editorial
ലഹരി ലോകത്തെ കാണാപുറങ്ങള്‍
ഇന്റര്‍നെറ്റിന്റെ നിഗൂഢ ലോകങ്ങളെക്കുറിച്ച് അറിയാവുന്നവരും അവയില്‍ കയറി മേയുന്നവരുമാണ് യുവതലമുറയിലെ നല്ലൊരു പങ്കും. ഈ സാഹചര്യത്തില്‍ അന്വേഷണ വിഭാഗവും സൈബര്‍ വിദഗ്ധരും അധോലോക ഇന്റര്‍നെറ്റിന്റെ പ്രവര്‍ത്തനങ്ങളെയും അതിലെ ഇടപാടുകാരെയും കുറിച്ച് സദാജാഗ്രത പാലിക്കേണ്ടതുണ്ട്.

നമ്മുടെ കണക്കുകൂട്ടലുകള്‍ക്കും സങ്കല്‍പ്പങ്ങള്‍ക്കും അപ്പുറമാണിപ്പോള്‍ ലഹരിയുടെ ലോകം. ലഹരി ഉത്പന്നങ്ങള്‍ എത്തുന്ന ഇടങ്ങളെയോ വിതരണ ശൃംഖലയെയോ ഇടപാടുകാരെയോ അത്ര എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയാത്ത ഡാർക് നെറ്റ് പോലുള്ള നിഗൂഢവും അതീവ രഹസ്യവുമായ മാര്‍ഗങ്ങള്‍ വഴിയാണ് ലഹരി മാഫിയയുടെ പ്രവര്‍ത്തനം. ഇത്തരമൊരു സംഘത്തെയാണ് കഴിഞ്ഞ ദിവസം കൊച്ചി നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍ സി ബി) പിടികൂടിയത്.
കൊച്ചിയിലേക്ക് വന്‍തോതില്‍ എല്‍ എസ് ഡി, കെറ്റാമിന്‍ തുടങ്ങി മാരക വിദേശ നിര്‍മിത ലഹരി മരുന്നുകള്‍ എത്തിക്കുന്ന ഡാർക് വെബിലെ കെറ്റാമെലോണ്‍ എന്ന ലഹരി ശൃംഖല എന്‍ സി ബി തകര്‍ക്കുകയും ലഹരിക്കടത്തിലെ മുഖ്യ ഇടനിലക്കാരനായ മൂവാറ്റുപുഴ സ്വദേശി എഡിസനെയും രണ്ട് സഹായികളെയും പിടികൂടുകയും ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ നെറ്റ് ലഹരി ശൃംഖലയാണ് കെറ്റാമെലോണെന്നാണ് എന്‍ സി ബി ഉദ്യോഗസ്ഥര്‍ പറയുന്നത്. ലെവല്‍ ഫോര്‍ എന്ന വിശേഷണത്തിലാണ് ഇവരുടെ പ്രവര്‍ത്തനം. കൊച്ചിക്കു പുറമെ ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ഭോപാല്‍, പാറ്റ്‌ന തുടങ്ങിയ വന്‍നഗരങ്ങളിലേക്കും ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും ഡാർക് വെബ് വഴി എഡിസന്‍ ലഹരി ഇടപാട് നടത്തിയിരുന്നതായി പരിശോധനയില്‍ കണ്ടെത്തി.
