലാം ആസാദ്, ഹുമയൂണ്‍ കബീര്‍, ഫക്‌റുദ്ദിന്‍ അലി, മുഹ്സിന കിദ്വായി,ആരിഫ് മുഹമ്മദ് ഖാന്‍, ഷക്കീലുര്‍ റഹ്മാന്‍, മുഫ്തി മുഹമ്മദ് സെയ്ദ്, ഗുലാം നബി ആസാദ്, സി എം ഇബ്രാഹിം, സലിം, ഇഖ്ബാല്‍ ഷെര്‍വാണി, ഗുലാം നബി ആസാദ്, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരെല്ലാം ഓരോ മന്ത്രിസഭയിലും അംഗങ്ങളായി പ്രവര്‍ത്തന മികവിന്റെ പേരില്‍ രാജ്യത്തിന്റെ സ്മരണയില്‍ നിറഞ്ഞു നില്‍ക്കുന്നവരാണ്.

