G20 summit
ഏറെ സങ്കുചിതമാണ് മോദി വിരുന്നൂട്ടുന്ന ഇന്ത്യ
പാവപ്പെട്ട മുസ്‌ലിം പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ ഏത് സമയത്തും ഒരു തീവ്രവാദിയായി ചാപ്പ കുത്തപ്പെട്ടേക്കാം. ഒരു ക്രിസ്ത്യാനി ഏത് സമയത്തും തന്റെ ഹിന്ദു സഹോദരനെ ക്രിസ്ത്യാനിസത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം.

ജി 20 ഉച്ചകോടിയുടെ ലോഗോ പ്രകാശനം നടന്നത് കഴിഞ്ഞ നവംബറിലായിരുന്നു. ആ വേദിയില്‍ പ്രധാനമന്ത്രി ഒരു ഗംഭീര പ്രസംഗം നടത്തി. ജി 20 ഉച്ചകോടിക്ക് ആതിഥ്യമരുളുന്ന ഇന്ത്യയെ സംബന്ധിച്ചാണ് പരിപാടിയില്‍ മോദി പ്രധാനമായി സംസാരിച്ചത്. ജി 20 ഉച്ചകോടി ഇന്ത്യയുടെ പുതിയ ഉത്തരവാദിത്വമാണെന്നും ലോകം ഇന്ത്യയുടെ മേല്‍ വിശ്വാസമര്‍പ്പിക്കുന്നതിന്റെ വലിയ തെളിവാണിതെന്നുമെല്ലാം പ്രധാനമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. ജി 20 ഉച്ചകോടിക്ക് ആതിഥ്യമരുളാനുള്ള ഉത്തരവാദിത്വം ഓരോ രാജ്യങ്ങള്‍ക്കും ക്രമാനുസൃതമായി ലഭിക്കുന്നതാണെന്ന കാര്യം പോലും പ്രസംഗത്തിന്റെ ആവേശത്തില്‍ പ്രധാനമന്ത്രി മറന്നുപോയിരുന്നു.
2022 ഡിസംബര്‍ ഒന്ന് മുതല്‍ 2023 നവംബര്‍ മുപ്പത് വരെയാണ് ഇന്ത്യ ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുന്നത്. ജി 20 എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. ഇതിനു മുമ്പും ഇന്ത്യ ജി 20യുടെ അധ്യക്ഷ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. എന്നാല്‍ അന്നൊന്നും സര്‍ക്കാറുകള്‍ ഇതിനെ ഇത്ര ഗംഭീരമായി കൊണ്ടാടുകയോ മാധ്യമങ്ങള്‍ അത് കൊട്ടിഘോഷിക്കുകയോ ചെയ്തിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. വികസ്വര – വികസിത രാജ്യങ്ങളിലെ ധനമന്ത്രിമാരും കേന്ദ്ര ബേങ്ക് ഗവര്‍ണര്‍മാരും അടങ്ങുന്ന കൂട്ടായ്മയാണ് ജി 20. 1999ല്‍ കിഴക്കനേഷ്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ സമയത്താണ് ജി 20 ജന്മമെടുക്കുന്നത്. ആഗോള സമ്പദ് വ്യവസ്ഥയെ പോലും പിടിച്ചുലച്ച സാമ്പത്തിക പ്രതിസന്ധിയായിരുന്നു അന്നത്തേത്. ഇതിന്റെ അനന്തര ഫലമെന്നോണം തുടര്‍ പ്രതിസന്ധികളെ നേരിടാനും അംഗ രാജ്യങ്ങള്‍ക്ക് തണലാകാനുമാണ് ആ വര്‍ഷം തന്നെ ജി 20 രാജ്യങ്ങളുടെ കൂട്ടായ്മ രൂപവത്കരിച്ചത്.
ഇന്ത്യ ഇതിനുമുമ്പ് ഈ ഉച്ചകോടിക്ക് അധ്യക്ഷത വഹിച്ചത് 2001 ലായിരുന്നു. 2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ജി 20യിലെ അംഗത്വം സര്‍ക്കാര്‍ തലവന്മാര്‍ക്കാക്കി പരിഷ്‌കരിക്കുകയുണ്ടായി. അതിനുശേഷം ആദ്യമായാണ് ഇന്ത്യ അധ്യക്ഷത വഹിക്കുന്നത്. ജി 20ക്ക് പ്രഥമമായി അധ്യക്ഷത വഹിച്ചത് യു എസ് ആയിരുന്നു. ഇരുപത് അംഗങ്ങളില്‍ ബ്രസീലും ദക്ഷിണാഫ്രിക്കയുമാണ് ഇനി അധ്യക്ഷത വഹിക്കാനുള്ളവര്‍. 2024ല്‍ ബ്രസീലും 2025ല്‍ ദക്ഷിണാഫ്രിക്കയും അധ്യക്ഷത വഹിക്കുന്നതോടെ 19 രാജ്യങ്ങളും യൂറോപ്യന്‍ യൂനിയനും ഉച്ചകോടിയുടെ അധ്യക്ഷ പദവി അലങ്കരിച്ചവരായി മാറും.
