Connect with us

Articles

ജാതിച്ചൂടിൽ താമര വാടും

ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സുപ്രധാന സംസ്ഥാനങ്ങളിൽ ബി ജെ പി പ്രതീക്ഷിച്ചിരുന്ന ജാതി വോട്ട് പാറ്റേണുകളിൽ മാറ്റമുണ്ടായിരിക്കുന്നുവെന്നതാണ് മോദിയുടെ പ്രകോപനത്തിന് കാരണമെന്നാണ് വിലയിരുത്തൽ. സ്ഥാനാർഥി നിർണയത്തിൽ പ്രാതിനിധ്യക്കുറവും ആവശ്യങ്ങളിലെ ബി ജെ പി ഇരട്ടത്താപ്പും ജാതി സംഘടനകൾ ഉയർത്തിയതോടെ ബി ജെ പി ഗ്രൗണ്ടിൽ വിയർക്കുന്ന കാഴ്ചയാണ് ദൃശ്യമായത്.

Published

|

Last Updated

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വലിയ ആത്മവിശ്വാസത്തിലായിരുന്നു ബി ജെ പിയും സഖ്യകക്ഷികളും. അബ്കി ബാർ ചാർ സൗ പാർ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ ബി ജെ പി പ്രാദേശിക നേതാക്കൾ വരെ ഉയർത്തിയിരുന്ന മുദ്രവാക്യം. എന്നാൽ, ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ മോദിക്ക് ആ വലിയ കോൺഫിഡൻസ് നഷ്ടമായിരിക്കുന്നു. ഒന്നാം ഘട്ട വോട്ടെടുപ്പിന് ശേഷം പ്രധാനമന്ത്രി കോൺഗ്രസ്സിന് വോട്ട് ചെയ്യല്ലേ എന്നാണ് അലറി വിളിക്കുന്നത്. മുസ്‌ലിം വിദ്വേഷവും കോൺഗ്രസ്സ് ആക്രമണവും സമം ചേർത്താണ് അദ്ദേഹം എല്ലാ തിരഞ്ഞെടുപ്പ് റാലികളിലും ഇപ്പോൾ പ്രസംഗിക്കുന്നത്.

ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സുപ്രധാന സംസ്ഥാനങ്ങളിൽ ബി ജെ പി പ്രതീക്ഷിച്ചിരുന്ന ജാതി വോട്ട് പാറ്റേണുകളിൽ മാറ്റമുണ്ടായിരിക്കുന്നുവെന്നതാണ് മോദിയുടെ പെട്ടന്നുള്ള പ്രകോപനത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാമക്ഷേത്രം ഉൾപ്പെടെയുള്ള ഹിന്ദുത്വ അജൻഡകൾ നടപ്പാക്കിയത് വഴി ഈസി വാക്കോവറായിരുന്നു മോദിയും സംഘവും പ്രതീക്ഷിച്ചിരുന്നത്. സ്ഥാനാർഥി നിർണയത്തിൽ തങ്ങളുടെ പ്രാതിനിധ്യക്കുറവും സാമുദായിക ആവശ്യങ്ങളിലെ ബി ജെ പി ഇരട്ടത്താപ്പും ജാതി സംഘടനകൾ ഉയർത്തിയതോടെ ബി ജെ പി ഗ്രൗണ്ടിൽ വിയർക്കുന്ന കാഴ്ചയാണ് ഒന്നാം ഘട്ടത്തിലും തൊട്ടുപിന്നാലെ നടന്ന രണ്ടാം ഘട്ടത്തിലും ദൃശ്യമായത്.

