book review
അതിജയിച്ചവരുടെ വീരഗാഥകൾ
സ്പെഷ്യൽ ഒളിമ്പിക്സ് ജേതാവും ഗിന്നസ് ബുക്കിൽ ഇടം പിടിക്കുകയും ചെയ്ത അസീം വെളിമണ്ണ മുതൽ ശാരീരിക വെല്ലുവിളിയെ അതിജീവിച്ച് സിവിൽ സർവീസിലേക്ക് നടന്ന് കയറിയ കോഴിക്കോട് സ്വദേശിനി ശാരിക ഐ എ എസ്, വയനാട് സ്വദേശിനി ഷെറിൻ ഐ എ എസ് അടക്കമുള്ള 20 പേരുടെ ജീവിത കഥയാണ് പുസ്തകത്തിൽ.

പൊതു സമൂഹത്തിന്റെ പ്രത്യേക പരിഗണനയും ബഹുമാനവും പിന്തുണയും അർഹിക്കുന്ന ധാരാളം ഭിന്നശേഷി വ്യക്തികൾ നമുക്ക് ചുറ്റിലും ഉണ്ട്. അവരിൽ എന്നും പ്രചോദനം നൽകുന്ന ഉജ്ജ്വല വ്യക്തികളെ നമ്മുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരികയാണ് സിറാജ് ഫോട്ടോ ജേർണലിസ്റ്റ് െഷമീർ ഊർപ്പള്ളി. കഴിഞ്ഞ രണ്ട് വർഷമായി തന്റെ ക്യാമറക്കൊപ്പം ക്ഷമയുള്ള കാതുകളും ആർദ്രമായ ഹൃദയവും തുറന്നുവെച്ച് ഭിന്നശേഷി വ്യക്തികളുടെ ജീവിതം പഠിക്കുകയായിരുന്നു െഷമീർ. ഒരു പുസ്തകം എന്നതിനപ്പുറം ഒരു ഭിന്നശേഷി സഹായ ഗ്രന്ഥമാണിത്.
ഭിന്നശേഷി വ്യക്തികൾക്കും കുടുംബങ്ങൾക്കും വേണ്ടി നാം പണിയേണ്ട സൗഹൃദ അന്തരീക്ഷത്തെക്കുറിച്ച് അവർക്ക് പിന്തുണ നൽകുന്ന കുടുംബങ്ങളുടെയും പ്രൊഫഷനലുകളുടെയും ഉദ്യോഗസ്ഥരുടെയും അടുത്ത് മണിക്കൂറുകൾ ചെലവഴിച്ചും ഓഫീസുകളിൽ കയറിയിറങ്ങിയും നിരന്തര പ്രയത്‌നം കൊണ്ടാണ് ഈ പുസ്തകം രചിച്ചിട്ടുള്ളത്. പ്രചോദനം നൽകുന്ന അവരുടെ കഥകൾ വായിച്ചാൽ എല്ലാ സൗഭാഗ്യങ്ങളും ഉള്ള നമ്മളെയൊക്കെ കാര്യം ഓർത്ത് ലജ്ജിക്കേണ്ടിവരും.
ഒരാളും മറ്റൊരാളെ പോലെയല്ല, ഓരോരുത്തർക്കും വ്യത്യസ്തവും നൈസർഗികവുമായ കഴിവുണ്ട്. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരിലും വിവിധ കഴിവുകൾ ഉള്ളവരുണ്ട്. ഒരാളുടെ ഉള്ളിലെ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിക്കുമ്പോഴാണ് ജീവിതം വിജയകരമാകുന്നത്. ഇത്തരത്തിൽ ജീവിതവിജയം നേടിയ ഭിന്നശേഷിക്കാരായ ചിലരുടെ അതിജീവനത്തിന്റെ കഥ പറയുകയാണ് പുനരുത്ഥാനം എന്ന പുസ്തകത്തിലൂടെ.
