Connect with us

From the print

നാഷണല്‍ കോണ്‍ഫറന്‍സും തനിച്ച് മത്സരിക്കും

ജമ്മു കശ്മീരില്‍ ആരുമായും സഖ്യത്തിനില്ലെന്നും ഇതില്‍ മാറ്റമുണ്ടാകില്ലെന്നും പാര്‍ട്ടി അധ്യക്ഷന്‍ ഫാറൂഖ് അബ്ദുല്ല.

Published

|

Last Updated

ശ്രീനഗര്‍ | ‘ഇന്ത്യ’ മുന്നണിക്ക് തിരിച്ചടി നല്‍കി ലോക്സഭാ തിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുമെന്ന പ്രഖ്യാപനവുമായി നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുല്ല. ജമ്മു കശ്മീരില്‍ ആരുമായും സഖ്യത്തിനില്ലെന്നും ഇതില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ നിയമസഭാ തിരഞ്ഞെടുപ്പും നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ മുന്നണിയുടെ ആലോചനാ ഘട്ടം മുതല്‍ ശക്തമായി പിന്തുണച്ച നേതാവാണ് ഫാറൂഖ് അബ്ദുല്ല. മൂന്ന് തവണ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായിട്ടുള്ള ഇദ്ദേഹം ഇന്ത്യ മുന്നണിയുടെ എല്ലാ യോഗങ്ങളിലും പങ്കെടുത്തിട്ടുമുണ്ട്. അനധികൃത ക്രിക്കറ്റ് ഇടപാട് കേസില്‍ ഏതാനും ദിവസം മുന്പ് ഫാറൂഖ് അബ്ദുല്ലക്ക് എന്‍ഫോഴ്‌സ്‌മെന്റ്ഡയറക്ടറേറ്റ് (ഇ ഡി) സമന്‍സ്് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫാറൂഖ് അബ്ദുല്ലയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്. എന്നാല്‍, തന്നെ സമന്‍സയച്ച് അറസ്റ്റ് ചെയ്താല്‍ നാഷനല്‍ കോണ്‍ഫറന്‍സ് ഇല്ലാതാകുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റിയെന്ന് ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

ജമ്മു കശ്മീരില്‍ ഒറ്റക്ക് മത്സരിക്കാനുള്ള നാഷനല്‍ കോണ്‍ഫറന്‍സിന്റെ തീരുമാനത്തില്‍ കോണ്‍ഗ്രസ്സ് വക്താവ് ജയ്‌റാം രമേശ് പ്രതികരിച്ചു. നാഷനല്‍ കോണ്‍ഫറന്‍സും പി ഡി പിയും ഇന്ത്യ മുന്നണിയുടെ ഭാഗമാണെന്നും ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിനെ ഒറ്റക്ക് നേരിടുമെന്ന് പ്രഖ്യാപിക്കുന്ന ഇന്ത്യ മുന്നണിയിലെ മൂന്നാമത്തെ കക്ഷിയാണ് നാഷനല്‍ കോണ്‍ഫറന്‍സ്. ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവുമായ മമതാ ബാനര്‍ജിയും പഞ്ചാബ് മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ ഭഗവന്ത് മനും ഇതേ പ്രഖ്യാപനം നടത്തിയിരുന്നു. മുന്നണിയില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ എങ്ങുമെത്താത്തതില്‍ ഫാറൂഖ് അബ്ദുല്ല നേരത്തേ ആശങ്കയറിയിച്ചിരുന്നു.

 

Latest