Connect with us

Prathivaram

ചരിത്രത്തിന്റെ മായിക ഭാവനാവിഷ്കാരം

ഗുർനയുടെ പുസ്തകങ്ങൾ അധിനിവേശ കാലത്തെയും, അധിനിവേശാനന്തര കാലത്തെയും ടാൻസാനിയയെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്നവയാണ്. ജർമൻകാരുടെയും ബ്രിട്ടീഷുകാരുടെയും കടന്നുവരവ് എങ്ങനെയാണ് തദ്ദേശീയ സംസ്കാരങ്ങളെ തകിടംമറിച്ചതെന്നും, അവർക്ക് തീരെ അന്യമായിരുന്ന യൂറോപ്യൻ സംസ്കാരത്തിന്റെ അകങ്ങളിലേക്കു പ്രവേശിക്കേണ്ടി വന്നതെന്നും കാണിക്കുന്നു.

Published

|

Last Updated

ചരിത്രം അക്കാദമിക സ്വഭാവത്തോടെ എഴുതുമ്പോൾ വസ്തുനിഷ്ഠതയുടെ ബലമതിന് ഉണ്ടാകുമ്പോഴും, ജനകീയമായ വായനകൾ കുറഞ്ഞുപോകും. പലപ്പോഴും ചരിത്ര പഠനത്തിൽ താത്പര്യമുള്ളവർ മാത്രമായിരിക്കും വായനക്കാർ. ഒരു പ്രത്യേക ക്ലാസിലേക്ക് വായന പരിമിതപ്പെട്ടേക്കും. ലോകത്ത് ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന എഴുത്തിന്റെ രീതിയായ നോവലിലേക്ക് ചരിത്രത്തെ കൊണ്ടുവരുന്ന പ്രവണത കുറച്ചു പതിറ്റാണ്ടുകളായി അതിനാൽ തന്നെ വർധിച്ചുവരുന്നു. ഹിസ്റ്റോറിക്കൽ ഫിക്്ഷൻ എന്ന കാറ്റഗറിയിലാണ് അത്തരം പുസ്തകങ്ങൾ വ്യവഹരിക്കപ്പെട്ടുവരുന്നത്.

എന്നാൽ, പൂർണമായും ചരിത്രത്തെ ഫിക്്ഷൻ ആക്കാതെ, അതേസമയം എഴുതുന്ന രചനകളിൽ ചരിത്രത്തിലെ സവിശേഷ സംഭവങ്ങൾ വായനക്കാരിൽ അതീവ സ്വാധീനം ഉണ്ടാക്കി ഉൾക്കൊള്ളിക്കുന്ന വിധത്തിൽ രചിക്കുന്ന പുസ്തകങ്ങളുണ്ട്. അവയെ ചരിത്ര നോവലുകൾ എന്ന് വിളിക്കാനാകില്ല. എന്നാൽ, ചരിത്രം അവക്ക് അന്യവും ആകില്ല. ഈ വർഷം സാഹിത്യത്തിന് നൊബേൽ ലഭിച്ച അബ്ദുർറസാഖ് ഗുർനയുടെ രചനകളെ അത്തരത്തിൽ ചരിത്രത്തിന്റെ മായികമായ ഭാവനാവിഷ്കാരം എന്ന് വിളിക്കാവുന്നതാണ്.

ടാൻസാനിയയിലെ സാൻസിബാർ ആണ് ഗുർനയുടെ ജന്മദേശം. സൂഫികളുടെ നാടെന്ന പേരിൽ വിശ്രുതമാണ് ഈ സ്ഥലം. ചരിത്ര പണ്ഡിതയായ ആനി കെ ബാങ്കിന്റെ പ്രശസ്തമായ ഒരു അക്കാദമിക പുസ്തകമുണ്ട്- സുഫിസ് ആൻഡ് സ്കോളേഴ്സ് ഓഫ് ദി സീ. ഈ പുസ്തകത്തിൽ പ്രധാനമായും വിവരിക്കുന്നത് സാൻസിബാറിൽ ജീവിച്ച സൂഫികളെ പറ്റിയാണ്. അറബ് ദേശങ്ങളിൽ നിന്ന് കടൽ വഴി വന്നെത്തിയ സൂഫി പണ്ഡിതരും അവരുടെ താവഴികളും സാൻസിബാറിന്റെ രാഷ്ട്രീയ സാമൂഹിക ജീവിതത്തെ എങ്ങനെയാണ് സമ്പന്നമാക്കിയത് എന്നവർ വിവരിക്കുന്നു. ഇസ്്ലാമിക സംസ്കാരം ആഴത്തിൽ വേരൂന്നിയ ദേശമാണ് സാൻസിബാർ. നമ്മുടെ മലബാറുമായി പലതരത്തിൽ സാമ്യമുള്ള കടലിനോടു ചേർന്നുള്ള നഗരം.

ഗുർനയുടെ പുസ്തകങ്ങൾ അധിനിവേശ കാലത്തെയും, അധിനിവേശാനന്തര കാലത്തെയും ടാൻസാനിയയെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്നവയാണ്. ജർമൻകാരുടെയും ബ്രിട്ടീഷുകാരുടെയും കടന്നുവരവ് എങ്ങനെയാണ് തദ്ദേശീയ സംസ്കാരങ്ങളെ തകിടംമറിച്ചതെന്നും, അവർക്ക് തീരെ അന്യമായിരുന്ന യൂറോപ്യൻ സംസ്കാരത്തിന്റെ അകങ്ങളിലേക്കു പ്രവേശിക്കേണ്ടി വന്നതെന്നും കാണിക്കുന്നു. 2020ൽ പുറത്തിറങ്ങിയ ആഫ്റ്റർലൈവ്സ് – ജിവിതാനന്തരം- എന്ന ഗുർനയുടെ നോവൽ ആ അർഥത്തിൽ വളരെ ശ്രദ്ധേയമാണ്. ജർമൻ അധിനിവേശം വരുന്നതോടെ ജനങ്ങളുടെ ജീവിതഗതികൾ പ്രവചനാതീതമാകുന്നു. ഇന്ത്യയുമായും അറേബ്യയുമായും ഒക്കെയായിരുന്നു പ്രധാനമായും സിൻസിബാറിലെ ജനങ്ങളുടെ കച്ചവടങ്ങൾ. കയറ്റുമതി – ഇറക്കുമതിയിലൂടെയും, കപ്പൽ യാത്രകളിലൂടെയും വരുന്ന വരുമാനമായിരുന്നു നൂറ്റാണ്ടുകളായി അവരുടെ ജീവിതാഭയം. ആ കച്ചവടങ്ങൾ സാത്വികമായിരുന്നു. കൊള്ളയടിക്കലിന്റെ ഭാവമതിന് ഉണ്ടായിരുന്നില്ല. തങ്ങൾ കാണാത്ത സമുദ്രത്തിനപ്പുറം നിലകൊള്ളുന്ന ഇന്ത്യയിൽ നിന്നുള്ള കച്ചവടക്കാർക്ക് മുൻകൂറായി സ്വർണവും വെള്ളിയുമൊക്കെ നൽകാൻ പോലും അവർക്ക് മടിയുണ്ടായിരുന്നില്ല. ഇന്ത്യയിലെയും ഒമാനിലെയും കച്ചവടക്കാർക്ക് മക്കളെ വിവാഹം ചെയ്തു നൽകുമായിരുന്നു. അത്രമേൽ സാംസ്കാരികമായ ദൃഢതയുള്ളതായിരുന്നു അവരുടെ ബന്ധങ്ങൾ.
ഈ ബന്ധത്തെ വിവരിക്കുന്ന, രണ്ട് സംഭവങ്ങൾ “ആഫ്റ്റർലൈവ്സിൽ’ ഗുർന വിവരിക്കുന്നു. ഒന്ന് ഇതിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായ ഖലീഫ ഒരു ഗുജറാത്തി കച്ചവടക്കാരന്റെ മകനാണ്. മകനെ വലിയൊരാളാക്കണമെന്നായിരുന്നു അയാളുടെ ആശ. അതിനായി ബോംബയിൽ അയച്ചു, കുടുംബ സുഹൃത്തുക്കൾ വഴി വിദ്യാഭ്യാസം നൽകി. പക്ഷേ, അദ്ദേഹത്തിന്റെ പദ്ധതികൾ എല്ലാം തകർത്തുകളഞ്ഞത് ജർമൻ അധിനിവേശവും വന്യമായ രീതിയിൽ ആളുകളെ മരണത്തിലേക്ക് കൊണ്ടുപോയിരുന്ന മലേറിയയുമാണ്. അധിനിവേശം ആരംഭിച്ചതോടെ, കച്ചവടം തകർന്നു. മകനെ തിരികെ കൊണ്ടുവന്നു. അവസാന കാലത്ത് ദൈന്യമായ ജീവിതം നയിക്കാനായിരുന്നു വിധി. ഖലീഫയുടെ ഉമ്മയും ഉപ്പയും ഏതാണ്ടൊരേ കാലത്ത് മരണപ്പെട്ടു. കൗമാര പ്രായം മാത്രമായിരുന്നു അവനന്ന്. മറ്റൊരു സംഭവം, തന്റെ ഒറ്റപെടലിനു ശേഷം ഒരു കച്ചവടക്കാരന്റെ ഷോപ്പിൽ ക്ലാർക്ക് ആയി ജോലിനോക്കുകയാണ് ഖലീഫ. സമുദ്ര വ്യാപാരത്തിന്റെ അന്നത്തെ സ്ഥിതി ഖലീഫയുടെ നോവലിസ്റ്റ് വിവരിക്കുന്നുണ്ട്. ലാഭം കിട്ടുമെന്ന് മോഹിച്ചു ഒരുപാട് സാധനങ്ങൾ ഇന്ത്യൻ കച്ചവടക്കാർക്ക് വിൽക്കാൻ നൽകിയിരിക്കുകയാണ് ഉടമ. എന്നാൽ, ജർമൻകാരുടെ വരവ് കടലിനെ സംഘർഷഭരിതമാക്കി. കാണുന്നവരെയൊക്കെ അവർ വെടിവെച്ചു കൊന്നു. അതോടെ ഇന്ത്യൻ കച്ചവടക്കാരുടെയൊക്കെ വരവവസാനിച്ചു. വലിയ നഷ്ടമുണ്ടാക്കി ഈ ഏർപ്പാട്.

