Kerala
ആളുമാറി 84കാരിയെ അറസ്റ്റ് ചെയ്ത സംഭവം: പോലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ
വകുപ്പ് തല അന്വേഷണത്തില്‍ പോലീസുകാരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തി.

പാലക്കാട് | ആളുമാറി 84കാരിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ വീഴ്ച വരുത്തിയ പോലീസുകര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ. കുനിശ്ശേരി സ്വദേശിനി 84കാരി ഭാരതിയമ്മയെ ആളുമാറി അറസ്റ്റ് ചെയ്ത സംഭവത്തിലാണ് ആഭ്യന്തര വകുപ്പ് നടപടി സ്വീകരിക്കാനൊരുങ്ങുന്നത്. ക്രൈം ബ്രാഞ്ച് ഡിവൈ എസ് പിയുടെ നേതൃത്വത്തില്‍ നടത്തിയ വകുപ്പ് തല അന്വേഷണത്തില്‍ പോലീസുകാരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥന്‍ ജില്ലാ പോലീസ് മേധാവിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നടപടിക്ക് ശിപാര്‍ശയുള്ളത്.
ഭാരതിയമ്മക്കുണ്ടായ മനോവിഷമവും പ്രായാസവും തിരിച്ചറിഞ്ഞെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉറപ്പായെന്ന് രേഖാമൂലം വിവരം ലഭിച്ചതായി ഭാരതിയമ്മയുടെ അഭിഭാഷകന്‍ പറഞ്ഞു. 1998 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കള്ളിക്കാട് സ്വദേശി രാജഗോപാല്‍ എന്നയാളുടെ വീട്ടുജോലിക്കാരിയായിരുന്നു ഭാരതി എന്ന സ്ത്രീ. ഈ സ്ത്രീ വീട്ടുകാരുമായി പ്രശ്‌നമുണ്ടാക്കുകയും ഇവിടെയുള്ള ചെടിച്ചട്ടിയും മറ്റും എറിഞ്ഞുടക്കുകയും വീട്ടുകാരെ അസഭ്യം പറയുകയും ചെയ്തു എന്നാണ് പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പാലക്കാട് സൗത്ത് പൊലീസ് ഭാരതിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു. പിന്നീട് ഇവര്‍ ജാമ്യത്തിലിറങ്ങുകയും മുങ്ങുകയും ചെയ്തു. ഇവരെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ഉണ്ടായിരുന്നില്ല.
2019ലാണ് പോലീസ് വീണ്ടും ഇവരുടെ അറസ്റ്റിലേക്ക് എത്തുന്നത്. അന്ന് അറസ്റ്റ് ചെയ്തതാകട്ടെ, യഥാര്‍ഥ പ്രതിയെ ആയിരുന്നില്ല. 2019 ല്‍ പോലീസ് അറസ്റ്റ് ചെയ്യുന്നത് കുനിശ്ശേരി സ്വദേശിയായ 84 വയസ്സുള്ള ഭാരതിയമ്മയെയാണ്. താന്‍ എവിടെയും വീട്ടുജോലിക്ക് നിന്നിട്ടില്ലെന്നും ഏറെക്കാലമായി തമിഴ്‌നാട്ടിലാണ് താമസമെന്നും ഇങ്ങനെയൊരു കേസുമായി ബന്ധമില്ലെന്നും ഇവര്‍ അറിയിച്ചെങ്കിലും പോലീസ് യാതൊരു വിധ അന്വേഷണവും നടത്താതെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് കോടതിയില്‍ എത്തിച്ച് ജാമ്യത്തില്‍ വിട്ടു.
നാല് വര്‍ഷത്തോളം തുടരുന്ന കേസിനിടെ പരാതിക്കാർ തന്നെ നേരിട്ടെത്തി ഇതല്ല യഥാര്‍ഥ പ്രതിയല്ലെന്നും കേസുമായി മുന്നോട്ട് പോകാനില്ലെന്നും കോടതിയെ അറിയിക്കുകയായിരുന്നു. നിരപരാധിത്വം തിരിച്ചറിഞ്ഞ കോടതിയാണ് ഭാരതിയമ്മയെ കുറ്റവിമുക്തയാക്കിയത്. തുടര്‍ന്ന് ഭാരതിയമ്മയും കുടുംബവും മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് തുടര്‍നടപടിയുണ്ടായത്.