Kerala
അമൃത് ഭാരത് എക്സ്പ്രസ്സ്: കോട്ടയം വഴി മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി സ്റ്റേഷനുകളില്‍ സ്റ്റോപ്പ്
അമൃത് ഭാരത് ട്രെയിനുകള്‍ക്ക് തിരുവല്ലയില്‍ സ്റ്റോപ്പ് അനുവദിച്ചതായി ആന്റോ ആന്റണി എം പിയും മാവേലിക്കര, ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എം പിയും അറിയിച്ചു.
പത്തനംതിട്ട | പുതിയതായി അനുവദിച്ച അമൃത് ഭാരത് എക്സ്പ്രസ്സ് ട്രെയിനുകള്‍ കോട്ടയം വഴി സര്‍വീസ് നടത്തും. നാഗര്‍കോവില്‍-മംഗലാപുരം, തിരുവനന്തപുരം-ചാര്‍ലപ്പള്ളി (ഹൈദരാബാദ്) അമൃത് ഭാരത് എക്സ്പ്രസ്സ് ട്രെയിനുകളാണ് കോട്ടയം വഴി സര്‍വീസ് നടത്തുന്നത്. അമൃത് ഭാരത് ട്രെയിനുകള്‍ക്ക് തിരുവല്ലയില്‍ സ്റ്റോപ്പ് അനുവദിച്ചതായി ആന്റോ ആന്റണി എം പിയും മാവേലിക്കര, ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എം പിയും അറിയിച്ചു. ഈ ട്രെയിനുകളുടെ ഫ്ളാഗ് ഓഫ് ജനുവരി 23ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി നിര്‍വഹിക്കും.
തിരുവല്ലയില്‍ എത്തിച്ചേരുന്ന ട്രെയിനുകള്‍ക്ക് ജനപ്രതിനിധികളുടെയും റെയില്‍വേ ഉദ്യോഗസ്ഥരുടെയും മറ്റും നേതൃത്വത്തില്‍ വമ്പിച്ച സ്വീകരണം നല്‍കും. അമൃത് ഭാരത് എക്സ്പ്രസ്സ് ട്രെയിനുകള്‍ പത്തനംതിട്ട ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്പെടുന്നതാണെന്നും ദീര്‍ഘദൂര യാത്രകള്‍ കൂടുതല്‍ സൗകര്യപ്രദമാകുന്നതിനൊപ്പം, മേഖലയിലെ വികസനത്തിനും സഹായകരമാകുമെന്നും എം പി പറഞ്ഞു. ഈ രണ്ട് ട്രെയിനുകളും കോട്ടയം വഴി ഓടിക്കണമെന്ന ആവശ്യം നേരത്തേ റെയില്‍വേ മന്ത്രിയുടെയും റെയില്‍വേ ബോര്‍ഡിന്റെയും മുന്നില്‍ ഉന്നയിച്ചിരുന്നതായും ഇതിനാണ് അനുകൂല തീരുമാനമുണ്ടായിരിക്കുന്നതെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
മാവേലിക്കര, ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചതോടെ മധ്യകേരളത്തിലെ സാധാരണ യാത്രക്കാര്‍ക്ക് മംഗലാപുരം, ഹൈദരാബാദ് മേഖലകളിലേക്ക് കൂടുതല്‍ മെച്ചപ്പെട്ട റെയില്‍ബന്ധം ഉറപ്പാക്കാന്‍ സാധിക്കുമെന്നും കൊടിക്കുന്നില്‍ വ്യക്തമാക്കി. നോണ്‍-എസി വിഭാഗത്തിലുള്ള, സാധാരണ ജനങ്ങളെ ലക്ഷ്യമിട്ട് രൂപകല്‍പ്പന ചെയ്ത അമൃത് ഭാരത് എക്സ്പ്രസ്സ് ട്രെയിനുകള്‍ കോട്ടയം വഴി സര്‍വീസ് നടത്തുന്നത് വിദ്യാഭ്യാസം, തൊഴില്‍, ചികിത്സ, വ്യാപാരം എന്നിവക്കായി യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് വലിയ ആശ്വാസമാകുമെന്നും എം പി ഫേസ് ബുക്കില്‍ കുറിച്ചു.



