Kasargod
പോലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് പരുക്കേറ്റ വിദ്യാർഥി മരിച്ചു
പോലീസിന്റെ നിരുത്തവാദിത്വമായ നടപടിയാണ് അപകടത്തിലേക്ക് നയിച്ചതെന്ന് മഞ്ചേശ്വരം എം എൽ എ. എം കെ എം അശ്റഫ് നേരത്തേ പ്രതികരിച്ചിരുന്നു.

കാസർകോട് | പോലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് പരുക്കേറ്റ് ചികിത്സയിൽ ആയിരുന്ന വിദ്യാർഥി മരിച്ചു. മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാസർകോട് പേരാൽ കണ്ണൂർ സ്വദേശി പരേതനായ അബ്ദുല്ലയുടെ മകൻ ഫർഹാസ് (17) ആണ് മരിച്ചത്. അംഗഡിമൊഗർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായിരുന്നു. മൂന്ന് ദിവസം മുമ്പ് പുത്തിഗെ പള്ളത്ത് വെച്ചാണ് അപകടമുണ്ടായത്. കാർ തല കീഴായി മറിയുകയായിരുന്നു.
പോലീസിന്റെ നിരുത്തവാദ നടപടിയാണ് അപകടത്തിലേക്ക് നയിച്ചതെന്ന് മഞ്ചേശ്വരം എം എൽ എ. എം കെ എം അശ്റഫ് നേരത്തേ പ്രതികരിച്ചിരുന്നു. അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്: അംഗഡിമുഗർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ കഴിഞ്ഞ ദിവസം നടന്ന ഓണാഘോഷ പരിപാടിയിലേക്ക് ഒരു വിദ്യാർഥി കാറുമായി എത്തുകയും സ്‌കൂളിന്റെ തൊട്ടടുത്തുള്ള ഖത്തീബ് നഗർ എന്ന സ്ഥലത്ത് നിർത്തിയിട്ട കാറിനടുത്ത് കുമ്പള പോലീസ് സ്റ്റേഷനിലെ പോലീസുകാർ എത്തി വിദ്യാർഥികളെ കണ്ടപ്പോൾ ആക്രോശത്തോടെ പെരുമാറി കാറിന്റെ ഡോറിലേക്ക് ചവിട്ടിയതിനെ തുടർന്ന് ഭയന്ന വിദ്യാർഥികൾ കാറെടുത്ത് ഓടുകയായിരുന്നു. ഇതോടെ അതിവേഗത്തിൽ ചേസ് ചെയ്തു പോലീസ് വാഹനവും പിന്നാലെ കൂടി. ഇതോടെ വെപ്രാളത്തിൽ ഓടിയ വണ്ടി 6- 7 കിലോമീറ്റർ ദൂരെ പുത്തിഗെ പള്ളത്ത് കാർ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയും ഡ്രൈവറിനടുത്തായി മുൻ സീറ്റിലുണ്ടായിരുന്ന പേരാൽ കണ്ണൂരിലെ ഫർഹാൻ എന്ന വിദ്യാർഥിക്ക് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു. വാഹനമോടിച്ച പ്ലസ്‌ടു വിദ്യാർഥിക്ക് ലൈസൻസുള്ളതായും വണ്ടിയുടെ മുഴുവൻ പേപ്പറുകളും കൃത്യമായുള്ളതായും പോലീസിന് മുൻപിൽ തെളിവ് നൽകിയതാണ്. ഓണാഘോഷത്തിന്റെ ഭാഗമായി സ്‌കൂളുകളിലേക്ക് വാഹനങ്ങളിൽ വരുന്നതിനെയൊന്നും ഒരിക്കലും പ്രോത്സാഹിപ്പിക്കുകയോ ന്യായീകരിക്കുകയോ ചെയ്യുന്നില്ല. എന്നിരുന്നാലും ഈ പോലീസുകാർക്ക് ഇത് അംഗഡിമുഗർ സ്‌കൂളിലെ വിദ്യാർഥികളാണെന്നും വണ്ടി നമ്പറും അറിയാവുന്ന സ്ഥിതിക്ക് പിന്നാലെ കിലോമീറ്ററുകളോളം ചേസ് ചെയ്തോടിക്കാതെ, കുട്ടികളല്ലേ എന്തെങ്കിലും വെപ്രാളത്തിൽ വണ്ടിയോടിക്കുമ്പോൾ അപകടം സംഭവിക്കുമെന്ന സാമാന്യ ബോധത്തിൽ പിന്മാറാമായിരുന്നു. പോസ്റ്റ് പൂർണ രൂപത്തിൽ താഴെ വായിക്കാം: