Connect with us

kerala education

ബിരുദ സീറ്റുകളുണ്ട്്, വിദ്യാര്‍ഥികളില്ല

കേരളത്തില്‍ കുട്ടികളില്ലാതെ ഒഴിഞ്ഞുകിടക്കുന്ന ബിരുദ സീറ്റുകള്‍ ഒന്നും രണ്ടുമല്ല, അമ്പതിനായിരത്തിനടുത്താണ്. മികവിന്റെ മാനദണ്ഡമായി കണക്കാക്കപ്പെടുന്ന "നാക്' പരിശോധനയില്‍ A++ കരസ്ഥമാക്കിയ കേരള സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 39 എയ്ഡഡ് കോളജുകളിലും 60 സെല്‍ഫ് ഫൈനാന്‍സിംഗ് കോളജുകളിലും 34 സാങ്കേതിക ഇന്‍സ്റ്റിറ്റ്യൂട്ടുകളിലുമടക്കം 50 ശതമാനം സീറ്റുകള്‍ പോലും ഫില്‍ ആയിട്ടില്ല എന്നാണ് കണക്കുകള്‍. ഈ അവസ്ഥ ആഴത്തില്‍ പഠിക്കേണ്ടതുണ്ട്.

Published

|

Last Updated

ഴിഞ്ഞ അക്കാദമിക വര്‍ഷം രാജ്യത്തെ എന്‍ജിനീയറിംഗ് സീറ്റുകളില്‍ 33 ശതമാനം വരെ കുട്ടികളെ കിട്ടാതെ ഒഴിഞ്ഞു കിടക്കുകയാണെന്നാണ് ഈ മാസം മധ്യത്തില്‍ എ ഐ സി ടി ഇ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. അനുവദിക്കപ്പെട്ട 12,53,337 സീറ്റുകളില്‍ 4,21,203 സീറ്റുകള്‍ നികത്താനാകാതെ ഒഴിഞ്ഞുകിടക്കുന്നു. ഈ 33 ശതമാനം എന്നത് ഒരു സൂചകമാണ്. നമ്മുടെ രാജ്യത്ത് അടിസ്ഥാന ശാസ്ത്ര വിഷയങ്ങള്‍ പഠിക്കാന്‍ കൃത്യമായി മൂന്നിലൊന്ന് സീറ്റുകളില്‍ കുട്ടികളില്ലാതെ വരുന്ന അവസ്ഥ. കേരളത്തിലേക്ക് വരുമ്പോഴും കാര്യം അത്ര ശോഭനമല്ല. കേരളത്തില്‍ കുട്ടികളില്ലാതെ ഒഴിഞ്ഞുകിടക്കുന്ന ബിരുദ സീറ്റുകള്‍ ഒന്നും രണ്ടുമല്ല, അമ്പതിനായിരത്തിനടുത്താണ്. മികവിന്റെ മാനദണ്ഡമായി കണക്കാക്കപ്പെടുന്ന “നാക്’ പരിശോധനയില്‍ A++ കരസ്ഥമാക്കിയ കേരള സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 39 എയ്ഡഡ് കോളജുകളിലും, 60 സെല്‍ഫ് ഫൈനാന്‍സിംഗ് കോളജുകളിലും, 34 സാങ്കേതിക ഇന്‍സ്റ്റിറ്റ്യൂട്ടുകളിലുമടക്കം 50 ശതമാനം സീറ്റുകള്‍ പോലും ആയിട്ടില്ല എന്നാണ് കണക്കുകള്‍. ഈ അവസ്ഥ ആഴത്തില്‍ പഠിക്കേണ്ടതുണ്ട്. കേരളത്തിലെ സര്‍വകലാശാലകള്‍ ദേശീയ പരിശോധനകളില്‍ ഓരോ തവണയും നില മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുമ്പോഴും കുട്ടികളുടെ ഈ കൊഴിഞ്ഞുപോക്കിനുള്ള കാരണം കണ്ടെത്തേണ്ടതുണ്ട്.