മോദി ഇന്ത്യയെ അവതരിപ്പിക്കുന്ന രീതിയാണ് ഏറെ രസകരം. ആഗോള പ്രതിസന്ധികളെയെല്ലാം നേരിടാനുള്ള സവിശേഷമായ ശേഷി ഇന്ത്യക്കുള്ളതുകൊണ്ടാണ് ലോകം ഈ മഹത്തായ ദൗത്യം ഇന്ത്യയെ ഏല്‍പ്പിച്ചിരിക്കുന്നത് എന്നാണ് മോദിയും മീഡിയയും പൊതുബോധത്തെ പറഞ്ഞു പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്. “ജി 20 ഉച്ചകോടിയെ കേവലം ഒരു നയതന്ത്ര പരിപാടിയായി ചുരുക്കി കെട്ടരുത്. മറിച്ച് ഇന്ത്യയുടെ സമ്പന്നതയും ശേഷിയും ലോകത്തിനു മുന്നില്‍ സമഗ്രമായി ആവിഷ്‌കരിക്കാനുള്ള അവസരമാണിത്. പ്രവിശാലമായ ഒരു രാജ്യം, ജനാധിപത്യത്തിന്റെ മാതാവ്, വൈവിധ്യങ്ങളുടെ കലവറ, അനന്തമായ ശേഷിയും സാധ്യതകളും ഇതെല്ലാം നമ്മുടെ രാജ്യത്തിന്റെ സവിശേഷതകളാണ്. അതുകൊണ്ട് ലോകത്തിന് ഇന്ത്യയെ അടുത്തറിയാനും ഇന്ത്യയുടെ ശേഷി ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാനുമുള്ള മികച്ച അവസരമാണിത്’ – പാര്‍ലിമെന്റ് ശീതകാല സമ്മേളനത്തെ അഭിസംബോധനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞ വാക്കുകളാണിത്.
ഉച്ചകോടിയുടെ ലോഗോയും തീമും വെബ്‌സൈറ്റും ലോഞ്ച് ചെയ്ത വേളയില്‍ ഇന്ത്യയുടെ യശസ്സിനെ മോദി വീണ്ടും ഓര്‍മിപ്പിച്ചു. കൊവിഡാനന്തര പ്രശ്‌നങ്ങളിലും കടുത്ത സാമ്പത്തിക അനിശ്ചിതത്വങ്ങളിലും അകപ്പെട്ടിരിക്കുകയാണ് ലോകം. ഈ സമയത്താണ് ഇത്തരമൊരു ഉത്തരവാദിത്വം രാജ്യത്തെ ഏല്‍പ്പിക്കുന്നത്. ലോകജനത ഇന്ത്യക്കുമേല്‍ അര്‍പ്പിക്കുന്ന വിശ്വാസമാണ് ഇത് പ്രകടമാക്കുന്നതെന്ന് മോദി ആവര്‍ത്തിച്ചു. മനുഷ്യരാശിയുടെ ഐക്യവും അദ്വൈത തത്വശാസ്ത്രവുമാണ് പുതിയ ലോകത്തിന്റെ വെല്ലുവിളികള്‍ക്കുള്ള പരിഹാരമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
വസുദൈവ കുടുംബകത്തെ പ്രമേയമാക്കിയാണ് ഇത്തവണത്തെ ജി 20 ഉച്ചകോടി. ലോകം ഒരു കുടുംബമാണെന്നും ഈ ഗ്രഹത്തിലെ ജീവജാലങ്ങളെല്ലാം ഒന്നാണെന്നുമുള്ള മഹാ ഉപനിഷത്തിന്റെ ആറാം അധ്യായത്തിലെ മനോഹരമായ ആശയത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ലോഗോയും ഈ ആശയത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.