ജൂണ്‍ 28ന് കൊച്ചിയിലെ മൂന്ന് തപാല്‍ പാര്‍സലുകളില്‍ നിന്നായി 280 എല്‍ എസ് ഡി ബ്ലോട്ടുകള്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പിടികൂടിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഡാർക് നെറ്റ് വഴി എഡിസന്‍ ഓര്‍ഡര്‍ ചെയ്തതാണ് ലഹരി വസ്തുക്കളെന്ന് വ്യക്തമായി. പ്രതിയുടെ വീട്ടില്‍ നടത്തിയ അന്വേഷണത്തില്‍ വന്‍തോതില്‍ എല്‍ എസ് ഡി ബ്ലോട്ടുകള്‍, കെറ്റാമൈന്‍, ഡാര്‍ക്കിലെ വെബ് കച്ചവടത്തിന് ഉപയോഗിച്ചിരുന്ന നിരവധി അക്കൗണ്ടുകള്‍ തുടങ്ങിയവ കണ്ടെത്തുകയും ചെയ്തു. ബ്രിട്ടനില്‍ നിന്ന് പാര്‍സലായി വരുത്തിച്ചാണ് എഡിസന്‍ ലഹരി മരുന്നുകള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നത്. ആഗോള ലഹരി ശൃംഖലയായ യു കെയിലെ ഒരു ഗ്രൂപ്പില്‍ നിന്നാണ് എഡിസന്‍ ലഹരി വസ്തുക്കള്‍ വാങ്ങിയിരുന്നത്. കഴിഞ്ഞ 14 മാസത്തിനിടെ എഡിസന് 600 പാര്‍സലുകള്‍ വന്നതായി അന്വേഷണോദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.
ഇന്റര്‍നെറ്റിലെ അധോലോകമാണ് ഡാര്‍ക് നെറ്റ്. ഇന്റര്‍ നെറ്റിന്റെ ഭാഗമെങ്കിലും എല്ലാവര്‍ക്കും എത്തിപ്പെടാനാകില്ല ഈ ലോകത്തേക്ക്. പ്രത്യേകമായി എന്‍ക്രിപ്റ്റ് ചെയ്യപ്പെട്ട ഇവയിലെ വിവരങ്ങള്‍ ഗൂഗിള്‍ പോലുള്ള സെര്‍ച്ച് എന്‍ജിനുകളില്‍ ലഭ്യമല്ല. ഡാര്‍ക് നെറ്റിലെ വെബ് പേജ് തുറക്കാന്‍ പ്രത്യേകം സോഫ്റ്റ് വെയറോ അക്കൗണ്ടോ ആവശ്യമാണ്. അതീവ രഹസ്യമായിരിക്കും ഈ മേഖലയിലെ സേവന ദാതാക്കളുടെയും ഉപയോക്താക്കളുടെയും വിവരങ്ങള്‍. സുരക്ഷിതവും രഹസ്യവുമായ ആശയവിനിമയത്തിന് സദുദ്ദേശ്യത്തോടെയാണ് ഈ ഡാര്‍ക് വെബ് വികസിപ്പിച്ചെടുത്തത്. പല രാജ്യങ്ങളും സൈനിക രഹസ്യങ്ങള്‍ ഉള്‍പ്പെടെ സൂക്ഷിക്കാന്‍ ഈ സംവിധാനം ഉപയോഗപ്പെടുത്താറുണ്ട്. സമീപ കാലത്താണ് ലഹരി മരുന്ന് കൈമാറ്റക്കാര്‍, അനധികൃത ആയുധ വില്‍പ്പനക്കാര്‍ തുടങ്ങിയ ക്രിമിനലുകളുടെ താവളമായി ഡാര്‍ക് നെറ്റ് മാറിയത്. കഴിഞ്ഞ വര്‍ഷം യു ജി സി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നത് ഡാര്‍ക് നെറ്റ് വഴിയായിരുന്നു.