കഴിവുള്ളവരും, എന്നാല്‍ വിദേശ പഠനം അന്യമായിട്ടുള്ളവരുമായ വലിയൊരു ശതമാനം കുട്ടികളുടെ അത്താണിയാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല. അവര്‍ കൃത്യമായി കലാലയങ്ങളിലേക്ക് എത്തിച്ചേരുന്നുമുണ്ട്. എന്നാല്‍ വിദേശ പഠനം മാത്രം ലക്ഷ്യമാക്കുന്ന വലിയൊരു ശതമാനം കുട്ടികളാണ് നമ്മുടെ കലാലയങ്ങളിലെ നഷ്ടങ്ങളായി മാറുന്നത്.

വിദേശ പഠനത്തിലെ തൊഴില്‍ സാധ്യതകള്‍

തൊഴില്‍ സാധ്യതകള്‍ മാത്രം ലക്ഷ്യമിട്ടാണ് കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് ചേക്കേറുന്നത്. പഠനത്തിനൊപ്പം തന്നെ തൊഴില്‍ ചെയ്യാനോ അതിന് ശേഷം തൊഴില്‍ ഉറപ്പിക്കാനോ അവര്‍ക്ക് കഴിയുന്നുണ്ട്. നമ്മുടെ സംസ്ഥാനത്ത് ഇത്രയധികം ബിരുദ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതിനു പിന്നിലെ പ്രധാന കാരണവും മറ്റൊന്നല്ല. പഠനത്തിന് ശേഷം എന്ത് എന്ന ചിന്ത നമ്മുടെ മുന്നില്‍ എക്കാലവും നിലനില്‍ക്കുന്നുണ്ട്. പഠിച്ചിറങ്ങുന്ന കുട്ടികള്‍ക്ക് മുഴുവനായും തൊഴില്‍ സാധ്യത മുന്നോട്ടുവെക്കാന്‍ ഏറെക്കാലമായി നമുക്ക് കഴിഞ്ഞിട്ടില്ല. അതിനുള്ള ക്രിയാത്മകമായ ശ്രമങ്ങള്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ട് എന്നത് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും ഇന്നും കുട്ടികളുടെ തൊഴില്‍ സ്വപ്നങ്ങള്‍ ഏറെക്കുറെ വിദേശത്തേക്ക് തന്നെയാണ്. ഈയവസ്ഥയില്‍ പഠനവും വിദേശങ്ങളില്‍ തന്നെ ആകുന്നതിലെ സാധ്യതകള്‍ വിദേശ സര്‍വകലാശാലകളില്‍ പോകുന്നതില്‍ കൂടുതല്‍ താത്പര്യം ജനിപ്പിക്കുന്നു.