ഗംഭീരമായിരുന്നു ജി 20 ഉച്ചകോടിയുടെ ലോഗോ പ്രകാശന വേദിയില്‍ മോദി നടത്തിയ പ്രഭാഷണം. ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ചും പൈതൃകത്തെക്കുറിച്ചും വാചാലമാകുന്ന മോദിയുടെ പ്രസംഗം ആരെയും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ ഏത് ഇന്ത്യയെ കുറിച്ചാണ് മോദി സംസാരിക്കുന്നതെന്ന കാര്യമാണ് രസകരം. ജനാധിപത്യത്തിന്റെ മാതാവായും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഉത്തമ രാജ്യമായും മോദി ഇന്ത്യയെ പരിചയപ്പെടുത്തി. വാസ്തവത്തില്‍ ജനാധിപത്യം ഇത്രയേറെ പ്രതിസന്ധികള്‍ നേരിട്ട ഒരു കാലം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. ഉള്‍ക്കൊള്ളലിന്റെ ഉത്തമോദാഹരണമായി വര്‍ത്തമാന ഇന്ത്യയെ പ്രതിഷ്ഠിക്കുമ്പോള്‍ തന്നെ പ്രയോഗ തലത്തില്‍ കൂടുതല്‍ സങ്കുചിതമായി മാറുകയാണ് മോദിയുടെ ഇന്ത്യ. ജനാധിപത്യമെന്ന പേരല്ലാതെ മറ്റൊന്നും ഇന്ത്യന്‍ ജനാധിപത്യത്തിന് അവകാശപ്പെടാനില്ലാത്ത വിധം അത് കൂപ്പുകുത്തി കഴിഞ്ഞിട്ടുണ്ട്.
വൈവിധ്യങ്ങളെ മാനിച്ചുകൊണ്ട് തന്നെ ലോകത്തിന് ഒരുമിക്കാന്‍ കഴിയണമെന്നും അത് ഒരു സ്വയം ഉത്തരവാദിത്വമായി നാം ഏറ്റെടുക്കണമെന്നുമാണ് പ്രധാനമന്ത്രി ലോകത്തോടുപദേശിച്ചത്. മോദിയുടെ വാക്കുകളുടെ സൗന്ദര്യമാസ്വദിക്കുമ്പോഴും ജനാധിപത്യ ഇന്ത്യ അറിയാതെ ചോദിച്ചു പോകുന്ന ചില ചോദ്യങ്ങളും ചിന്തകളുമുണ്ട്. വൈവിധ്യങ്ങളുടെ കലവറയായി കരുതപ്പെടുന്ന ഇന്ത്യയില്‍ പ്രധാനമന്ത്രിക്ക് എന്തെല്ലാം ചെയ്യാമായിരുന്നു? വ്യത്യസ്ത വിഭാഗങ്ങളെ ഉള്‍ക്കൊള്ളാനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും മോദിക്ക് കഴിയുമായിരുന്നു. അടിച്ചമര്‍ത്തപ്പെടുന്ന ഇന്ത്യന്‍ ജനതയെ ചേര്‍ത്തുപിടിച്ച് സൗഹാര്‍ദം പണിയാന്‍ പറ്റിയ എത്ര അവസരങ്ങള്‍ ഉണ്ടായിരുന്നു? മോദി ഒന്നും ചെയ്തില്ലെന്നു മാത്രമല്ല, വൈവിധ്യത്തിന്റെ വിളനിലമായ ഒരു രാഷ്ട്രത്തെ തങ്ങളുടെ സങ്കുചിത മനോഭാവം കൊണ്ട് ഏറ്റവും മലിനമായ ഇടമാക്കി മാറ്റുകയാണുണ്ടായത്.
