Kerala
കോണ്‍ഗ്രസിന്റെ തോല്‍വിയുടെ പ്രധാന കാരണം കാല് വാരല്‍: അന്വേഷണ സമിതി
മുസ്ലിം വിഭാഗം കോണ്‍ഗ്രസിനോട് അകന്നു. യു ഡി എഫിന്റെ സോഷ്യല്‍ എഞ്ചിനീയറിംഗ് പാളി. സംവരണവും മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്ന് ഓരോ വിഭാഗത്തെ ഒപ്പം നിര്‍ത്തിയുള്ള എല്‍ ഡി എഫ് നീക്കവും തിരിച്ചടിയായി
തിരുവനന്തപുരം | കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ ദയനീയ പരാജയത്തിന്റെ കാരണങ്ങള്‍ അക്കമിട്ട് നിരത്തി കെ പി സി സിയുടെ അന്വേഷണ സമിതി റിപ്പോര്‍ട്ട്. നേതാക്കള്‍ പരസ്പരം കാലുവാരിയത് തോല്‍വിക്ക് പ്രധാന കാരണമായെന്ന് റിപ്പോര്‍ട്ട് പൊതുവില്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടി തോറ്റ എല്ലാ മണ്ഡലങ്ങളിലേയും സാഹചര്യം പ്രത്യേകം പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എല്ലായിടത്തും കാലുവാരലും തമ്മില്‍ കുത്തും സംബന്ധിച്ച പരാതികള്‍ ലഭിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. ദുര്‍ബലമായ സംഘടാനാ സംവിധാനമായിരുന്നു പാര്‍ട്ടിക്കുണ്ടായിരുന്നു. ഇതും തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു.
മുന്‍കാലങ്ങളില്‍ നിന്ന് വിത്യസ്തമായി ന്യൂനപക്ഷ വിഭാഗങ്ങളില്‍ ( പ്രത്യേകിച്ച് മുസ്ലിം) പാര്‍ട്ടിയോട് അകന്നതും തിരിച്ചടിയുടെ ആഴം വര്‍ധിപ്പിച്ചു. മുസ്ലീം-കൃസ്ത്യന്‍ മതവിഭാഗങ്ങളിലെ ഓരോ വിഭാഗങ്ങളെയും അതിവിഗദ്ധമായി എല്‍ ഡി എഫ് ഒപ്പം നിര്‍ത്തി. നാടാര്‍ സംവരണം, ക്രൈസ്തവ വിഭാഗം അടക്കമുള്ള സാമുദായിക സംഘടനകളെ ഒപ്പം നിര്‍ത്താന്‍ ഇടതുപക്ഷം നടത്തിയ നീക്കങ്ങള്‍ എല്ലാം അവര്‍ക്ക് തുടര്‍ ഭരണം സമ്മാനിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.
എക്കാലവും യു ഡി എഫിനൊപ്പം അടിയുറച്ച് നിന്നിരുന്ന മുസ്ലീം വിഭാഗങ്ങള്‍ ഇടതിനൊപ്പം മാറിയത് വളരെ നിര്‍ണായകമാണ്. നേമം, കൊല്ലം, തൃത്താല അടക്കം പല മണ്ഡലങ്ങളിലെയും തോല്‍വിക്ക് ഇത് കാരണമായി. മുസ്ലീം വിഭാഗങ്ങളെ വിശ്വാസത്തിലെടുക്കാനായില്ലെങ്കില്‍ തിരിച്ചടി തുടരുമെന്നും സമിതി ഓര്‍മപ്പെടുത്തുന്നു. മലബാറിലാണ് സംഘടാന സംവിധാനത്തിന്റെ ദൗര്‍ബല്ല്യം വലിയ തോതില്‍ പ്രതിഫലിച്ചത്. കോഴിക്കോട് ജില്ലയിലുണ്ടായ വലിയ തിരിച്ചടിക്ക് സംഘടനാ സംവിധാനം പ്രധാന കാരണമാണ്. ബാലുശ്ശേരിയില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും സംഘടനയും രണ്ട് വഴിക്കായിരുന്നു. കോന്നി, വട്ടിയൂര്‍കാവ്, നെടുമങ്ങാട്, അമ്പലപ്പുഴ അടക്കമുള്ള മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥി മോഹികള്‍ സ്ഥാനാര്‍ഥികളുടെ തോല്‍വിക്ക് കാരണമായി.
യു ഡി എഫിന്റെ സോഷ്യല്‍ എഞ്ചിനീയറിംഗ് അമ്പേ പരാജയപ്പെട്ടു. ഇടുക്കി, പത്തനതിട്ട ജില്ലകളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സാമുദായിക സമവാക്യം പാളി. കുന്നത്ത് നാട്ടില്‍ ട്വന്റി ട്വന്റി പാരയായി. ജോസ് കെ മാണി പക്ഷത്തിന്റെ മുന്നണി മാറ്റം മധ്യകേരളത്തില്‍ തിരിച്ചടിയുണ്ടാക്കി. കഴക്കൂട്ടത്ത് മികച്ച സ്ഥാനാര്‍ഥിയായ ഡോ. എസ്എസ് ലാലിനെ ജനങ്ങളിലേക്കെത്തിക്കാന്‍ സംഘടനക്കായില്ല.
സര്‍ക്കാര്‍ അവസാന നിമിഷം ഇറക്കിയ നാടാര്‍ സംവരണം കാട്ടക്കട, പാറശ്ശാല, അരുവിക്കര, നെയ്യാറ്റിന്‍കര അടക്കമുള്ള മണ്ഡലങ്ങളിലെ തോല്‍വിക്ക് കാരണമായെന്നും റിപ്പോര്‍ട്ട് പറയുന്നു.