യു പിയിൽ ക്ഷത്രിയർ

2019ൽ ഉത്തർ പ്രദേശിലെ 80 സീറ്റുകളിൽ 64 സീറ്റുകളിലും ബി ജെ പിയും സഖ്യകക്ഷികളുമായിരുന്നു വിജയം നേടിയിരുന്നത്. രാജസ്ഥാനിലെ 25 സീറ്റിൽ 25 ഉം മധ്യപ്രദേശിലെ 29ൽ 28ഉം എൻ ഡി എ പിടിച്ചെടുത്തു. 2024ൽ സ്ഥിതി വ്യത്യസ്തമാകും. ഒന്നാം ഘട്ട വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ഇക്കുറി 2019 ആവർത്തിക്കില്ലെന്ന് മോദിക്കും സംഘത്തിനും മനസ്സിലായിട്ടുണ്ട്.

രാമക്ഷേത്രം, ആർട്ടിക്കിൾ 370, സി എ എ ഉൾപ്പെടെയുള്ളവ വഴി ഉണ്ടാക്കിയെടുത്ത വർഗീയ ഏകീകരണം തിരഞ്ഞെടുപ്പ് വരേക്കും നിലനിർത്താൻ കഴിഞ്ഞിട്ടില്ല. ഓരോ സംസ്ഥാനങ്ങളിലും ജാതി അജൻഡകൾ പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി ഉയർന്നുവന്നിട്ടുണ്ട്. പല മേഖലകളിലും ഇത് ബി ജെ പിക്കാണ് തിരിച്ചടിയായത്.

ഉത്തർ പ്രദേശിൽ ബി ജെ പിയുടെ സ്ഥിരം വോട്ടുബേങ്കായ ക്ഷത്രിയ സമുദായം ബി ജെ പി വിരുദ്ധരായി മാറിയിട്ടുണ്ട്. തങ്ങളുടെ സമുദായത്തിൽ നിന്നുള്ള അംഗങ്ങൾക്ക് കൃത്യമായ പ്രതിനിധ്യം നൽകാൻ ബി ജെ പി തയ്യാറായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി രജ്പുത് (ഠാക്കൂർ) വിഭാഗം ബി ജെ പി ഇതര സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്തു.

2001ലെ ഹുകും സിംഗ് സമിതി റിപോർട്ട് പ്രകാരം ഉത്തർപ്രദേശിൽ ഠാക്കൂർ ജനസംഖ്യ എട്ട് ശതമാനത്തോളമാണ്. കഴിഞ്ഞ രണ്ട് ഘട്ട തിരഞ്ഞെടുപ്പുകൾ നടന്ന പടിഞ്ഞാറൻ യു പിയിലെ മൊത്തം ജനസംഖ്യയുടെ 10 ശതമാനത്തോളവും ഠാക്കൂർ വിഭാഗമാണ്. ഒന്നാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന പശ്ചിമ യു പിലെ പല മണ്ഡലങ്ങളിലും ഠാക്കൂർ വോട്ടർമാർ ഒന്നുകിൽ ബി ജെ പിക്കെതിരെ വോട്ട് ചെയ്യുകയോ അല്ലെങ്കിൽ വിട്ടുനിൽക്കുകയോ ചെയ്തുവെന്നാണ് റിപോർട്ടുകൾ. ബി ജെ പി യുടെ സിറ്റിംഗ് സീറ്റായ ഷാഹറൻപൂർ മണ്ഡലം ഉൾപ്പെടെയുള്ളവയിലെ ഫലത്തിൽ ഇത് പ്രതിഫലിക്കുമെന്നും റിപോർട്ടുകൾ വ്യക്തമാക്കുന്നു.

രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഗാസിയാബാദ്, ഗൗതംബുദ്ധ നഗർ, ഭാഗ്പത് ഉൾപ്പെടെയുള്ള മേഖലകളിലും ഠാക്കൂർ വിഭാഗം ബി ജെ പിയെ കൈയൊഴിഞ്ഞുവെന്നാണ് റിപോർട്ടുകൾ. ക്ഷത്രിയരെ പിന്തുണക്കുന്നുവെന്ന് അവകാശപ്പെടുന്ന ബി ജെ പി സ്ഥാനാർഥി നിർണയത്തിൽ തങ്ങളുടെ സമുദായത്തെ അവഗണിച്ചുവെന്ന് ഠാക്കൂർ സംഘടനകൾ പരസ്യമായി വ്യക്തമാക്കിയിരുന്നു. ബി ജെ പി ഇതര പാർട്ടികൾക്ക് വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.

