Connect with us

Sports

അന്ന് കുതിപ്പ്; ഇന്ന് കിതപ്പ്

2015ലെ ദേശീയ ഗെയിംസിൽ 162 മെഡൽ, 2022ൽ 54 മാത്രം

Published

|

Last Updated

രാജ്യത്തിൻ്റെ യശ്ശസ് വാനോളം ഉയർത്തുന്നതിൽ കായിക മേഖല വഹിക്കുന്ന പങ്ക് ചെറുതല്ല. ലാറ്റിനമേരിക്കയിലെ അർജൻ്റീനയും ബ്രസീലുമെല്ലാം മലയാളിയുടെ ഇഷ്ടരാജ്യമായി മാറുന്നത് അവരുടെ ഭരണ മികവ് കൊണ്ടോ, രാഷ്ട്രീയ സാമൂഹിക സാമ്പത്തിക മേൻമ കൊണ്ടോ അല്ല. ഫുട്‌ബോളിൽ തീർക്കുന്ന വിസ്മയങ്ങളാണ് അതിന് കാരണം. കായിക മേഖലയിൽ പേരും പെരുമയും നേടാൻ അതിൻ്റെ ഉള്ളറിഞ്ഞ് താഴേത്തട്ടിൽ പണിയെടുക്കണം. അതിന് വേണ്ട ഇടപെടലുകളാണ് വേണ്ടത്.

1949ൽ രാഘവൻ നായരുടെ നേതൃത്വത്തിൽ കേരളത്തിലെ ഒളിമ്പിക് അസ്സോസിയേഷൻ ആരംഭിച്ചു. ഇതോടൊപ്പം ട്രാവൻകൂർ അത്്ലറ്റിക് അസ്സോസിയേഷൻ, ട്രാവൻകൂർ ബാസ്‌കറ്റ്ബോൾ അസ്സോസിയേഷൻ, ട്രാവൻകൂർ വോളിബോൾ അസ്സോസിയേഷൻ തുടങ്ങിയ സംഘടനകൾ കേരള ഒളിമ്പിക് അസ്സോസിയേഷന് കീഴിൽ നിലവിൽ വന്നു. ഫുട്ബോളിലും വോളിബോളിലും അത്്റ്റിക്സിലും ബാസ്‌കറ്റ്ബോളിലുമൊക്കെ ഏറ്റവും മികച്ച താരങ്ങളെ സംഭാവന ചെയ്യാൻ കേരളത്തിനായി. ഫുട്ബോളിനെ നെഞ്ചേറ്റുന്ന സംസ്ഥാനമെന്ന നിലക്ക് കേരളത്തിൻ്റെ കായിക ചരിത്രത്തിൽ കേരള ഫുട്ബോൾ അസ്സോസിയേഷൻ്റെ പങ്ക് വളരെ വലുതാണ്. ഇന്ത്യക്കു വേണ്ടി ഒരു കാലത്തു കളിച്ചിരുന്ന ഭൂരിഭാഗം താരങ്ങളും കേരളത്തിൽനിന്നുള്ളവരായിരുന്നു. രാജ്യം സംഭാവന നൽകിയ മികച്ച കായികതാരങ്ങളുടെ പട്ടിക പരിശോധിച്ചാൽ കേരളത്തിൻ്റെ സ്ഥാനം വളരെ വലുതാണ്.

