Connect with us

operation sindoor

ലോകം തീവ്രവാദത്തോട് സഹിഷ്ണുത കാണിക്കരുത്; വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

ആക്രമണത്തിനുശേഷം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അമേരിക്കന്‍ സഹമന്ത്രിയും സ്റ്റേറ്റ് സെക്രട്ടറിയുമായ മാര്‍ക്കോ റൂബിയോയുമായി സംസാരിച്ചതായി ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| പഹല്‍ഗാം ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം പാകിസ്ഥാനില്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന് പിന്നാലെ സാമൂഹിക മാധ്യമത്തിലൂടെ പ്രതികരണവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ലോകം തീവ്രവാദത്തോട് സഹിഷ്ണുത കാണിക്കരുതെന്ന് ഓപ്പറേഷന്‍ സിന്ദൂറിന്റെ ചിത്രത്തിനൊപ്പം ജയശങ്കര്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

അതേസമയം, ആക്രമണത്തിനുശേഷം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അമേരിക്കന്‍ സഹമന്ത്രിയും സ്റ്റേറ്റ് സെക്രട്ടറിയുമായ മാര്‍ക്കോ റൂബിയോയുമായി സംസാരിച്ചതായി ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. ഭീകരര്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും സഹായം ചെയ്യുന്നവര്‍ക്കുമെതിരെ പാകിസ്ഥാന്‍ നടപടിയെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും പാകിസ്ഥാന്‍ ഇന്ത്യയ്ക്കെതിരെ നീക്കം നടത്തിയെന്ന് ഇന്ത്യ അറിയിച്ചതായി എംബസി പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യന്‍ സൈന്യം പാകിസ്ഥാനില്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന് പിന്നാലെ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സാഹചര്യം വിലയിരുത്തി. ആക്രമണശേഷമുള്ള സാഹചര്യം മൂന്ന് സേനാ മേധാവിമാരുമായി അദ്ദേഹം വിലയിരുത്തി. രാവിലെ 11 മണിക്ക് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭ യോഗം നടക്കുമെന്നാണ് ലഭിക്കുന്ന വിവരം. പാകിസ്ഥാനിലേയും പാക് അധീന കശ്മീരിലേയും ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യന്‍ സൈന്യം ആക്രമിച്ചത്. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സൈനിക നീക്കത്തില്‍ ഒന്‍പത് പാക് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യന്‍ സൈന്യം ആക്രമിച്ച് തകര്‍ത്തത്. നീതി നടപ്പാക്കിയെന്ന് എക്‌സില്‍ ഇന്ത്യന്‍ സൈന്യം കുറിച്ചു. രാവിലെ 10.30യ്ക്ക് വാര്‍ത്താസമ്മേളനം നടത്തി സൈന്യം വിശദമായ വിവരം നല്‍കും.

പഹല്‍ഗാം ആക്രമണത്തിനും ഭീകരവാദത്തിനും ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് രാജ്യം.പഹല്‍ഗാം ആക്രമണം നടന്ന് 15 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയുടെ മറുപടി. ബുധനാഴ്ച പുലര്‍ച്ചെ 1.44നായിരുന്നു സൈന്യത്തിന്റെ ഓപ്പറേഷന്‍.ബഹവല്‍പൂര്‍, മുസാഫറബാദ്, കോട്‌ലി, മുരിഡ്കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. അഞ്ചിടത്ത് മിസൈല്‍ ആക്രമണമുണ്ടായെന്നും മൂന്നു പേര്‍ കൊല്ലപ്പെട്ടെന്നും 12 പേര്‍ക്ക് പരുക്കേറ്റതായും പാക് സൈന്യവും സ്ഥിരീകരിക്കുന്നു. ആറ് സ്ഥലങ്ങളിലായി 24 ആക്രമണങ്ങള്‍ നടന്നതായി പാകിസ്താന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.ഇന്ത്യ സൈനിക ആക്രമണങ്ങള്‍ നടത്തിയതായി സ്ഥിരീകരിച്ച പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തിരിച്ചടിക്കുമെന്ന് പ്രതികരിച്ചു. ആറ് സ്ഥലങ്ങളിലായി 24 ആക്രമണങ്ങള്‍ നടന്നതായി പാകിസ്താന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

 

Latest