പടിഞ്ഞാറൻ യു പിലെ വിവിധ മേഖലയിൽ മുസ്‌ലിം സ്വാധീന മണ്ഡലങ്ങളിൽ ഠാക്കൂർ ഉൾപ്പെടെയുള്ളവരുടെ വോട്ട് കൂടി ലഭിച്ചിട്ടുണ്ടെങ്കിൽ അത് സമാജ് വാദി പാർട്ടിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യത്തിന് ഗുണകരമായി മാറും. കരിമ്പ് കർഷകർ അധികമായി വസിക്കുന്ന ഈ മേഖലകളിൽ കർഷക പ്രക്ഷോഭം ഉൾപ്പെടെയുള്ളവയും മോദി സർക്കാർ വിരുദ്ധതക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

ഒ ബി സി വിഭാഗമായ ജാട്ട് വോട്ടുകളിൽ നിശ്ചിത ശതമാനം കർഷക വിഷയങ്ങളെച്ചൊല്ലി ഇന്ത്യാ സഖ്യത്തിന് വീണിരിക്കുമെന്നാണ് വിലയിരുത്തൽ. 2019ലെ മോദി തരംഗത്തിലും പശ്ചിമ യു പിയിൽ നിന്നുള്ള മണ്ഡലങ്ങളിൽ ബി എസ് പിയും എസ് പിയും സീറ്റുകൾ നേടിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഈ മേഖലയിൽ നിന്ന് അഖിലേഷ് യാദവിന്റെ എസ് പി സഖ്യത്തിന് വലിയ തോതിൽ സീറ്റുകൾ ലഭിച്ചിരുന്നു. പുതിയ സാഹചര്യങ്ങൾകൂടി കടന്നുവന്നതോടെ ഈ മേഖയിൽ ബി ജെ പിക്ക് പ്രതീക്ഷിച്ചതിലും വലിയ തിരിച്ചടിയുണ്ടായേക്കും.

രാജസ്ഥാനിൽ ജാട്ടുകൾ

2014, 2019 പോലെയല്ല രാജസ്ഥാനിലേയും സ്ഥിതിഗതികൾ. ജാട്ട് വിഭാഗങ്ങൾക്ക് ആധിപത്യമുള്ള ഷെഖാവതി മേഖലയിൽ ഇക്കുറി ബി ജെ പിക്ക് ചില നഷ്ടങ്ങളുണ്ടാകുമെന്നാണ് പ്രവചിക്കപ്പെടുന്നത്. പഴയത് പോലെ മോദി വികാരം രാജസ്ഥാനിൽ ഒരിടത്തും ദൃശ്യമായിരുന്നില്ല. ദൗസ, സിക്കാർ, ചുരു, ജുൻജുനു തുടങ്ങിയ ഷെഖാവതി മേഖലയിൽ കോൺഗ്രസ്സും ബി ജെ പിയും തമ്മിൽ കടുത്ത മത്സരമാണ് നടന്നത്. ഹിന്ദുത്വ വികാരത്തിന് അപ്പുറം പ്രാദേശിക പ്രശ്നങ്ങളാണ് പല മണ്ഡലങ്ങളിലും ഉയർന്നു വന്നത്. പല മേഖലകളിലും ഗുജ്ജറുകളും അസന്തുഷ്ടരാണ്. അവർ കോൺഗ്രസ്സിനെ ഒരു ഓപ്ഷനായി കണ്ടിട്ടുണ്ട്. ഇക്കുറി ഏതായാലും ബി ജെ പിക്ക് രാജസ്ഥാനിൽ 25 സീറ്റ് പൂർണമായി ലഭിക്കില്ലെന്ന് ഉറപ്പായിക്കഴിഞ്ഞിട്ടുണ്ട്.