തെറ്റായ കരിയര്‍ ധാരണകള്‍

കേരളത്തിലെ ഒട്ടുമിക്ക കരിയര്‍ വിദഗ്ധരും ഇന്നും കരിയര്‍ ഗൈഡന്‍സ് ക്ലാസ്സുകള്‍ ആരംഭിക്കുന്നത് മെഡിക്കല്‍, എന്‍ജിനീയറിംഗ് സാധ്യതകളെ മാത്രം എടുത്തുപറഞ്ഞുകൊണ്ടാണ്. മെഡിക്കല്‍, എന്‍ജിനീയറിംഗ് കോഴ്സുകളുടെ സാധ്യതക്കപ്പുറം അടിസ്ഥാന വിഷയങ്ങളിലെ സാധ്യതകള്‍ മനസ്സിലാക്കാന്‍ കരിയര്‍ വിദഗ്ധര്‍ക്കുപോലും കഴിയാത്ത അവസ്ഥ ഗൗരവമേറിയതാണ്. കേരളത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ഇന്ന് നിലനില്‍ക്കുന്ന തൊഴില്‍ സാധ്യതകളില്‍ ഏറിയപങ്കും അടിസ്ഥാന വിഷയങ്ങളെ അധികരിച്ചുള്ളതാണ്. വിവിധ ഡിഗ്രി വിഷയങ്ങളില്‍ കേരളത്തില്‍ തന്നെ ധാരാളം തൊഴില്‍ സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. മാത്രമല്ല, അടുത്തിടെ ആരംഭിച്ച വിവിധ തൊഴിലധിഷ്ഠിതമായ കോഴ്സുകളിലും ധാരാളം സാധ്യതകള്‍ നിലനില്‍ക്കുന്നു. എന്നാല്‍ കുട്ടികളിലേക്ക് ഈ സാധ്യതകളെ കൃത്യമായി എത്തിക്കാന്‍ നമുക്ക് കഴിയാതെ പോകുന്നുണ്ട്. അത് ഈ ഒഴിഞ്ഞുകിടക്കുന്ന ബിരുദ സീറ്റുകളുടെ ഒരു പ്രധാന കാരണമാണ്. മെഡിക്കല്‍-എന്‍ജിനീയറിംഗ് കോഴ്സുകള്‍ക്ക് പുറമെ ആര്‍ട്‌സ്, സയന്‍സ്, കൊമേഴ്സ് കോഴ്സുകളുടെ സാധ്യതകള്‍ കരിയര്‍ വിദഗ്ധര്‍ കൃത്യമായി തിരിച്ചറിയുകയും അത് കുട്ടികളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയും വേണം.

മുറ്റത്തെ മുല്ലയെ തിരിച്ചറിയണം

ഏതൊരു വിദേശ സര്‍വകലാശാലയെയും വെല്ലുന്ന അധ്യയന മികവാണ് നമ്മുടെ സര്‍വകലാശാലകളില്‍ എന്ന വാസ്തവം നാമിനിയും തിരിച്ചറിഞ്ഞിട്ടില്ല. ഇന്ത്യയിലെ പുകള്‍പെറ്റ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ ഐ ടി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല, കേന്ദ്ര സര്‍വകലാശാല എന്നിവയുടെ ഒപ്പമോ തൊട്ടടുത്തോ തന്നെയാണ് കേരളത്തിലെ സര്‍വകലാശാലകളുടെ സ്ഥാനം. മേല്‍സൂചിപ്പിച്ച സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടിന്റെ അടുത്തെങ്ങും ആനുപാതികമായി നമ്മുടെ സംസ്ഥാന സര്‍വകലാശാലകള്‍ക്ക് ലഭിക്കാത്ത അവസ്ഥയിലാണ് നമ്മുടെ സര്‍വകലാശാലകള്‍ ഈ മികച്ച നിലവാരം സൂക്ഷിക്കുന്നത് എന്നത് എടുത്തു പറയേണ്ടതുണ്ട്. കേരളത്തിലെ കേരള, കൊച്ചി, എം ജി, കാലിക്കറ്റ് സര്‍വകലാശാലകളില്‍ മികച്ച പഠന നിലവാരമാണ് പിന്തുടരുന്നത് എന്നതിന്റെ തെളിവാണ് ഇവയെല്ലാം “നാക്’ പരിശോധനയില്‍ നേടിയ A++, A+ ഗ്രേഡുകള്‍.

