Ongoing News
സഊദിയില്‍ വാഹനാപകടം; മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു
കാസര്‍കോട് വലിയപറമ്പ എ എല്‍ പി സ്‌കൂളിന് സമീപം താമസിക്കുന്ന മുബാറക് -റംലത്ത് ദമ്പതികളുടെ മകന്‍ റിയാസ് (35), ഉഡുപ്പി കുന്ദാപുര കോട്ടേശ്വര സ്വദേശികളായ ഇര്‍ഷാദ് അഹമ്മദ്-നജീന പര്‍വീന്‍ ദമ്പതികളുടെ മകന്‍ അമ്മാര്‍ അഹമ്മദ് (25) എന്നിവരാണ് മരിച്ചത്.
ദമാം | സഊദി അറേബ്യയിലെ അസീര്‍ പ്രവിശ്യയില്‍ ദക്ഷിണ പ്രദേശമായ അബഹക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവും കര്‍ണാടക സ്വദേശിയും മരിച്ചു. കാസര്‍കോട് വലിയപറമ്പ എ എല്‍ പി സ്‌കൂളിന് സമീപം താമസിക്കുന്ന മുബാറക് -റംലത്ത് ദമ്പതികളുടെ മകന്‍ റിയാസ് (35), ഉഡുപ്പി കുന്ദാപുര കോട്ടേശ്വര സ്വദേശികളായ ഇര്‍ഷാദ് അഹമ്മദ്-നജീന പര്‍വീന്‍ ദമ്പതികളുടെ മകന്‍ അമ്മാര്‍ അഹമ്മദ് (25) എന്നിവരാണ് മരിച്ചത്. അബഹയില്‍ നിന്നു 80 കിലോമീറ്റര്‍ അകലെ ജീസാന്‍ റൂട്ടിലെ ദര്‍ബിന് സമീപം തിങ്കളാഴ്ച രാത്രി പത്തോടെ മര്‍ദ എന്ന സ്ഥലത്തായിരുന്നു അപകടം.
ഇരുവരും സ്വകാര്യ കമ്പനിയായ സെന്‍ട്രല്‍ പോയിന്റ് ജീസാന്‍ ബ്രാഞ്ചിലെ ജീവനക്കാരായിരുന്നു, അബഹയിലെ റീജ്യണല്‍ ഓഫീസില്‍ നടന്ന മീറ്റിംഗില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ടൊയോട്ട യാരിസ് കാറിന് പിന്നില്‍ സ്വദേശി പൗരന്‍ ഓടിച്ചിരുന്ന വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. റിയാസും അമ്മാറും സംഭവസ്ഥലത്തുതന്നെ മരിച്ചു.
കാറിലുണ്ടായിരുന്ന സഹയാത്രികരായ മംഗലാപുരം സ്വദേശി തമീം, നേപ്പാള്‍ സ്വദേശി ബിഷാല്‍ എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ ദര്‍ബ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.