പാർട്ടിയുടെ കോട്ടയായ ഗുജറാത്തിൽ പോലും ബി ജെ പി പ്രതീക്ഷിക്കുന്നത് പോലെയല്ല ജാതി സമവാക്യങ്ങൾ. തിരഞ്ഞെടുപ്പ് അടുത്തതോടെ ഗുജറാത്തിൽ അപ്രതീക്ഷിതമായിട്ടാണ് ബി ജെ പിക്ക് ക്ഷത്രിയ പ്രതിഷേധത്തെ നേരിടേണ്ടി വന്നിരിക്കുന്നത്. രാജ്കോട്ടിലെ ബി ജെ പി സ്ഥാനാർഥിയും കേന്ദ്ര മന്ത്രിയുമായ പർഷോത്തം രൂപാല ക്ഷത്രിയ സമുദായത്തിനെതിരെ നടത്തിയ പ്രസ്താവനയാണ് ഗുജറാത്തിൽ ക്ഷത്രിയ രോഷത്തിന് ഹേതുവായി തീർന്നത്. ‘പല വിദേശികളും നമ്മെ ഭരിച്ചു.

അവരൊക്കെ പല വിധത്തിൽ പീഡിപ്പിച്ചു. ബ്രിട്ടീഷുകാരും അവരിലുണ്ട്. നമ്മുടെ പല രാജാക്കൻമാരും അവർക്ക് വഴങ്ങിക്കൊടുത്തു. പെൺമക്കളെ കെട്ടിച്ചുകൊടുത്തു’വെന്നായിരുന്നു മറ്റൊരു സമുദായത്തെ ഉയർത്തി പറയുന്നതിനായി രൂപാല പറഞ്ഞത്. എന്നാൽ ഇത് ഗുജറാത്തിലെ ക്ഷത്രിയ വംശങ്ങൾക്കിടയിൽ വലിയ പ്രതിഷേധം ഉയർത്തി.

ക്ഷത്രിയ സംഘടനകൾ തെരുവിൽ യോഗം വിളിച്ച് ബി ജെ പി വിരുദ്ധ പ്രസ്താവനകൾ നടത്തി. ബി ജെ പി നേതാക്കൾ സംസ്ഥാനത്തെ 108 ക്ഷത്രിയ സംഘടനകളെ നേരിട്ട് വിളിച്ച് പ്രശ്‌ന പരിഹാരത്തിന് ശ്രമം നടത്തിയിട്ടുണ്ട്. ക്ഷത്രിയ സംഘടനകളുടെ സങ്കലൻ സമിതിയുടെ രണ്ടാമത്തെ പ്രധാന കൺവെൻഷൻ ഇന്ന് വൈകുന്നേരം സൂറത്ത് ജില്ലയിലെ ഖാലി ഗ്രാമത്തിലെ കേദാരേശ്വർ മഹാദേവ ക്ഷേത്ര മൈതാനിയിൽ നടക്കും. ഇവിടെ വെച്ചായിരിക്കും വിഷയത്തിൽ ക്ഷത്രിയ സംഘടനകളുടെ തിരഞ്ഞെടുപ്പിലെ അന്തിമ നിലപാട് പ്രഖ്യാപിക്കുക.