കോളജുകളുടെ കാര്യവും വ്യത്യസ്തമല്ല. എന്നാല്‍ അതൊന്നും കൃത്യമായി പ്രയോജനപ്പെടുത്താതെയാണ് സംസ്ഥാനത്തിന് പുറത്തേക്കും വിദേശത്തേക്കും നമ്മുടെ വിദ്യാര്‍ഥികള്‍ പ്രവഹിക്കുന്നത്. ഇന്നും കേരളത്തിലെ സര്‍വകലാശാലകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വിദേശങ്ങളിലടക്കം ഗവേഷണത്തിനും തൊഴിലിനും സാധ്യതയുണ്ട്. കേരളത്തില്‍ നിന്ന് കരസ്ഥമാക്കുന്ന ഡോക്ടറേറ്റുകള്‍ക്ക് പോസ്റ്റ് ഡോക്ടറല്‍ ഗവേഷണത്തിനായി വിദേശത്ത് വലിയ സാധ്യതകളാണ് ഉള്ളത്. മാത്രമല്ല, കേരള സര്‍ക്കാറും അത്തരം മികച്ച ഗവേഷണങ്ങള്‍ക്ക് ഫണ്ടിംഗ് അടക്കം പിന്തുണ നല്‍കുന്നുണ്ട്. പഠനത്തിനായി ഇങ്ങനെയൊരു നല്ല അന്തരീക്ഷം നിലനില്‍ക്കുമ്പോള്‍ അത് പ്രയോജനപ്പെടുത്താന്‍ നമുക്ക് കഴിയുന്നുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. എന്തിനും ഏതിനും നാടിന്റെ കുറവുകള്‍ നിരത്തി, വിദേശ സര്‍വകലാശാലകളെ പുകഴ്ത്തുന്നവര്‍ മുറ്റത്തെ മുല്ലയുടെ ഗന്ധം വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താനാണ് ശ്രമിക്കേണ്ടത്.

പ്ലസ്ടു കഴിഞ്ഞ് എവിടെപ്പോകുന്നു?

കൃത്യമായ കണക്കുകള്‍ ലഭ്യമല്ലായെങ്കിലും നമ്മുടെ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം കഴിഞ്ഞ എത്ര ശതമാനം കുട്ടികളാണ് ഉന്നത വിദ്യാഭ്യാസത്തിന് പോകുന്നത് എന്ന കാര്യം ഇവിടെ പരിശോധിക്കേണ്ടതുണ്ട്. പഠിച്ചാലും ഇല്ലെങ്കിലും മാര്‍ക്കുകള്‍ വാരിക്കോരി നല്‍കുന്ന പത്താം തരത്തിന് ശേഷം ലക്ഷ്യബോധമില്ലാത്ത പഠനമാണ് വലിയൊരു ശതമാനം കുട്ടികളും പിന്തുടരുന്നത്. പ്ലസ്ടു പലപ്പോഴും അത്തരമൊരു വിദ്യാഭ്യാസത്തെയാണ് അടയാളപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെയാണ് കേരളത്തിലെ വിദ്യാര്‍ഥികളില്‍ വലിയൊരു ശതമാനവും പ്ലസ്ടുവിനു ശേഷം പഠനം നിര്‍ത്തി ചെറിയ ചെറിയ തൊഴിലുകളില്‍ വ്യാപൃതരാകുന്നതായി കാണുന്നത്. കോളജുകളിലെ ഡിഗ്രി സീറ്റുകള്‍ ഒഴിഞ്ഞുകിടക്കാന്‍ ഒരു കാരണമായി ഇതിനെയും കാണാവുന്നതാണ്.

സമൂഹത്തിലെ സാമ്പത്തികമായും സാമൂഹികമായും നിലനില്‍ക്കുന്ന അസമത്വത്തിന് പണ്ടത്തേതില്‍ നിന്ന് വലിയ മാറ്റമൊന്നും വന്നിട്ടില്ല എന്നാണ് വെളിവാകുന്നത്. ചെറിയൊരു ശതമാനം കുട്ടികള്‍ ഏറ്റവും ഗ്ലാമറുള്ള മെഡിക്കല്‍, എന്‍ജിനീയറിംഗ് കോഴ്സുകള്‍ തേടുകയും, അത് ലഭിക്കാതെ വരുന്നവര്‍ ഡിഗ്രി പഠനത്തിനായി കോളജുകളെ ആശ്രയിക്കുകയും ചെയ്യുമ്പോള്‍ വലിയൊരു ശതമാനവും പഠനം നിര്‍ത്തി വിവിധങ്ങളായ തൊഴില്‍ മേഖലകളെ ആശ്രയിക്കുകയാണ് ചെയ്യുന്നത്. വിദ്യാഭ്യാസ നിലവാരം ഒരുവശത്ത് ഉയരുമ്പോഴും, മറുവശത്ത് ഇത്തരമൊരു രീതി നിലനില്‍ക്കുന്നതും കോളജുകളിലെ സീറ്റുകള്‍ നികത്തപ്പെടാതെ കിടക്കുന്നതിന്റെ കാരണങ്ങളില്‍ ഒന്നാണ്.

