Saudi Arabia
'ലാന്‍ഡ് ബ്രിഡ്ജ്' പദ്ധതി ഘട്ടം ഘട്ടമായി നടപ്പാക്കും; 2034 ന് മുമ്പ് പൂര്‍ത്തിയാക്കും: സഊദി റെയില്‍വേ കമ്പനി
സ്വകാര്യ മീഡിയക്ക് അനുവദിച്ച 'ഇന്‍ ദി പിക്ചര്‍' എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് സഊദി റെയില്‍വേ കമ്പനി (എസ് എ ആര്‍) സി ഇ ഒ. എന്‍ജിനീയര്‍ ബഷര്‍ അല്‍-മാലിക് ഇക്കാര്യം സ്ഥിരീകരിച്ചത്.
ദമാം/ജിദ്ദ | സഊദി കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലിനെയും ദമാമിനെയും ബന്ധിപ്പിച്ച് റിയാദ് വഴി കടന്ന് പടിഞ്ഞാറ് ജിദ്ദ, യാന്‍ബു, കിംഗ് അബ്ദുല്ല തുറമുഖം എന്നിവിടങ്ങളില്‍ എത്തുന്ന ‘ലാന്‍ഡ് ബ്രിഡ്ജ്’ പദ്ധതി ഘട്ടം ഘട്ടമായി ആരംഭിക്കുമെന്നും 2034 ന് മുമ്പായി പൂര്‍ത്തീകരിക്കുമെന്നും സഊദി റെയില്‍വേ കമ്പനി (എസ് എ ആര്‍) അറിയിച്ചു.
സ്വകാര്യ മീഡിയക്ക് അനുവദിച്ച ‘ഇന്‍ ദി പിക്ചര്‍’ എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് സഊദി റെയില്‍വേ കമ്പനി (എസ് എ ആര്‍) സി ഇ ഒ. എന്‍ജിനീയര്‍ ബഷര്‍ അല്‍-മാലിക് സ്ഥിരീകരിച്ചു. പദ്ധതിക്ക് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവില്‍ നിന്നും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനില്‍ നിന്നും വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പ്രധാന അപ്ഡേറ്റുകള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ റെയില്‍ ലോജിസ്റ്റിക്‌സ് പദ്ധതി
രാജ്യത്തെ ഏറ്റവും വലിയ റെയില്‍ ലോജിസ്റ്റിക്‌സ് പദ്ധതിയായ ‘ലാന്‍ഡ് ബ്രിഡ്ജിന്’ 10,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ജുബൈല്‍, ദമാം, റിയാദ്, ജിദ്ദ, യാന്‍ബു, കിംഗ് അബ്ദുല്ല തുറമുഖം എന്നിവിടങ്ങളിലെ പ്രധാന തുറമുഖങ്ങള്‍, വ്യാവസായിക മേഖലകള്‍, ലോജിസ്റ്റിക്‌സ് സേവന കേന്ദ്രങ്ങള്‍ എന്നിവയുമായാണ് ഇത് ബന്ധിപ്പിക്കുന്നത്.
അത്യപൂര്‍വമായ വലിപ്പം കാരണം ഒരൊറ്റ സഖ്യത്തിന്മേല്‍ ഭാരമാകാതിരിക്കാനും നടപ്പാക്കല്‍ വേഗത്തിലാക്കാനും വേണ്ടി പദ്ധതിയെ വ്യത്യസ്ത ഭാഗങ്ങളായും ഘടനകളായും വിഭജിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. സഊദി കിരീടാവകാശി അധ്യക്ഷനായ സുപ്രീം കമ്മിറ്റി ഫോര്‍ ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ലോജിസ്റ്റിക്സിന്റെ മുന്‍ഗണനകളില്‍ പ്രഥമ പരിഗണനയാണ് ‘ലാന്‍ഡ് ബ്രിഡ്ജ്’ പദ്ധതിക്ക് നല്‍കിയിരിക്കുന്നത്.
‘സഊദി ലാന്‍ഡ് ബ്രിഡ്ജ്’ നിലവില്‍ വരുന്നതോടെ ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ ആസൂത്രിത അടിസ്ഥാന സൗകര്യ പദ്ധതിയായി ഇത് മാറും. കൂടാതെ ഗതാഗത മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ പദ്ധതികളില്‍ ഇടം നേടുകയും രാജ്യത്തിന്റെ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള റെയില്‍ ബന്ധം വര്‍ധിപ്പിക്കുകയും അന്താരാഷ്ട്ര വ്യാപാര, ലോജിസ്റ്റിക് സേവനങ്ങള്‍ക്ക് വിശാലമായ ചക്രവാളങ്ങള്‍ തുറക്കുകയും ചെയ്യുന്നതോടെ സാമ്പത്തിക രംഗത്ത് വലിയ സംഭാവനയാകും ലഭിക്കുക.



