Connect with us

Health

കുഞ്ഞുങ്ങളെ ഒമിക്രോണ്‍ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ആരോഗ്യവിദഗ്ധരുടെ അഭിപ്രായത്തില്‍ പനി, വരണ്ട ചുമ, തൊണ്ടവേദന, ജലദോഷം, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളാണ് സാധാരണയായി ഒമിക്രോണ്‍ ബാധിച്ച കുട്ടികളില്‍ കാണപ്പെടുന്നത്.

Published

|

Last Updated

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ലോകമെമ്പോടും അതിവേഗം പടര്‍ന്നു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഒമിക്രോണ്‍ കുട്ടികളെ ബാധിച്ചാല്‍ എന്തെല്ലാം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ മുതിര്‍ന്നവര്‍ ആശങ്കയിലാണ്. പുതിയ വകഭേദത്തെക്കുറിച്ചുള്ള സംശയങ്ങളും ഭയവും ഓരോ ദിവസം കഴിയുന്തോറും വര്‍ധിക്കുകയാണ്.

ഒമിക്രോണ്‍ ബാധിക്കുന്നവരില്‍ നേരിയ ലക്ഷണങ്ങള്‍ മാത്രമേ പ്രകടമാകുന്നുള്ളൂവെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. മുതിര്‍ന്നവരിലും കുട്ടികളിലും ഒമിക്രോണ്‍ കേസുകളുടെ എണ്ണം കൂടിവരികയാണ്. ഒമിക്രോണ്‍ ബാധിക്കുന്ന ഭൂരിഭാഗം രോഗികളിലും നേരിയ ലക്ഷണങ്ങളാണ് കാണിക്കുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ആരോഗ്യവിദഗ്ധരുടെ അഭിപ്രായത്തില്‍ പനി, വരണ്ട ചുമ, തൊണ്ടവേദന, ജലദോഷം, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളാണ് സാധാരണയായി ഒമിക്രോണ്‍ ബാധിച്ച കുട്ടികളില്‍ കാണപ്പെടുന്നത്. ഇതുവരെ കുത്തിവെപ്പ് എടുക്കാത്തതിനാല്‍ കുട്ടികള്‍ക്ക് അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെങ്കിലും കൊവിഡ് കേസുകളുടെ നിലവിലെ ആഘാതം കുട്ടികളില്‍ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

കുട്ടികളെ ഒമിക്രോണില്‍ നിന്ന് അകറ്റാന്‍ പൊതു ഇടങ്ങളില്‍ പോകുമ്പോള്‍ മാതാപിതാക്കള്‍ അവരെക്കൊണ്ട് നിര്‍ബന്ധമായും മാസ്‌ക് ധരിപ്പിക്കേണ്ടതാണ്. കൂടാതെ സാമൂഹിക അകലം പാലിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, ഇടക്കിടെ കൈ കഴുകാന്‍ ശീലിപ്പിക്കുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണം. രക്ഷിതാക്കളും മാസ്‌ക് ശരിയായി ധരിക്കണം. അത് വഴി കുട്ടികളും മാസ്‌ക് ശരിയായി ധരിക്കുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. മുതിര്‍ന്നവരില്‍ രോഗം ഗുരുതരമാകുന്നത് പോലെ കുട്ടികളില്‍ ഇത് ഗുരുതരമായി ബാധിക്കുന്നില്ലെന്നും എന്നിരുന്നാലും മാതാപിതാക്കള്‍ ജാഗ്രത പാലിക്കണമെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം.