National
വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്തേക്ക് മൂത്രമൊഴിച്ച സംഭവം: അതിക്രമത്തിന് ഇരയായ സ്ത്രീ സുപ്രീംകോടതിയില്‍
വിമാനത്തില്‍ അപമര്യാദയായി പെരുമാറുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മാര്‍ഗരേഖ വേണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

ന്യൂഡല്‍ഹി| ന്യൂയോര്‍ക്ക്-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്തേക്ക് മൂത്രമൊഴിച്ച സംഭവത്തില്‍, അതിക്രമത്തിന് ഇരയായ സ്ത്രീ സുപ്രീംകോടതിയെ സമീപിച്ചു. വിമാനത്തില്‍ അപമര്യാദയായി പെരുമാറുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മാര്‍ഗരേഖ വേണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഡിജിസിഎയ്ക്കും വിമാന കമ്പനികള്‍ക്കും ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
നവംബര്‍ 26 നാണ് സംഭവം നടക്കുന്നത്. വിമാനത്തിലെ യാത്രക്കാരനായിരുന്ന ശങ്കര്‍ മിശ്രയാണ് ബിസിനസ് ക്ലാസിലെ സഹയാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ചത്. സംഭവം പുറത്തറിഞ്ഞാല്‍ കുടുംബ ജീവിതത്തെ ബാധിക്കുമെന്നും പൊലീസില്‍ പരാതിപ്പെടരുതെന്നും ശങ്കര്‍ മിശ്ര സ്ത്രീയോട് അപേക്ഷിച്ചിരുന്നു. എന്നാല്‍ നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ സ്ത്രീ തീരുമാനിച്ചതോടെ സംഭവം പുറത്തറിയുകയായിരുന്നു.