എത്ര ദാരുണമാണ് വര്‍ത്തമാന ഇന്ത്യയും അതിന്റെ വര്‍ത്തമാനങ്ങളും. രാഷ്ട്രീയക്കാരും പാര്‍ലിമെന്റ് അംഗങ്ങളും നടത്തുന്ന വിദ്വേഷ പ്രചാരണങ്ങളില്‍ നിരന്തരം മുറിവേല്‍ക്കുന്ന ന്യൂനപക്ഷമാണ് ഇന്ത്യയിലുള്ളത്. ന്യായമായ കാരണങ്ങളോ പ്രേരണകളോ ഇല്ലാതെ പാര്‍ലിമെന്റില്‍ ചുട്ടെടുക്കുന്ന പല നിയമങ്ങളും ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കുക എന്ന ഒറ്റ ലക്ഷ്യം വെച്ചുള്ളതാണ്. സന്‍സദുകളില്‍ അവരെ ഇല്ലായ്മ ചെയ്യാനുള്ള ഔദ്യോഗിക ആഹ്വാനങ്ങള്‍ നല്‍കപ്പെടുന്നു. ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് അവരുടെ കൂരകള്‍ ബുള്‍ഡോസറുകള്‍ തകര്‍ക്കുന്നു. ലവ് ജിഹാദിന്റെ പേരില്‍ ജയിലിലടക്കപ്പെടും എന്ന് പേടിച്ച് അയല്‍വാസിയായ ഹൈന്ദവനോട് ഒരു വാക്ക് മിണ്ടാന്‍ പോലും ധൈര്യം വരാത്ത മുസ്‌ലിം സഹോദരങ്ങള്‍. ഒരു പാവപ്പെട്ട മുസ്‌ലിം പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ ഏത് സമയത്തും ഒരു തീവ്രവാദിയായി ചാപ്പ കുത്തപ്പെട്ടേക്കാം. ഒരു ക്രിസ്ത്യാനി ഏത് സമയത്തും തന്റെ ഹിന്ദു സഹോദരനെ ക്രിസ്ത്യാനിസത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം. ദളിതന്‍ ഇന്നും തൊട്ടുകൂടാത്തവനായി അവശേഷിക്കുന്നു. ഉന്നത കുലജാതന്‍ സ്വന്തം മകളെ പിച്ചിച്ചീന്തുമ്പോള്‍ ഒന്ന് പരാതിപ്പെടാന്‍ പോലും ധൈര്യം വരാത്ത പരിതാവസ്ഥകളുടെയും നിസ്സഹായതയുടെയും പേരാണ് ഇന്ത്യയില്‍ ന്യൂനപക്ഷമെന്നുള്ളത്. പ്രതീക്ഷയറ്റ ജനതയുടെ പിടിവള്ളികളാണ് ജനാധിപത്യത്തിലെ പ്രതിപക്ഷം. എന്നാല്‍ പരാതിപ്പെടുന്നവന്റെ ശബ്ദമായി മാറുന്ന പ്രതിപക്ഷത്തിന് പോലും ഇന്ത്യയില്‍ റോളില്ല. ഒന്ന് നാക്കുയര്‍ത്തുമ്പോഴേക്കും സര്‍ക്കാര്‍ ഏജന്‍സികളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അവരെ ലാക്കാക്കിയുള്ള റെയ്ഡുകളുമായി പാഞ്ഞെത്തുന്നു. ജനാധിപത്യത്തിന് പകിട്ട് പകരേണ്ട പ്രതിപക്ഷത്തിന്റെ ഇന്ത്യയിലെ ദാരുണാവസ്ഥയാണിത്.
ഇന്ത്യയുടെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഇരുനൂറോളം പരിപാടികളാണ് ജി 20യുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ആവിഷ്‌കരിച്ചിട്ടുള്ളത്. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകവും വിനോദസഞ്ചാര കേന്ദ്രങ്ങളും ലക്ഷ്യം വെച്ചുള്ള പദ്ധതികള്‍ വരും വര്‍ഷങ്ങളില്‍ വിനോദ സഞ്ചാരികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുമെന്നുറപ്പാണ്. ലോകവും ഇന്ത്യയും വലിയ ആവേശത്തോടെയും താത്പര്യത്തോടെയുമാണ് ഉച്ചകോടിയെ നോക്കി കാണുന്നത്. ജി 20 ഇന്ത്യയിലെത്തുന്നതോടെ ലോക നേതാക്കള്‍ ഇന്ത്യയിലേക്കൊഴുകും. മോദിയുടെ ആതിഥേയത്വം അനുഭവിക്കുകയും ചെയ്യും. ഉച്ചകോടി കഴിയുന്നതോടെ “ലോകഗുരു’വായി മോദി മാറുമോ? ജനാധിപത്യത്തിന്റെ മഹത്തായ മാതാവായി ഇന്ത്യയെ പ്രതിഷ്ഠിക്കുന്ന മോദിയുടെ മോഡി കൂട്ടിയ പ്രഭാഷണങ്ങളില്‍ ലോക നേതാക്കള്‍ മയങ്ങുമോ എന്നതൊക്കെയാണ് ഇനിയുള്ള ചോദ്യങ്ങള്‍. ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഇന്ത്യയിലേക്കാണ് മോദി ലോകരാജ്യങ്ങളെ വിരുന്നിനു വിളിക്കുന്നത്. ഭൂരിഭാഗം ഇന്ത്യക്കാരും ഉച്ചകോടിയെയും പ്രധാനമന്ത്രിയെയും എങ്ങനെ നോക്കിക്കാണുമെന്നത് പ്രസക്തമായ ഒരു ചോദ്യമാണ്. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം 2024ലെ ജനവിധിയെ നിര്‍ണയിക്കുന്നതില്‍ വലിയ പങ്കുവഹിക്കുമെന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല.
കടപ്പാട്: ദി വയര്‍
വിവ: അബ്ദുല്ല ചെമ്പ്ര