Oddnews
മക്കയിലെ ഖുര്‍ആന്‍ മ്യൂസിയത്തില്‍ ഹിജ്റ പന്ത്രണ്ടാം നൂറ്റാണ്ടിലെ അപൂര്‍വ ഖുര്‍ആന്‍ പതിപ്പ് പ്രദര്‍ശനത്തിന്
കാലിഗ്രാഫറുടെ വൈദഗ്ധ്യവും കൃത്യതയും പ്രതിഫലിപ്പിക്കുന്ന കലാപരമായ യോജിപ്പിലാണ് ഖുര്‍ആന്‍ ലിപികള്‍ എഴുതിയിരിക്കുന്നത്. വ്യത്യസ്തമായ മ്യൂസിയം ശൈലിയിലാണ് പ്രതി തയ്യാറാക്കിയിട്ടുള്ളത്.
മക്ക | മക്കയിലെ ഹിറ കള്‍ച്ചറല്‍ ഡിസ്ട്രിക്റ്റിലുള്ള ഹോളി ഖുര്‍ആന്‍ മ്യൂസിയത്തില്‍ ഹിജ്റ പന്ത്രണ്ടാം നൂറ്റാണ്ടിലെ പേപ്പറില്‍ എഴുതിയ ഒരു അപൂര്‍വ വിശുദ്ധ ഖുര്‍ആന്‍ പ്രതി സന്ദര്‍ശകര്‍ക്കായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു, അതുല്യമായ നിര്‍മാണ രീതിയുടെ അടിസ്ഥാനത്തില്‍, വിശുദ്ധ ഗ്രന്ഥത്തിന് നല്‍കിയ കലാപരവും ആത്മീയവുമായ പരിചരണത്തിന്റെ നിലവാരമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
ദൈവിക ഗ്രന്ഥത്തോടുള്ള മുസ്‌ലിംകളുടെ കരുതലിനെ പ്രതിഫലിപ്പിക്കുന്ന അപൂര്‍വ ഖുര്‍ആന്‍ നിധികളില്‍ ഒന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. കാലിഗ്രാഫറുടെ വൈദഗ്ധ്യവും കൃത്യതയും പ്രതിഫലിപ്പിക്കുന്ന കലാപരമായ യോജിപ്പിലാണ് ഖുര്‍ആന്‍ ലിപികള്‍ എഴുതിയിരിക്കുന്നത്. വ്യത്യസ്തമായ മ്യൂസിയം ശൈലിയിലാണ് പ്രതി തയ്യാറാക്കിയിട്ടുള്ളത്. പുരാതന ഖുര്‍ആനുകള്‍ നിര്‍മിക്കുന്നതില്‍ കലാപരമായ സര്‍ഗാത്മകതയും നൂതനത്വവും എടുത്തുകാണിക്കുന്ന അസാധാരണ ശൈലിയില്‍, എഴുത്തിന്റെ ദിശകളുടെയും രൂപങ്ങളുടെയും വൈവിധ്യമാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്.
ഖുര്‍ആന്‍ പാഠത്തിന്റെയും അതിന്റെ ദൃശ്യ സൗന്ദര്യശാസ്ത്രത്തിന്റെയും കൃത്യത ഉറപ്പാക്കാന്‍ എടുത്ത വലിയ ശ്രദ്ധയുടെ വ്യക്തമായ സൂചനയായി, കടലാസ് പ്രതലത്തിന്റെ പരിമിതമായ സ്ഥലമുണ്ടായിട്ടും വായനയുടെ വ്യക്തത കണക്കിലെടുത്താണ് എഴുത്തുകള്‍ നിര്‍വഹിച്ചിരിക്കുന്നത്. ഖുര്‍ആനിന് ഏകദേശം അഞ്ച് മീറ്റര്‍ നീളവും ഏഴ് സെന്റീമീറ്ററില്‍ കൂടാത്ത വീതിയുമുണ്ട്. ഇത് ആകൃതിയിലും വലുപ്പത്തിലും അതിനെ ഒരു സവിശേഷ മാതൃകയാക്കുന്നു. കൂടാതെ, പാഠത്തിന്റെ വ്യക്തതയും അതിന്റെ കലാപരമായ സൗന്ദര്യശാസ്ത്രവും നിലനിര്‍ത്തിക്കൊണ്ട് ഇടുങ്ങിയ ഇടങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഖുര്‍ആന്‍ നിര്‍മാതാക്കളുടെ വൈദഗ്ദ്യം തെളിയിച്ചിട്ടുമുണ്ട്.
ലോകത്തിലെ ഏറ്റവും സമ്പന്നമായ ലൈബ്രറികളും അപൂര്‍വ ഇസ്‌ലാമിക ശേഖരങ്ങളും സൂക്ഷിച്ചിരിക്കുന്ന കിംഗ് ഫൈസല്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഇസ്‌ലാമിക് സ്റ്റഡീസിന്റെ ശേഖരത്തിലാണ് ഈ ഖുര്‍ആന്‍ സൂക്ഷിച്ചിരിക്കുന്നത്. പിന്നീട് അഷ്ടദിക്കുകളില്‍ നിന്നും ഒഴുകിയെത്തുന്ന വിശുദ്ധ മക്കയിലെ ഹോളി ഖുര്‍ആന്‍ മ്യൂസിയത്തില്‍ സന്ദര്‍ശകര്‍ക്കായി ഇത് പ്രദര്‍ശനത്തിനെത്തിക്കുകയായിരുന്നു.
വിശുദ്ധ ഖുര്‍ആനുകളുടെയും കൈയെഴുത്തു പ്രതികള്‍ പ്രദര്‍ശിപ്പിക്കുക വഴി മ്യൂസിയം സന്ദര്‍ശകരുടെ വൈജ്ഞാനികവും സാംസ്‌കാരികവുമായ അനുഭവം വര്‍ധിപ്പിക്കുക, ഇസ്‌ലാമിക കാലിഗ്രാഫി പൈതൃകത്തിന്റെ അതുല്യമായ ഉദാഹരണങ്ങള്‍ ലഭ്യമാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ഒരു സാംസ്‌കാരിക പങ്കാളിത്തത്തിന്റെ ചട്ടക്കൂടിനുള്ളില്‍, ഹോളി ഖുര്‍ആന്‍ മ്യൂസിയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കിംഗ് ഫൈസല്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഇസ്‌ലാമിക് സ്റ്റഡീസിന്റെ പങ്കാളിത്തത്തിന്റെ ഭാഗമായാണ് ഈ അപൂര്‍വ ഖുര്‍ആന്‍ പ്രതിയുടെ പ്രദര്‍ശനം.