ശ്രീശാന്തും സഞ്ജു സാംസണും ടിനു യോഹന്നാനും ക്രിക്കറ്റിൽ കേരളത്തിൻ്റെ സംഭാവനകളാണ്. ഫുട്ബോളിൽ യു ഷറഫലിയും ഐ എം വിജയനും വി പി സത്യനും കുരികേശ് മാത്യുവും, ഹോക്കിയിൽ മാനുവൽ ഫെഡറിക്കും പി ആർ ശ്രീജേഷും, വോളിബോളിൽ ജിമ്മി ജോർജും ടോം ജോസഫും ഉദയകുമാറും സിറിൽ വള്ളൂരും കപിൽദേവും നാമക്കുഴി സഹോദരിമാരും ഏലമ്മയും ബാഡ്മിൻ്റണിൽ വലിയവീട്ടിൽ ദിജുവും വിമൽകുമാറും, ബാസ്‌കറ്റ്ബോളിൽ ഗീതു അന്ന ജോസ്, ജയശങ്കർ മേനോൻ, സി വി സണ്ണി, അൻമിൻ ജെ ആൻ്റണി… അത്്ലറ്റിക്സിലാണ് നാം ഏറ്റവും കൂടുതൽ രാജ്യാന്തരതാരങ്ങളെ സംഭാവന നൽകിയത്. 1924 ഒളിമ്പിക്സിൽ പങ്കെടുത്ത സി കെ ലക്ഷ്മണിൽ തുടങ്ങുന്നു നമ്മുടെ അത്്ലറ്റുകളുടെ ചരിത്രം. പി ടി ഉഷയും അഞ്ജു ബോബി ജോർജും രാജ്യം കണ്ട എക്കാലത്തെയും മികച്ച അത്്ലറ്റുകളാണ്. ഐവാൻ ജേക്കബും സുരേഷ്ബാബുവും മേഴ്സിക്കുട്ടനും ഷൈനി വിത്സണും രഞ്ജിത് മഹേശ്വരിയും പ്രീജ ശ്രീധരനും കെ എം ബീനാമോളും എം ഡി വത്സമ്മയും ടിൻ്റു ലൂക്കയുമൊക്കെ രാജ്യത്തിനായി മെഡലുകൾ വാരി. ദേശീയ തലത്തിൽ നടക്കുന്ന അത്്ലറ്റിക് ടൂർണമെൻ്റുകളിൽ കേരളം നിരന്തരം ഓവറോൾ ചാമ്പ്യന്മാരായി. എന്നാൽ ഇന്ത്യയുടെ അത്്ലറ്റിക് ഫാക്ടറിയെന്ന് വിളിപ്പേരുണ്ടായിരുന്ന കേരളം കിതക്കുന്ന അവസ്ഥയാണ് നിലവിൽ.

പിന്നോട്ടോടി കേരളം
കേരളത്തിൻ്റെ കായിക കുതിപ്പ് പഠിച്ചു മനസ്സിലാക്കാൻ 1999ൽ ഹരിയാന സ്‌പോർട്‌സ് അതോറിറ്റിയുടെ വിദഗ്ധ സംഘമെത്തി. ജി വി രാജ സ്‌പോർട്‌സ് സ്‌കൂൾ ജ്വലിച്ച് നിൽക്കുന്ന സമയം. അവിടുത്തെ പരിശീലന മുറകളും സംവിധാനങ്ങളുമെല്ലാം വിശദമായി പഠിച്ച അവർ. കായിക കേരളത്തിൻ്റെ മോഡൽ പകർത്തി എഴുതിയാണ് മടങ്ങിയത്. ഫുട്‌ബോളിലടക്കം കേരളം ചരിത്ര വിജയങ്ങൾ കൈക്കലാക്കുന്ന സമയമായിരുന്നു അക്കാലം. കേരളം മാത്രമല്ല പല സംസ്ഥാനങ്ങളും കേരളത്തിൻ്റെ കായിക മോഡൽ പഠന വിഷയമാക്കി. അവരെല്ലാം ഈ പഠന മാതൃക പിൻപറ്റി വലിയ മുന്നേറ്റങ്ങൾ നടത്തി. എന്നാൽ കേരളം പിന്നോട്ടോടി. കായിക കുതിപ്പിലെ കേരളത്തിൻ്റെ ഇപ്പോഴത്തെ “മോഡൽ’ മനസ്സിലാക്കാൻ അത്്ലറ്റിക്‌സിലെ കേരളത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥ പരിശോധിക്കാം.

ഇക്കഴിഞ്ഞ ഗുജറാത്ത് ദേശീയ ഡെയിംസിൽ ആറാം സ്ഥാനത്താണ് കേരളം ഫിനിഷ് ചെയ്തത്. 2015ൽ കേരളത്തിൽ ദേശീയ ഗെയിംസ് നടക്കുമ്പോൾ 162 മെഡലുകളുമായി രണ്ടാമതായിരുന്ന സംഘമാണ് ഇത്തവണ ആകെ 54 മെഡലുമായി ആറിലൊതുങ്ങിയത്. അത്്ലറ്റിക്‌സിൽ കേരളത്തിൻ്റെ ഇപ്പോഴത്തെ ദുരവസ്ഥ പട്ടിക കണ്ടാൽ ബോധ്യപ്പെടും.

കാരണം പലവിധം
പുതിയ താരങ്ങൾ വരുന്നില്ലെന്നതാണ് വലിയ വെല്ലുവിളി. കായിക വിദ്യാഭ്യാസം സ്‌കൂളുകളിൽ നിന്നു തന്നെ തുടങ്ങിയാൽ ഇതിന് ഏറെക്കുറെ പരിഹാരം കാണാനാകും. എന്നാൽ കുട്ടികളെ കണ്ടെത്താൻ സ്‌കൂളുകളിൽ ആവശ്യത്തിന് കായിക അധ്യാപകരില്ല. സംസ്ഥാനത്തെ യു പി, ഹൈസ്‌കൂൾ വിഭാഗങ്ങളിലായി 56 ശതമാനം സ്‌കൂളുകളിലും നിലവിൽ കായിക അധ്യാപകരില്ലെന്നതാണ് വസ്തുത. കായിക വിദ്യഭ്യാസം നിർബന്ധിത പാഠ്യവിഷയമാക്കിയത് അട്ടിമറിക്കപ്പെട്ടു. നിലവിലുള്ള കായിക അധ്യാപകരെ മിനുക്കിയെടുക്കാൻ കോഴ്‌സുകളോ വർക്ക് ഷോപ്പുകളോ നടത്തുന്നില്ല.

അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് മറ്റൊരു പോരായ്മ. അക്കാദമികളിലും സ്‌കൂളുകളിലുമൊക്കെ മണ്ണ് കൊണ്ടുള്ള ഗ്രൗണ്ടുകളിലും ട്രാക്കുകളിലുമായാണ് പരിശീലനം. കേരളത്തിൽ ആധുനിക രീതിയിലുള്ള സ്റ്റേഡിയങ്ങളും ട്രാക്കുകളുമുണ്ടെങ്കിലും ഇവിടെയെല്ലാം വലിയ തോതിലുള്ള നിയന്ത്രണങ്ങളാണെന്നും വലിയ തോതിലുള്ള പ്രവേശന ഫീസ് നൽകിയാലേ ഇതെല്ലാം കിട്ടുകയുള്ളൂവെന്നുമാണ് താരങ്ങളുടെ പരാതി. സാമ്പത്തിക പ്രായസങ്ങളും ശാസ്ത്രീയ പരിശീലനങ്ങൾ ലഭിക്കാതെ വരുന്നതും പുതിയ കായിക താരങ്ങളെ മേഖലയിൽ നിന്ന് വിട്ടുനിൽക്കുന്നതിന് ഇടയാക്കുന്നു. ദേശീയ മീറ്റുകളിൽ പങ്കെടുക്കുന്നവർക്ക് പോലും ഗ്രേസ് മാർക്ക് ലഭിക്കാതെ വരുന്നതും ജോലി ലഭിക്കാത്തതും താരങ്ങളെ മേഖലയോട് മടുപ്പുള്ളവരാക്കുന്നു. ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് മികച്ച താമസ, ഭക്ഷണ സൗകര്യങ്ങൾ ലഭിക്കുന്നില്ലെന്നതും നിരന്തരമായുള്ള പരാതിയാണ്. ഇതിന് എന്ന് പരിഹാരമാകുമെന്ന് ചോദിച്ചാൽ അധികൃതർ കൈമലർത്തും. തമിഴ്നാട്ടിൽ ഇപ്പോൾ നടന്നുവരുന്ന സൗത്ത് വെസ്റ്റ് സോൺ യൂനിവേഴ്‌സിറ്റി അത്്ലറ്റിക് മീറ്റിന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് പോയ ടീമിന് താമസിക്കാൻ ലഭിച്ചത് കട്ടിൽ പോലുമില്ലാത്ത ഹാൾ ആണ്. കൊണ്ടുവന്ന വിരിപ്പ് തറയിൽ വിരിച്ചാണ് താരങ്ങൾ ഉറങ്ങിയത്. ആവോളം അവഗണിക്കപ്പെടുന്പോൾ എങ്ങനെ മികച്ച റിസൽറ്റ് ഉണ്ടാക്കുമെന്നാണ് താരങ്ങൾ ചോദിക്കുന്നത്.

സ്‌പോർട്‌സ് കൗൺസിലും കായിക വകുപ്പും ഒത്തൊരുമിച്ച് അടിത്തട്ടിൽ പ്രവർത്തനം നടത്തിയാലേ കേരളത്തിന് പഴയ പ്രതാപം വീണ്ടെടുക്കാനും കായിക കുതിപ്പ് നടത്താനും സാധിക്കൂ. എന്നാൽ അത്തരമൊരു ഇടപെടൽ കായിക കുതിപ്പിന് ചുക്കാൻ പിടിക്കേണ്ട സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ടോ എന്നത് വിലയിരുത്തേണ്ടതാണ്.
അതേക്കുറിച്ച് നാളെ.

 

ഫോട്ടോ: സൗത്ത് വെസ്റ്റ് സോൺ യൂനിവേഴ്‌സിറ്റി അത്്ലറ്റിക് മീറ്റിന് തമിഴ്നാട്ടിലെത്തിയ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി താരങ്ങൾ തറയിൽ കിടന്നുറങ്ങുന്നു 

റിപ്പോർട്ടർ, മലപ്പുറം ബ്യൂറോ