From the print
ഇസ്റാഈലിന് കുരുക്കിട്ട് ലോകം
മുന്നറിയിപ്പുമായി യു കെ, കാനഡ, ഫ്രാൻസ്. വ്യാപാര കരാർ നിർത്തിവെച്ച് യു കെ. ആവശ്യമെങ്കിൽ ഉപരോധം കൊണ്ടുവരും

ലണ്ടൻ | ഗസ്സയിൽ രൂക്ഷമായ ആക്രമണം തുടരുകയും അതിർത്തിയിൽ സഹായ ട്രക്കുകൾ തടയുകയും ചെയ്യുന്നതിനിടെ ഇസ്‌റാഈലുമായുള്ള വ്യാപാര ചർച്ച നിർത്തിവെച്ച് ബ്രിട്ടൻ. തങ്ങളുടെ സ്ഥാനപതിയെ ഇസ്‌റാഈലിൽ നിന്ന് പിൻവലിക്കുകയാണെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി അറിയിച്ചു. ഗസ്സയിലെ ആക്രമണ വ്യാപനം ഭയനാകമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ്ർ സ്റ്റാർമർ പാർലിമെന്റിൽ പ്രസ്താവന നടത്തി. ആക്രമണം ഇസ്‌റാഈൽ അവസാനിപ്പിക്കണം. നീണ്ടുനിൽക്കുന്ന വെടിനിർത്തലെന്ന ആവശ്യം ആവർത്തിക്കുകയാണ്. ലോകത്തിന്റെ വാക്കുകൾക്ക് ചെവികൊടുത്തില്ലെങ്കിൽ ഇസ്‌റാഈൽ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും സ്റ്റാർമെർ മുന്നറിയിപ്പ് നൽകി.
ഗസ്സ കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്നുവെന്ന റിപോർട്ടുകൾക്കിടെ, യു കെ, ഫ്രാൻസ്, കാനഡ നേതാക്കൾ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലും ശക്തമായ താക്കീതാണ് ഇസ്റാഈലിന് നൽകിയത്. ഉപരോധമടക്കമുള്ള നടപടികൾ കൈക്കൊള്ളുമെന്ന മുന്നറിയിപ്പിന് പിന്നാലെ ഏതാനും സഹായ ട്രക്കുകൾ കടത്തിവിടാൻ ഇസ്റാഈൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു തയ്യാറായിരുന്നു. ഇതുകൊണ്ടൊന്നും ഗസ്സയിലെ മാനുഷിക പ്രതിസന്ധി മാറില്ലെന്നാണ് ബ്രട്ടീഷ്, ഫ്രഞ്ച്, കനേഡിയൻ നേതാക്കൾ വ്യക്തമാക്കിയിട്ടുള്ളത്.
ഗസ്സയിൽ നടക്കുന്നത് മാനവരാശിക്കെതിരായ ആക്രമണമാണ്. ആക്രമണ വ്യാപനം ഒരിക്കലും നീതീകരിക്കാനാകില്ല. ഗസ്സക്കാർ അനുഭവിക്കുന്ന ദുരിതം തീർത്തും അസഹനീയമാണ്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ പിടിച്ചടക്കൽ നീക്കങ്ങളെയും അപലപിക്കുന്നു. വെസ്റ്റ് ബാങ്കിലെ നിയമവിരുദ്ധ കുടിയേറ്റം അനുവദിക്കാനാകില്ല. ഗസ്സയിലെ ജനങ്ങളെ ശിക്ഷിക്കുന്നത് തുടർന്നാൽ ഉപരോധമടക്കമുള്ള നടപടികൾ കൈകൊള്ളും. സഹായ ട്രക്കുകൾ തടഞ്ഞുവെക്കുന്ന നെതന്യാഹു അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ ലംഘിക്കുകയാണ്- സംയുക്ത പ്രസ്താവനയിൽ പറയുന്നു. സ്റ്റാർമർക്ക് പുറമേ ഫ്രഞ്ച് പ്രസിഡന്റ്ഇമ്മാനുവൽ മാക്രോൺ, കാനേഡിയൻ പ്രധാനമന്ത്രി മാർക് കാർണി എന്നിവരാണ് പ്രസ്താവന പുറപ്പെടുവിച്ചത്.