കേരളത്തില്‍ ഇത്ര വലിയ ഡാര്‍ക് നെറ്റ് ലഹരി ശൃംഖല തകര്‍ക്കപ്പെടുന്നത് ആദ്യമാണെങ്കിലും ചെറിയ സംഘങ്ങള്‍ മുമ്പും പിടിയിലായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏഴംഗ സംഘം പിടിയിലായിരുന്നു. കൊച്ചി, കാക്കനാട്, ആലുവ, എരൂര്‍ എന്നിവിടങ്ങളില്‍ എന്‍ സി ബി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ എറണാകുളം സ്വദേശികളായ ശരത്ത് പാറക്കല്‍, അബിൻ ബാബു, ഷാരൂണ്‍ ഷാജി, കെ പി അമ്പാടി, സി ആര്‍ അക്ഷയ്, ആനന്ദകൃഷ്ണ ടെബി, ആന്റണി സഞ്ജയ് എന്നിവരാണ് പിടിയിലായത്. ആവശ്യക്കാരെ ഡാര്‍ക് നെറ്റ് വഴി കണ്ടെത്തി അവരില്‍ നിന്ന് മുന്‍കൂറായി പണം കൈപ്പറ്റിയാണ് സംഘം ജര്‍മനിയില്‍ നിന്ന് പാര്‍സല്‍ വഴി ലഹരി വസ്തുക്കള്‍ എത്തിച്ചിരുന്നത്. 2023 മേയില്‍ നെതര്‍ലാന്‍ഡില്‍ നിന്ന് കൂത്തുപറമ്പ് വഴി എത്തിയ 70 എല്‍ എസ് ഡി സ്റ്റാമ്പുകള്‍ എന്‍ സി ബി പിടിച്ചെടുക്കുകയും കെ പി ശ്രീരാഗ് എന്ന യുവാവ് പിടിയിലാകുകയും ചെയ്തു. ഡാര്‍ക് വെബില്‍ പ്രത്യേക അക്കൗണ്ടുണ്ടാക്കി ബിറ്റ്‌കോയിന്‍ നല്‍കിയാണ് ശ്രീരാഗ് ലഹരി മരുന്ന് വരുത്തിയത്.
2023 ജൂണില്‍ ഡല്‍ഹി ബ്യൂറോ, ആറംഗ ലഹരി വില്‍പ്പന സംഘത്തെ പിടികൂടിയിരുന്നു. രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ ജയ്പൂരില്‍ നിന്നാണ് സംഘത്തലവന്‍ പിടിയിലായത്. ഇവരുടെ ഇടപാടുകള്‍ ഓണ്‍ലൈന്‍ വഴിയായിരുന്നുവെന്നും വില്‍പ്പനക്കാരും വാങ്ങുന്നവരും തമ്മില്‍ നേരിട്ട് യാതൊരു ബന്ധവുമുണ്ടായിരുന്നില്ലെന്നും റെയ്ഡിന് നേതൃത്വം നല്‍കിയ ഡല്‍ഹി എന്‍ സി ബി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഗ്യാനേഷ്വര്‍ സിംഗ് പറയുന്നു. യു എസ് എ, പോളണ്ട്, നെതര്‍ലാന്‍ഡ് തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നാണ് സംഘം ലഹരി ഉത്പന്നങ്ങള്‍ എത്തിച്ചിരുന്നത്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമെ കേരളത്തിലും ഇവര്‍ക്ക് കണ്ണികളുണ്ടെന്ന് എന്‍ സി ബി കണ്ടെത്തി.
റോഡ്, റെയില്‍വേ, വിമാനം വഴിയുള്ള ലഹരിക്കടത്ത് കണ്ടെത്താന്‍ അധികൃതര്‍ പരിശോധന കര്‍ശനമാക്കിയ സാഹചര്യത്തിലാണ് ഡാര്‍ക്ക് വെബ് വഴിയുള്ള ഇടപാടുകള്‍ വര്‍ധിച്ചത്. മറ്റുള്ളവര്‍ക്ക് വിവരങ്ങള്‍ കണ്ടെത്താന്‍ പ്രയാസമായതിനാല്‍ ഒരു സുരക്ഷിത മാര്‍ഗമായാണ് ലഹരിമാഫിയ ഇതിനെ കാണുന്നത്. ഇന്റര്‍നെറ്റിന്റെ നിഗൂഢ ലോകങ്ങളെക്കുറിച്ച് അറിയാവുന്നവരും അവയില്‍ കയറി മേയുന്നവരുമാണ് യുവതലമുറയിലെ നല്ലൊരു പങ്കും. ഈ സാഹചര്യത്തില്‍ അന്വേഷണ വിഭാഗവും സൈബര്‍ വിദഗ്ധരും അധോലോക ഇന്റര്‍നെറ്റിന്റെ പ്രവര്‍ത്തനങ്ങളെയും അതിലെ ഇടപാടുകാരെയും കുറിച്ച് സദാജാഗ്രത പാലിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ സര്‍ക്കാറിന്റെ മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിന്‍ ഫലപ്രദമാകുകയുള്ളൂ.