മഹാരാഷ്ട്രയിൽ മറാത്ത

മഹാരാഷ്ട്രയിലും ജാതി പ്രശ്‌നങ്ങൾ തിരഞ്ഞെടുപ്പ് അജൻഡയായി രൂപപ്പെട്ടിട്ടുണ്ട്. മറാത്ത വിഭാഗത്തിന് ജോലിയിലും വിദ്യാഭ്യാസത്തിലും 10 ശതമാനം സംവരണം ഏർപ്പെടുത്തിയത് നടപ്പാക്കാത്തതുമായി ബന്ധപ്പെട്ടതാണ് മാഹാരാഷ്ട്രയിലെ പ്രശ്‌നം. മറാത്ത വിഭാഗത്തിന് പത്ത് ശതമാനം സംവരണം നൽകുന്ന ബില്ല് നിയമസഭ ഏകകണ്ഠമായാണ് പാസ്സാക്കിയതെങ്കിലും അത് നടപ്പിലാക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്. ഈ വികാരം മുതലെടുക്കാൻ ഇന്ത്യ സഖ്യം ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ബി ജെ പിക്ക് വേണ്ടി ഒ ബി സി വിഭാഗങ്ങൾ മത്സരിക്കുന്ന പല മണ്ഡലങ്ങളിലും ഇന്ത്യ മുന്നണിക്ക് വേണ്ടി മറാത്ത വിഭാഗക്കാരെയാണ് ഇറക്കിയിരിക്കുന്നത്.

ഇന്ത്യ സഖ്യത്തിലെ വിവിധ പാർട്ടികളെ പിളർത്തി സഖ്യത്തിന്റെ സാധ്യതകൾ അവസാനിപ്പിച്ചും പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ചും അക്കൗണ്ടുകൾ മരവിപ്പിച്ചും തിരഞ്ഞെടുപ്പ് ഏകപക്ഷീയമായി കൊണ്ടുപോകാമെന്ന മോദിയുടെയും അമിത് ഷായുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ചാണ് രാജ്യത്തെ വിവിധ ജാതി പ്രശ്‌നങ്ങൾ തിരഞ്ഞെടുപ്പ് അജൻഡയായി ഉയർന്നുവന്നിരിക്കുന്നത്. രാമക്ഷേത്രം ഉൾപ്പെടെയുള്ളവ ഉത്തർ പ്രദേശിൽ പോലും വലിയ തിരഞ്ഞെടുപ്പ് പ്രചാരണം അല്ലാതെയുമായിരിക്കുന്നു. രാമക്ഷേത്ര വികാരം ഉൾപ്പെടെയുള്ള അജൻഡകൾ ഹിന്ദി ഹൃദയ ഭൂമിയിൽ പോലും കെട്ടുപോയിട്ടുണ്ടെന്നാണ് മോദിയുടെ മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങളിൽ നിന്ന് മനസ്സിലാകുന്നത്.

കോൺഗ്രസ്സിന്റെ പ്രകടന പത്രിക ചൂണ്ടി കടുത്ത മുസ്‌ലിം വിരുദ്ധ പരാമർശങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിലടക്കം നടത്തിയത്. സെക്കുലർ രാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് ചേർന്നതല്ല ഈ പണിയെന്ന് രാജ്യത്തെ പ്രതിപക്ഷ നേതാക്കൾ പറയുമ്പോഴും തിരഞ്ഞെടുപ്പിലെ ജാതി വികാരങ്ങൾ അവസാനിപ്പിച്ച് ഹിന്ദു ഏകീകരണത്തിന് മുസ്‌ലിം വിരുദ്ധതയാണ് ഏറ്റവും വലിയ ആയുധമെന്ന് മോദിക്കറിയാം.

തന്റെ വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നോക്കുകുത്തിയായി ഇരിക്കുക മാത്രമേ ചെയ്യൂവെന്നും മോദിക്ക് വ്യക്തമായ ബോധ്യമുണ്ട്. ഹിന്ദുത്വ വികാരം ഉണർത്തുന്നതിന് എന്ത് കളികളിച്ചാലും നാനൂറ് എന്ന അത്ഭുത സംഖ്യയിലേക്ക് ബി ജെ പി എത്തില്ലെന്ന് ഉറപ്പായിട്ടുണ്ട്.

Latest