Connect with us

Techno

റിയല്‍മി സി51 സ്മാര്‍ട്ട്‌ഫോണിന്റെ വില്‍പ്പന ആരംഭിച്ചു

മിനി കാപ്‌സ്യൂള്‍ ഫീച്ചറാണ് ഡിസ്‌പ്ലെയുടെ പ്രത്യേകത.

Published

|

Last Updated

ന്യൂഡല്‍ഹി| റിയല്‍മി അടുത്തിടെയാണ് സി സീരീസില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. റിയല്‍മി സി51 എന്ന ഫോണാണ് കമ്പനി പുറത്തിറക്കിയത്. ഈ സ്മാര്‍ട്ട്‌ഫോണിന്റെ വില്‍പ്പന ഇപ്പോള്‍ ആരംഭിച്ചിരിക്കുകയാണ്. എന്‍ട്രിലെവല്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്കാണ് റിയല്‍മി ഈ ഫോണ്‍ അവതരിപ്പിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതലാണ് ഫോണിന്റെ വില്‍പ്പന ആരംഭിച്ചത്.

റിയല്‍മി സി51 സ്മാര്‍ട്ട്‌ഫോണില്‍ 6.7 ഇഞ്ച് എച്ച്ഡി+ ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലെയാണ് നല്‍കിയിട്ടുള്ളത്. ഈ ഡിസ്‌പ്ലെയ്ക്ക് 90എച്ച്ഇസെഡ് റിഫ്രഷ് റേറ്റും 180എച്ച്ഇസെഡ് ടച്ച് സാമ്പിള്‍ റേറ്റുമുണ്ട്. മിനി കാപ്‌സ്യൂള്‍ ഫീച്ചറാണ് ഡിസ്‌പ്ലെയുടെ പ്രത്യേകത. യൂണിസോക്ക് ടി612 എസ്ഒസിയുടെ കരുത്തിലാണ് റിയല്‍മി സി51 സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഓപ്പണ്‍ സെയിലിലൂടെ ഫോണ്‍ വാങ്ങുന്നവര്‍ക്കായി ആകര്‍ഷകമായ ഓഫറുകളാണ് ഫ്‌ലിപ്പ്കാര്‍ട്ടും റിയല്‍മിയും നല്‍കുന്നത്.

റിയല്‍മി സി51യുടെ ഒരു വേരിയന്റ് മാത്രമാണ് രാജ്യത്ത് ലഭ്യമായിരിക്കുന്നത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഫോണിന് 8,999 രൂപയാണ് വില. മിന്റ് ഗ്രീന്‍, കാര്‍ബണ്‍ ബ്ലാക്ക് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. ഫ്‌ലിപ്പ്കാര്‍ട്ട്, റിയല്‍മി വെബ്‌സൈറ്റ് എന്നിവ വഴിയാണ് ഫോണിന്റെ വില്‍പ്പന നടക്കുന്നത്. എച്ച്ഡിഎഫ്‌സി, എസ്ബിഐ, ഐസിഐസിഐ ആക്‌സിസ്, കൊട്ടക് മഹീന്ദ്ര ബേങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് റിയല്‍മി സി51 വാങ്ങുന്നവര്‍ക്ക് 500 രൂപ കിഴിവ് ലഭിക്കും. ഇതോടെ ഫോണിന്റെ വില 8,499 രൂപയായി കുറയുന്നു.