ജർമൻകാർ തങ്ങളുടെ അധിനിവേശത്തെ സ്വയം വിശേഷിപ്പിക്കുന്നത് ഒരു നാഗരികവത്കരണം എന്ന നിലയിലാണ്. ഒരേ സമയം ക്രിസ്തുമത പ്രചാരണവും അതിലൂടെ നടക്കുന്നുണ്ട്. നോവലിലെ കഥാപാത്രമായ ഹംസ അത് വിവരിക്കുന്നുണ്ട്. ഒരു ജർമൻ പട്ടാള കമാൻഡറുടെ ക്രൂരമായ ആക്രമണത്തിന് ഇരയായ ഹംസയെ ചികിത്സിക്കുന്നത്, മിഷിനറി പ്രവർത്തനത്തിനായി എത്തുന്ന ഒരു പാസ്റ്റർ ആണ്. അയാളുടെ താത്പര്യം, ടാൻസാനിയൻ വാസികളെ നാഗരികവത്കരിക്കുക എന്നതാണ്. അഥവാ അന്നുവരെയുള്ള അവരുടെ കളങ്കരഹിതമായ ജീവിതം, സാംസ്‌കാരിക ആദാന പ്രധാനങ്ങൾ ഒന്നും ജർമൻകാരുടെ കണ്ണിൽ വിശുദ്ധമായിരുന്നില്ല. ക്രൈസ്തവ മത വത്കരണത്തിൽ അധിഷ്ഠിതമായ, അതോടൊപ്പം ലാഭം എന്ന ഏർപ്പാടിൽ മാത്രം കണ്ണുവെച്ചുള്ള, അതിനായി എന്ത് അനീതിയും ചെയ്യുന്ന മനുഷ്യത്വ നിരാസത്തിന്റെ ഉള്ളടക്കമായിരുന്നു കൊളോണിയൽ രാജ്യങ്ങളുടെ ന്യായങ്ങൾ.

ഗുർനയുടെ മിക്ക നോവലുകളിലും കോളനിവത്കരണം ആഫ്രിക്കക്കുമേൽ ഏൽപ്പിച്ച കഠിനമായ സാംസ്‌കാരിക ദുരന്തങ്ങളെ അനാവരണം ചെയ്യുന്നു. ഇസ്്ലാമിക സംസ്കൃതിയുടെ ഊടും പാവും പലയിടങ്ങളിലും മനോഹരമായി വർണിക്കുന്നു. റബീഉൽ അവ്വലിൽ മൗലിദ് പാരായണം ചെയ്യുന്ന വീടുകൾ, പള്ളികളെയും അവിടത്തെ ഇമാമാമുമാരെയും കേന്ദ്രീകരിച്ചുള്ള ഇസ്്ലാമിക വിദ്യാഭ്യാസ സംവിധാനം, ഖുർആൻ പഠനത്തിന്റെ തലമുറ കൈമാറ്റങ്ങൾ. സൂഫികളായ മനുഷ്യരുടെ ലളിത ജീവിതങ്ങൾ അങ്ങനെ ഒട്ടേറെ ചിത്രങ്ങൾ, ഒരു കേരളീയ മുസ്്ലിമിന് വേഗത്തിൽ മനസ്സിലാകുന്ന, തങ്ങളുടെ തന്നെ ചരിത്രത്തിന്റെ ഇന്നലെകളിലേക്കാണോ ഗുർനയുടെ ആവിഷ്കരണങ്ങൾ വലിച്ചുകൊണ്ട് പോകുന്നത് എന്ന് തോന്നുന്ന തരത്തിലുള്ള വിവരണങ്ങൾ.
സുന്ദരമായ ഭാഷയും വിവരണ ശേഷിയും ഗുർനയുടെ പുസ്തകങ്ങളുടെ പാരായണം ഹൃദ്യമാക്കുന്നു. സ്വാഹിലി ഭാഷയിലായിരുന്നു കുട്ടിക്കാലത്തെ അദ്ദേഹത്തിന്റെ പരിചയങ്ങൾ എങ്കിലും, ബ്രിട്ടനിലേക്ക് എത്തി ഇംഗ്ലീഷ് സാഹിത്യ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ഇംഗ്ലീഷിൽ അതിമനോഹരമായ രചനകൾ നടത്താനായി. കോളനിവത്കരണ കാലത്തിന്റെ വിഹ്വലതകൾ, പാവപ്പെട്ട മനുഷ്യരുടെ അതിജീവത്തിനു വേണ്ടിയുള്ള പിടച്ചിലുകൾ തീവ്രതയോടെ അടയാളപ്പെടുത്തിയ ഗുർനക്ക് നൊബേൽ ലഭിച്ചത് സാഹിത്യ പ്രേമികളെ സന്തോഷിപ്പിക്കുന്നു.

Latest