Malappuram
സമാധാനം പുനസ്ഥാപിക്കാന്‍ ഐക്യരാഷ്ട്രസഭ ഇടപെടണം: ഖലീല്‍ ബുഖാരി തങ്ങള്‍
മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സ്വലാത്ത് ആത്മീയ സംഗമവും പൊസോട്ട് തങ്ങള്‍ ആണ്ട് നേര്‍ച്ചയും സംഘടിപ്പിച്ചു.

സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ആത്മീയ സംഗമം ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യുന്നു.
മലപ്പുറം | മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സ്വലാത്ത് ആത്മീയ സമ്മേളനവും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്ന സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ആണ്ട് നേര്‍ച്ചയും സംഘടിപ്പിച്ചു. മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ആത്മീയ സംഗമത്തിന് നേതൃത്വം നല്‍കി.
ഇസ്‌റാഈലിന്റെ മനുഷ്യത്വ രഹിതമായ ക്രൂരതകള്‍ അവസാനിപ്പിക്കാനും ലോക സമാധാനം പുനസ്ഥാപിക്കാനും ഐക്യരാഷ്ട്രസഭ അടിയന്തര ഇടപെടലുകള്‍ നടത്തണമെന്നും പിടഞ്ഞു മരിക്കുന്ന നിരപരാധികളായ ഗസ്സയിലെ പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ളവരുടെ സംരക്ഷണത്തിനായി ആഗോള സമൂഹം കൈകോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
അനുസ്മരണ പ്രഭാഷണം, വിര്‍ദുല്ലത്വീഫ്, ഹദ്ദാദ്, മുള്‌രിയ്യ, സ്വലാത്തുന്നാരിയ, തഹ്ലീല്‍, പ്രാര്‍ഥന എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. പരിപാടിക്ക് എത്തിച്ചേര്‍ന്ന വിശ്വാസികള്‍ക്ക് അന്നദാനം നടത്തി. സയ്യിദ് ഹബീബ് തുറാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം ഐദ്രൂസി, സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി, ഇബ്റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി, മൂസ ഫൈസി ആമപ്പൊയില്‍, പൂപ്പലം അശ്റഫ് സഖാഫി സംബന്ധിച്ചു.