ആർമി കോളിംഗ് എന്ന തന്റെ പ്രഥമ പുസ്തകത്തിലൂടെ യുവാക്കളെയും വിദ്യാർഥികളെയും സൈന്യത്തിന്റെ ഇഷ്ടക്കാരായി മാറ്റിയ, യുവാക്കളെ പട്ടാളത്തിലേക്ക് ആകർഷിപ്പിച്ച രചയിതാവ് തന്റെ രണ്ടാമത്തെ പുസ്തകത്തിലൂടെ അതിജീവനത്തിന്റെ വഴികളിലൂടെ സഞ്ചരിച്ച് ഉയരങ്ങൾ കീഴടക്കിയവരുടെ വിജയഗാഥകൾ സമൂഹത്തിന് പകർന്നു നൽകുകയാണ്.
സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് മാറ്റിനിർത്തപ്പെടേണ്ടവരല്ല ഭിന്നശേഷിക്കാരെന്നും അവർ നേടിയെടുത്ത ഉയരങ്ങളും വിജയങ്ങളും സമൂഹത്തിന് മാതൃകയാണെന്നും വിവരിക്കുകയാണ് രചയിതാവ്.
സ്പെഷ്യൽ ഒളിമ്പിക്സ് ജേതാവും ഗിന്നസ് ബുക്കിൽ ഇടം പിടിക്കുകയും ചെയ്ത അസീം വെളിമണ്ണ മുതൽ ശാരീരിക വെല്ലുവിളിയെ അതിജീവിച്ച് സിവിൽ സർവീസിലേക്ക് നടന്ന് കയറിയ കോഴിക്കോട് സ്വദേശിനി ശാരിക ഐ എ എസ്, വയനാട് സ്വദേശിനി ഷെറിൻ ഐ എ എസ് അടക്കമുള്ള 20 പേരുടെ ജീവിത കഥയാണ് പുസ്തകത്തിൽ. ദുബൈ ഭരണാധികാരിക്ക് വായ കൊണ്ട് ചിത്രം വരച്ച് നേരിട്ട് സമ്മാനിച്ച ജസ്ഫർ കോട്ടക്കുന്ന്, ഗ്രാഫിക് ഡിസൈനറായ ശ്രീകണ്ഠപുരത്തെ അഞ്ജലി സണ്ണി, കോഴിക്കോട് ജെ ഡി ടി സ്കൂൾ അധ്യാപകരായ സഹോദരങ്ങൾ, വയനാട് പുൽപ്പള്ളി മരക്കടവിലെ ജിമി ജോൺ, സുമി ജോൺ, വെയ്റ്റ് ലിഫ്റ്റിംഗ് താരം മാതമംഗലത്തെ പി വി ലതിക, തേൻ കൃഷിയിലൂടെ ശ്രദ്ധേയനായ നടുവിലെ സന്തോഷ് അബ്രഹാം, ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക കാസർകോട് രാവണീശ്വരം ആശാലത ടീച്ചർ, നർത്തകി കരിവെള്ളൂർ പെരളത്തെ അക്ഷിത, കേന്ദ്ര സർവകലാശാലയിലെ അധ്യാപകൻ കണ്ണൂർ ഉരുവച്ചാലിലെ ഡോ. ശ്യാമപ്രസാദ്, കാഴ്ചാ പരിമിതിയെ അതിജീവിച്ച് പൊന്ന്യത്തെ സിഷ്‌ന ആനന്ദ്, ഇന്റർനാഷനൽ പഞ്ചഗുസ്തി താരം കീഴല്ലൂർ പാലയോട്ടെ ഷിജു, സ്കൂൾ ഒളിമ്പിക്സിൽ ജേതാവായ കാസർകോട്ടെ നിയാസ് അഹമ്മദ്, ഓട്ടിസം ബാധിതനായ ഫുട്ബോൾ താരം സൽമാൻ പാലക്കാട്, കാലുകൾ കൊണ്ട് ഡ്രൈവിംഗ് ചെയ്ത് മുഖ്യമന്ത്രിയിൽ നിന്ന് ലൈസൻസ് ഏറ്റുവാങ്ങിയ ജിലു എറണാകുളം, വീൽചെയറിൽ രാജ്യം ചുറ്റിക്കറങ്ങിയ ബഷീർ പാണപ്പുഴ, കൈകാലുകളില്ലാതെ ഇന്ത്യക്കകത്തും പുറത്തുമായി നിരവധി മോട്ടിവേഷൻ ക്ലാസ്സുകൾ കൈകാര്യം ചെയ്ത സി പി ശിഹാബ് മഞ്ചേരി, കീബോർഡ് ആർട്ടിസ്റ്റ് കൊല്ലം യാസീൻ, കാട കൃഷിയിലൂടെ വിജയഗാഥ തീർത്ത സുബൈദത്ത് പഴയങ്ങാടി തുടങ്ങിയവരെയാണ് പുസ്തകത്തിലൂടെ പരിചയപ്പെടുത്തുന്നത്.