തൊഴില്‍ മേഖല ശക്തിപ്പെടണം

തൊഴില്‍ മേഖല ശക്തിപ്പെടുത്തുന്ന കാര്യത്തില്‍ കേരളം ഒരു മാറ്റത്തിന്റെ പാതയിലാണ്. കൂടുതല്‍ തൊഴില്‍മേഖല സൃഷ്ടിക്കാതെ നമുക്കിനി മുന്നോട്ടുപോകാനാകില്ല. വിദേശങ്ങളിലെ ബഹുരാഷ്ട്ര കമ്പനികളില്‍ പകുതിയിലും മലയാളികളായ മികച്ചവര്‍ പണിയെടുക്കുമ്പോള്‍ ആ തൊഴില്‍ സാധ്യത നമുക്കെന്തുകൊണ്ട് ഇവിടെ സൃഷ്ടിച്ചുകൂടാ? ഇന്റര്‍നെറ്റിന്റെ വലിയ സാധ്യതക്കിടയിലും ഈ ബൗദ്ധിക സമ്പന്നത നമുക്ക് എന്തുകൊണ്ട് പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല? സര്‍ക്കാര്‍ തലത്തില്‍ മാത്രമല്ല, ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരില്‍ നിന്ന് കൂടി അതിനുള്ള ക്രിയാത്മകമായ ശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്.

കേരളത്തെ തൊഴില്‍ സൗഹൃദമായ നാടാക്കി മാറ്റുകയാണ് ചെയ്യേണ്ടത്. കൂടുതല്‍ വ്യവസായങ്ങള്‍ നമ്മുടെ സംസ്ഥാനത്ത് ആരംഭിക്കാന്‍ കഴിയണം. അതിന് സര്‍ക്കാറും വ്യവസായശാലകളുടെ പ്രതിനിധികളും ഒപ്പം അവര്‍ക്ക് മനുഷ്യ വിഭവശേഷി നല്‍കാന്‍ കഴിയുന്ന ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരും ചര്‍ച്ചകള്‍ നടത്തണം. അതിനനുസരിച്ച് കരിക്കുലത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകണം. ഒരേസമയം മികച്ച ഉദ്യോഗാര്‍ഥികളും വ്യവസായത്തിന് സൗഹൃദമായ അന്തരീക്ഷവും ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ ഒരാളെപ്പോലും വിദേശത്തേക്ക് അയക്കാതെ തന്നെ നമുക്ക് ഇവിടെയുള്ള നൂറ് ശതമാനം കുട്ടികളെയും മികച്ച തൊഴില്‍ നല്‍കി അവരുടെ കഴിവുകള്‍ രാജ്യത്തിനായി പ്രയോജനപ്പെടുത്താന്‍ കഴിയും. അതുകൊണ്ട് തന്നെ തൊഴില്‍ മേഖല ശക്തിപ്പെടുത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതിനായി സര്‍ക്കാര്‍ മാത്രം ശ്രമിച്ചാല്‍ പോരാ. ഒന്നിലേറെ മേഖലകളിലെ വിദഗ്ധരുടെ കൂട്ടായ ശ്രമത്തിലൂടെ മാത്രമേ അത് സാധ്യമാക്കാന്‍ കഴിയൂ എന്ന അടിസ്ഥാന കാര്യം നാം മനസ്സിലാക്കേണ്ടതുണ്ട്.

