Ongoing News
പരുക്ക് ഭേദമായില്ല; ലോകകപ്പ് യോഗ്യതയില്‍ മെസ്സി പുറത്തിരിക്കും
ചിലി, കൊളംബിയ എന്നിവക്കെതിരെയുള്ള മത്സരങ്ങളിലാണ് മെസ്സിക്ക് പുറത്തിരിക്കേണ്ടി വരിക.

ബ്യൂണസ് അയേഴ്‌സ് | അര്‍ജന്റീനയുടെ ഇതിഹാസ നായകന്‍ ലയണല്‍ മെസ്സി ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരങ്ങളില്‍ കളിക്കില്ല. കണങ്കാലിനേറ്റ പരുക്ക് ഭേദമാകാത്തതിനെ തുടര്‍ന്നാണിത്. കഴിഞ്ഞ മാസം നടന്ന കോപ ഫൈനല്‍ മത്സരത്തിലാണ് നിലവില്‍ ഇന്റര്‍ മിയാമിക്ക് കളിക്കുന്ന മെസ്സിക്ക് പരുക്കേറ്റത്.
ചിലി, കൊളംബിയ എന്നിവക്കെതിരെയുള്ള മത്സരങ്ങളിലാണ് മെസ്സിക്ക് പുറത്തിരിക്കേണ്ടി വരിക. 37കാരനായ താരത്തെ ഉള്‍പ്പെടുത്താതെയുള്ള 28 അംഗ സ്‌ക്വാഡിനെ അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പുറത്തുവിട്ടു. ഗോള്‍ കീപ്പര്‍ ഫ്രാങ്കോ അര്‍മാനി, സ്‌ട്രൈക്കര്‍ ഏയ്ഞ്ചല്‍ ഡി മരിയയും സ്‌ക്വാഡില്‍ ഇല്ല. കോപ അമേരിക്ക കഴിഞ്ഞ ഉടന്‍ തന്നെ ഡി മരിയ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
പുതിയ രണ്ട് താരങ്ങളെ കോച്ച് ലയണല്‍ സ്‌കലോനി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിരോധ നിരക്കാരന്‍ ഇസെക്വിയല്‍ ഫെര്‍ണാണ്ടസ്, സ്‌ട്രൈക്കര്‍ വാലന്റിന്‍ കാസ്റ്റെലനോസ് എന്നിവരാണ് അവര്‍. അലെജാന്‍ഡ്രോ ഗര്‍ണാഷോ, വാലന്റിന്‍ കാര്‍ബോണി, വാലന്റിന്‍ ബാര്‍കോ മേതിയസ് സോള്‍ തുടങ്ങി അന്താരാഷ്ട്ര ഫുട്‌ബോള്‍ അനുഭവങ്ങളില്ലാത്ത നിരവധി യുവ താരങ്ങളെയും സകലോനി ടീമിലേക്ക് വിളിച്ചിട്ടുണ്ട്.
ബ്യൂണസ് അയേഴ്‌സിലെ പ്രശസ്തമായ മോണ്യുമെന്റല്‍ സ്‌റ്റേഡിയത്തില്‍ സെപ്തംബര്‍ അഞ്ചിനാണ് ചിലിക്കെതിരായ അര്‍ജന്റീനയുടെ മത്സരം. അഞ്ച് ദിവസത്തിനു ശേഷം ബാരന്‍ക്വിലയില്‍ കൊളംബിയയയുമായി ഏറ്റുമുട്ടും.
ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന സ്‌ക്വാഡ്:
ഗോള്‍കീപ്പര്‍മാര്‍- വോള്‍ട്ടര്‍ ബെനിറ്റസ് (പി എസ് വി ഐന്തോവന്‍), ജെറോനിമോ റുള്ളി (ഒളിംപിക് ഡി മാര്‍സെല്ലേ), ജുവാന്‍ മുസ്സോ (അത്‌ലാന്റ), എമിലിയാനോ മാര്‍ട്ടിനെസ് (ആസ്റ്റണ്‍ വില്ല).
പ്രതിരോധം- ഗോണ്‍സാലോ മോണ്‍ടിയല്‍ (സെവില്ല), നഹുവല്‍ മോളിന (അത്‌ലറ്റികോ മാഡ്രിഡ്), ക്രിസ്റ്റിയന്‍ റൊമേറോ (ടോട്ടണ്‍ഹാം ഹോട്‌സ്പുര്‍), ജെര്‍മന്‍ പെസെല്ല (റിവര്‍ പ്ലേറ്റ്), ലിയോണാര്‍ഡോ ബലേര്‍ഡി (ഒളിംപിക് മാര്‍സെല്ലേ), നിക്കോളാസ് ഒട്ടമെന്‍ഡി (ബെന്‍ഫിക), ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് (മാഞ്ചസ്റ്റര്‍ യുനൈറ്റഡ്), നിക്കോളസ് ടഗ്ലിയാഫികോ (ഒളിംപിക് ലയോണൈസ്), വാലന്റിന്‍ ബാര്‍കോ (ബ്രൈറ്റണ്‍ ആന്‍ഡ് ഹോവ് ആല്‍ബിയോണ്‍).
മധ്യനിര- ഗുയ്‌ഡോ റോഡ്രിഗസ് (വെസ്റ്റ് ഹാം യുനൈറ്റഡ്), അലെക്‌സിസ് മാക് അലിസ്റ്റര്‍ (ലിവര്‍പൂള്‍), എന്‍സോ ഫെര്‍ണാണ്ടസ് (ചെല്‍സിയ), ജിയോവാനി ലോ സെല്‍സോ (ടോട്ടന്‍ഹാം ഹോട്‌സ്പുര്‍), എസെക്വിയല്‍ ഫെര്‍ണാണ്ടസ് (അല്‍ ദുഹൈല്‍), റോഡ്രിഗോ ഡി പോള്‍ (അത്‌ലറ്റികോ മാഡ്രിഡ്), നിക്കോളസ് ഗോണ്‍സാലസ് (ഫിയോറന്റിന), ലിയാന്‍ഡ്രോ പാരെഡെസ് (എ സ് റോമ).
മുന്നേറ്റ നിര- അലെജാന്‍ഡ്രോ ഗര്‍നാചോ (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), മാതിയസ് സോള്‍ (എ എസ് റോമ), ഗിയുലിയാനോ സിമിയോണ്‍ (അത്‌ലറ്റികോ മാഡ്രിഡ്), വാലന്റിന്‍ കാര്‍ബോണി (ഒളിംപിക് മാര്‍സില്ലേ), ജൂലിയന്‍ അല്‍വാരെസ് (അത്‌ലറ്റികോ മാഡ്രിഡ്), ലൗട്ടാരോ മാര്‍ട്ടിനെസ് (ഇന്റര്‍ മിലാന്‍), വാലന്റിന്‍ കാസ്‌റ്റെല്ലാനോസ് (ലാസിയോ).