ഇവരുടെ വ്യത്യസ്ത ജീവിതം ഒരൊറ്റ പുസ്തകത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് രചയിതാവ്. ആർമി കോളിംഗ് എന്ന പുസ്തകം പ്രസിദ്ധീകരിച്ച് മലബാറിലെ അംഗീകൃത ഗ്രന്ഥശാലകൾക്കും സ്കൂളുകളിലെ എൻ എസ് എസ്, എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂനിറ്റുകൾക്കും സൗജന്യമായി വിതരണം ചെയ്തു മാതൃകയായി മാറിയ െഷമീർ പുനരുത്ഥാനം എന്ന പുസ്തക വിതരണത്തിലൂടെ പുതിയ മാതൃക തീർക്കാൻ ഒരുങ്ങുകയാണ്.
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പുസ്തകം സൗജന്യമായി എത്തിക്കുന്നതോടൊപ്പം തന്നെ പുസ്തകം വിറ്റ് കിട്ടുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകാനാണ് ഉദ്ദേശിക്കുന്നത്. ആസ്റ്റർ മിംസിന്റെ സഹകരണത്തോടെ ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന മാജിക് മൂൺ പബ്ലിഷേഴ്സ് ആണ് പുസ്തകം പുറത്തിറക്കുന്നത്.ഭിന്നശേഷിക്കാരായ കുട്ടികൾക്കും രക്ഷിതാക്കൾക്കും മോട്ടിവേഷൻ പകരുകയാണ് പുസ്തകത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് രചയിതാവ് പറയുന്നു.
ഭിന്നശേഷി വിഭാഗത്തിന്റെ സമഗ്ര ഉന്നമനത്തിനായുള്ള സാമൂഹിക സുരക്ഷാ പദ്ധതികളെയും സേവനങ്ങളെയും ആനുകൂല്യങ്ങളെയും സമൂഹത്തിലേക്ക് എത്തിക്കുക എന്നത് കൂടി ഈ പുസ്തകത്തിലൂടെ ഉദ്ദേശിക്കുന്നുണ്ടെന്നും ഭിന്നശേഷി സൗഹൃദം കെട്ടിപ്പടുക്കുന്നതിനുള്ള ഒരു ചുവടുവെപ്പ് കൂടിയാണ് ഈ പുസ്തകമെന്നും രചയിതാവ് കൂട്ടിച്ചേർത്തു. സേതുരാമൻ ഐ പി എസ് ആണ് അവതാരിക എഴുതിയിരിക്കുന്നത്.
ഭിന്നശേഷി കമ്മീഷണർ പ്രൊഫ. ബി ടി ബാബുരാജ്, ലെഫ്. കേണല്‍ ഗുർമിത് സിംഗ്, പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ഇ കെ പത്മനാഭൻ, സിറാജ് എഡിറ്റർ ഇൻ ചാർജ് ടി കെ അബ്ദുൽ ഗഫൂർ തുടങ്ങിയവരുടെ സന്ദേശങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 140 പേജുകളുള്ള പുസ്തകത്തിന്റെ പ്രസാധകർ മാജിക് മൂൺ പബ്ലിഷേഴ്സ് ആണ്.