നിലവാരം കൂടണം; പൊതുവിദ്യാഭ്യാസത്തിന്റെയും

തൊഴില്‍ മേഖല ശക്തമായാല്‍ പകുതി പ്രശ്‌നങ്ങള്‍ അവസാനിക്കുമെങ്കിലും മറുപകുതി നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ ശക്തിപ്പെടലിനെയാണ് ആശ്രയിച്ചിരിക്കുന്നത്. പൊതുവിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായ വലിയ കുതിച്ചു ചാട്ടത്തിനൊപ്പം അതിന്റെ നിലവാരം കൂടിയിട്ടുണ്ടോ എന്നത് പ്രധാനമാണ്. സംസ്ഥാനത്ത് മുമ്പുണ്ടായിരുന്ന മൂല്യനിര്‍ണയ രീതിയില്‍ എഴുത്തുപരീക്ഷയുടെ എല്ലാ പരിമിതിക്കുള്ളിലും കുട്ടികള്‍ ഹൃദ്യസ്ഥമാക്കിയിരുന്ന ചില പാഠങ്ങളും മൂല്യങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ഗ്രേഡ് സമ്പ്രദായം വരികയും ആരും തോല്‍ക്കില്ല എന്ന അവസ്ഥ സംജാതമാകുകയും ചെയ്തപ്പോള്‍ കുട്ടികളുടെ പഠിക്കുക എന്ന ശീലത്തില്‍ വലിയ മാറ്റങ്ങള്‍ വന്നു. പഠിക്കുക എന്നതിനപ്പുറം അറിയുക, മനസ്സിലാക്കുക എന്നതാണ് പ്രധാനമെങ്കിലും കാര്യങ്ങളിലൂടെ ഒന്ന് കടന്നുപോകാതെ തന്നെ പ്ലസ്ടുവിലേക്ക് കടക്കാമെന്നത് കുട്ടികളെ കൂടുതല്‍ മടിയന്‍മാരാക്കിയിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ മേഖല കൂടുതല്‍ കാര്യക്ഷമമാകണമെങ്കില്‍ സ്‌കൂള്‍ തലങ്ങളില്‍ നിന്ന് തന്നെ കുട്ടികള്‍ മിടുക്കരായി ഉയര്‍ന്നു വരേണ്ടതുണ്ട്. അതിന് പൊതുവിദ്യാഭ്യാസ മേഖലയുടെ മികവ് ഉയര്‍ന്നേ പറ്റൂ. അതെങ്ങനെയെന്നുള്ള ചര്‍ച്ചകളും സംഘടിപ്പിക്കേണ്ടിയിരിക്കുന്നു.

മികവുള്ള അധ്യാപകര്‍

കോളജുകളിലെയും സര്‍വകലാശാലകളിലെയും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതിനുള്ള കാരണങ്ങള്‍ ഇനിയുമേറെയുണ്ട്. അതില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് അധ്യാപകരുടെ പങ്ക്. നിലവാരമുള്ള അധ്യാപകരാണ് ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും അടിത്തറ. അധ്യാപകര്‍ അവരുടെ മികവുകൊണ്ട് വിദ്യാര്‍ഥികളെ ആകര്‍ഷിക്കേണ്ടതുണ്ട്. അതിന് അധ്യാപകര്‍ സ്വയം മികവാര്‍ജിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ തൊഴില്‍ രംഗത്തെ ഉണര്‍വും വ്യവസായങ്ങളുടെ ഉയര്‍ച്ചയും കുട്ടികളുടെയും അധ്യാപകരുടെയും മികവും ഒക്കെ ചേര്‍ത്തുവെച്ചുകൊണ്ട് മുന്നോട്ടുപോയാല്‍ നമ്മുടെ കലാലയങ്ങളില്‍ ഒരുസീറ്റും ഒഴിഞ്ഞുകിടക്കാത്ത സാഹചര്യം നമുക്ക് സൃഷ്ടിക്കാനാകും.

(കൊച്ചി സര്‍വകലാശാല, സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് ലേഖകന്‍)

Latest