Kerala
വന്യജീവി ആക്രമണം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍
മുഖ്യമന്ത്രി സംസ്ഥാനതല സമിതിയുടെ അധ്യക്ഷന്‍.
തിരുവനന്തപുരം | സംസ്ഥാനത്ത് വന്യജീവി ആക്രമണം തുടരുന്നതിനിടെ മനുഷ്യ – വന്യജീവി സംഘര്‍ഷം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. വന്യജീവി പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നോഡല്‍ ഓഫീസറായി ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡനെ നിയോഗിക്കാനും തീരുമാനമായി.
വന്യജീവി ആക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് മന്ത്രിസഭാ തീരുമാനം. മന്ത്രിതലത്തിലും ഉദ്യോഗസ്ഥ തലത്തിലുമുള്ള നാല് സമിതികള്‍ രൂപവത്കരിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. മുഖ്യമന്ത്രിയാണ് സംസ്ഥാനതല സമിതിയുടെ അധ്യക്ഷന്‍. ചീഫ് സെക്രട്ടറി അധ്യക്ഷനായ മറ്റൊരു സമിതിയും ഉണ്ടാകും. പ്രാദേശിക ജാഗ്രതാ സമിതികള്‍ കാര്യക്ഷമമാക്കാനും തീരുമാനമായി
പ്രകൃതിദുരന്ത സമയങ്ങളില്‍ സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് ഒരുക്കുന്ന നിരീക്ഷണ സംവിധാനത്തിനു സമാനമായി, വനം വകുപ്പ് ആസ്ഥാനത്ത് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ചുമതലയില്‍ ഒരു കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. കണ്‍ട്രോള്‍ റൂമില്‍ മതിയായ വാര്‍ത്താവിനിയമ സങ്കേതങ്ങള്‍ ഒരുക്കും.വന്യജീവി ആക്രമണ സാധ്യതയുള്ള പ്രദേശങ്ങളില്‍ സമയാസമയം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന് വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ ഉള്‍പ്പെടെ ആധുനിക വിവര-വിനിമയ സംവിധാനങ്ങള്‍ സജ്ജമാക്കും.
മനുഷ്യ-വന്യജീവി സംഘര്‍ഷം നിലനിലനില്‍ക്കുന്ന മനുഷ്യവാസമുള്ള പ്രദേശങ്ങളില്‍ ജാഗ്രതയ്ക്കായി കൂടുതല്‍ താല്‍ക്കാലിക വാച്ചര്‍മാരെ നിയോഗിക്കും.ഇതിന് സംസ്ഥാന വനംവകുപ്പ് മേധാവിയെ ചുമതലപ്പെടുത്തി.
വനപ്രദേശങ്ങളോട് ചേര്‍ന്നുകിടക്കുന്ന എസ്റ്റേറ്റുകള്‍, തോട്ടങ്ങള്‍, കൃഷിയിടങ്ങള്‍ എന്നിവിടങ്ങളിലെ കുറ്റിക്കാടുകള്‍ ഇല്ലാതാക്കുന്നതിന് ഉടമസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കും. സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തോട്ടങ്ങളിലും ഈ പ്രവര്‍ത്തനം വ്യാപിപ്പിക്കും. നിലവിലുള്ള റാപ്പിഡ് റെസ്പോണ്‍സ് ടീമുകളെ, ആവശ്യമായ ജീവനക്കാരെയും ഉപകരണങ്ങളും വാഹനങ്ങളും നല്‍കി ശക്തിപ്പെടുത്തും.



