Connect with us

Ongoing News

അവരുടെ കവിതകൾ; നമ്മുടെയും

ലോക സാഹിത്യ നഭസ്സിലെ കാവ്യ താരങ്ങളെ തിരഞ്ഞെടുത്ത് അവയെ മലയാള വായനയുടെ പച്ചപ്പിലേക്ക് ആവാഹിച്ചടുപ്പിക്കുകയാണ് ഈ സമാഹാരത്തിലൂടെ അബ്ദുള്ള ചെയ്യുന്നത്.

Published

|

Last Updated

അബ്ദുള്ള പേരാമ്പ്ര വിവിധ ഭാഷകളിൽ നിന്ന് പരിഭാഷപ്പെടുത്തിയ 29 കവിതകളുടെ സമാഹാരമാണ് ” അവരുടെ കവിതകൾ’. വായനാനന്തരം അവ ഓരോ വായനക്കാരന്റെത് കൂടിയായി മാറുന്നു.

ലോക സാഹിത്യ നഭസ്സിലെ കാവ്യ താരങ്ങളെ തിരഞ്ഞെടുത്ത് അവയെ മലയാള വായനയുടെ പച്ചപ്പിലേക്ക് ആവാഹിച്ചടുപ്പിക്കുകയാണ് ഈ സമാഹാരത്തിലൂടെ അബ്ദുള്ള ചെയ്യുന്നത്.

മലയാള കവിത എഴുപതുകളിലാണ് ലോക ക്ലാസ്സിക്കുകളുമായി അർഥവത്തായി സംവദിക്കുന്നതും സൗഹാർദത്തിലാകുന്നതും. ചങ്ങമ്പുഴയും നാലാപ്പാടനും ആത്തരം കാവ്യസരണിക്ക് തുടക്കമിട്ടു.

ലോകത്തിലങ്ങോളമിങ്ങോളമുള്ള നിസ്വന്റെ നിലവിളികൾക്ക് ഒരേ ശ്രുതിയാണെന്നും പ്രണയം പാരിജാതം പൂക്കുമ്പോൾ മാത്രമല്ല, ബദാം മരങ്ങളും ചെറിമരങ്ങളും പ്രണയമായ് പുഷ്പിക്കാറുണ്ടെന്നും അനുരാഗത്തിന്റെ മാസ്മരിക സുഗന്ധമാണ് അവയും പ്രസരിപ്പിക്കുന്നതെന്നും പരിഭാഷകളിലൂടെ നാമറിഞ്ഞു, അനുഭവിച്ചു. “വസന്തം ബദാം മരത്തോട് ചെയ്യുന്നത് എനിക്ക് നിന്നോട് ചെയ്യണമെന്ന്” പ്രണയം അക്കാലത്ത് പരിഭാഷപ്പെട്ടു.
വരൂ, തെരുവിലേക്ക് വരൂ …

ഈ രക്തം കാണൂ’ എന്ന് അക്കാലത്തെ ക്യാമ്പസ്സുകൾ ലോകത്തോടൊപ്പം ഏറ്റുപറഞ്ഞു. സച്ചിദാനന്ദനും അയ്യപ്പപ്പണിക്കരും ഈ കാവ്യ സമീക്ഷക്ക് അടിത്തറയിട്ടു.
പിന്നീട് ആവർത്തനങ്ങളിലൂടെ ഈ മൊഴിമാറ്റ പ്രസ്ഥാനം വിരസതയുടെ മടുപ്പുമുണ്ടാക്കി. മലയാള കവിത ആസ്വദിക്കണമെങ്കിൽ ലാറ്റിനമേരിക്കൻ ടിപ്പണികളെ പിൻപറ്റേണ്ട അവസ്ഥ വന്നു. ഇങ്ങനെ രൂപപ്പെട്ട ഒരു ശൂന്യതയിലേക്കാണ് അബ്ദുള്ളയെപ്പോലുള്ളവർ പ്രസന്നത സൃഷ്ടിച്ച് കടന്നുവരുന്നത്.
ജലാലുദ്ദീൻ റൂമിയെപ്പോലുള്ളവർ പരിഭാഷയിലൂടെ പരിചിതരാണിന്ന് മലയാളിക്ക്. കാഴ്ചപ്പാടിന്റെ കാന്തി, കവിതയെന്ന പ്രിസത്തിലൂടെ അനായാസം അദ്ദേഹം കടത്തിവിട്ടു.

സിംഹത്തിന്റെ കരുത്താകുമ്പോഴും പ്രണയത്തിന് സാന്ധ്യ താരത്തിന്റെ പൊലിമയിൽ തെളിയാനാകുമെന്ന് റൂമിയുടെ “ഒടുവിൽ’ എന്ന കവിത പറഞ്ഞു വെക്കുന്നു.

പാബ്ലോ നെരൂദയുടെ കവിതകൾക്ക് മലയാളത്തിൽ വായനക്കാരേറെയാണ്. ലോക ജൈവിക ചേതനകളെ പ്രതിനിധാനം ചെയ്യുന്നുണ്ട് അദ്ദേഹത്തിന്റെ കവിതകൾ.
“ഈ ഭൂമിയിൽ നീയും ഞാനും തനിച്ചായിരിക്കും. നമുക്കിനി ജീവിതം തുടങ്ങേണ്ടതുണ്ടെന്ന’ ആത്മബോധം കവിത മുന്നോട്ട് വെക്കുന്നു.
മലയാളത്തിലെ നവകാല നിരൂപണ വാഗ്ദാനമായ സജയ് കെ വി ആമുഖത്തിൽ സൂചിപ്പിച്ചതുപോലെ സിറിയൻ കവിയായ നിസാർ ഖബ്ബാനിയുടെ കവിതയിൽ (കടലിൽ പ്രവേശിക്കൽ ) പ്രണയത്തിന്റെ സാഗര നീലിമയും അഗാധതയും വെളിവാക്കപ്പെടുന്നു.
“ഭൂമിയിൽ നിന്നും വസന്തം ഒഴുകിവരുന്ന പോലെ
നാമിപ്പോൾ അവസാനിക്കാത്ത സൗന്ദര്യമായിരിക്കുന്നു.’

വാർത്തകളിൽ സ്‌ഫോടനമരണങ്ങൾ പ്രതിനിധീകരിക്കുമ്പോഴും സിറിയയുടെ ആത്മഭാവമായ സർഗാത്മക മുഖമാണീ കവി. വെടിയൊച്ചകളെ കാവ്യദുന്ദുഭികളാക്കുന്ന ഭാവുകത്വപ്രകാശം.

പലസ്തീൻ കവിയായ മഹമൂദ് ദർവീശ് ആ നാടിന്റെ പലായന വേദനകളെ ആവോളം അടയാളപ്പെടുത്തുന്നുണ്ട്. (അകത്തേക്ക് വന്നാലും.)
“ഞങ്ങളോടൊപ്പം കുടിക്കൂ
മറക്കാതെ ഈ അറബി കോഫി.
വാതിൽക്കൽ നിൽക്കുന്നവരെ
ഞങ്ങളുടെ പ്രഭാതങ്ങളിലേക്കിറങ്ങി വരൂ .
നിങ്ങളെപ്പോലെയാണ് ഞങ്ങളെന്ന്
ഒരിക്കലെങ്കിലും വിചാരിക്കൂ…’

ഒരു ജനതയെ അടുത്തറിയാൻ ദർവീശ് വായനക്കാരനെ ക്ഷണിക്കുകയാണ്. അപ്പോഴേ അവഗണനയും അപമാനവും അതിന്റെ തീക്ഷ്ണതയിൽ അനുഭവിച്ചറിയാനാകൂ.

നീയും ഞാനും കൊടും ദുഃഖത്തിന്റെ ഗിരിശൃംഗങ്ങളാണ് (I and you are the mountain of grief) എന്നെഴുതി പ്രണയത്തിന്റെ അനിവാര്യ സങ്കടങ്ങളെ ശാശ്വതീകരിച്ച അന്ന അഹ് മത്തോവ ഇതിനകം മലയാളിയുടെ വായനാമുറിയിലെ സാന്നിധ്യമായിട്ടുണ്ട്. “എനിക്കറിയില്ല.’ എന്ന പേരിൽ ഈ സമാഹാരത്തിലും അവരുടെ ഒരു തീവ്ര രചനയുണ്ട്.
“നിന്നെ മറക്കാൻ
ആരോയെന്നെ
നിർബന്ധിച്ച് കൊണ്ടിരിക്കുന്നു.’
എന്ന് ഈ കവിത പ്രണയത്തെ ആകുലതയോടെ അടയാളപ്പെടുത്തുന്നു. മെറി ബുക്സ് പ്രസിദ്ധീകരിച്ച കാവ്യ ബഹുസ്വരതയെ പ്രതിനിധീകരിക്കുന്ന ഈ സമാഹാരം നവ കാവ്യസാക്ഷാത്കാരത്തെ തീർച്ചയായും സാധ്യമാക്കുന്നുണ്ട്.

---- facebook comment plugin here -----

Latest