Connect with us

Covid Kerala

കൊവിഡ് വന്നുപോയവരെ കണ്ടെത്താൻ സിറോ പ്രിവിലന്‍സ് പഠനത്തിന് ആരോഗ്യ മന്ത്രി ഉത്തരവിട്ടു

ഈ പഠനത്തിനായി ആന്റിബോഡി പരിശോധനയാണ് നടത്തുന്നത്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് 19 സിറോ പ്രിവിലന്‍സ് പഠനം നടത്തുന്നതിന് അനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. വാക്‌സിനേഷനിലൂടെയും രോഗം വന്നും എത്രപേര്‍ക്ക് കൊവിഡ് രോഗപ്രതിരോധ ശേഷി കൈവരിക്കാന്‍ കഴിഞ്ഞു എന്നത് കണ്ടെത്തുന്നതിന് വേണ്ടിയാണ് സിറോ സര്‍വയലന്‍സ് പഠനം. ഇനിയെത്ര പേര്‍ക്ക് രോഗം വരാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കാനും സാധിക്കും. ഇതിലൂടെ കൊവിഡ് പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും രോഗം വരാനുള്ളവരെ കൂടുതല്‍ സുരക്ഷിതരാക്കാനും സാധിക്കും.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് വന്നുപോയവരുടെ വിവരങ്ങള്‍ കണ്ടെത്തുന്നതിനായാണ് സംസ്ഥാന ആരോഗ്യ വകുപ്പ് സിറോ പ്രിവിലന്‍സ് പഠനം നടത്തുന്നത്. ഈ പഠനത്തിനായി ആന്റിബോഡി പരിശോധനയാണ് നടത്തുന്നത്. തിരഞ്ഞെടുക്കപ്പെട്ടവരുടെ രക്തത്തിലുള്ള ഇമ്യൂണോഗ്ലോബുലിന്‍ ജി (ഐ ജി ജി) ആന്റിബോഡി സാന്നിധ്യം നിര്‍ണയിക്കുകയാണ് സിറോ പ്രിവലന്‍സ് സര്‍വെയിലൂടെ ചെയ്യുന്നത്. കൊവിഡ് വന്ന് പോയവരില്‍ ഐജിജി പോസിറ്റീവായിരിക്കും. ഇവരെ സെറോ പോസിറ്റീവ് എന്നാണ് പറയുക.

18 വയസിന് മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, 5 വയസിനും 17 വയസിനും ഇടയ്ക്കുള്ള കുട്ടികള്‍, 18 വയസിന് മുകളിലുള്ള ആദിവാസികള്‍, തീരദേശത്തുള്ളവര്‍, നഗരങ്ങളിലെ ചേരി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എന്നിവരിലാണ് പരിശോധന നടത്തുന്നത്. ഈ പഠനത്തിലൂടെ വിവിധ ജന വിഭാഗങ്ങളുടെയും വാക്‌സിന്‍ എടുത്തവരുടേയും സിറോ പോസിറ്റിവിറ്റി കണക്കാന്‍ സാധിക്കുന്നു. കൂടാതെ രോഗബാധയും മരണനിരക്കും തമ്മിലുള്ള അനുപാതവും കണക്കാക്കാനും സാധിക്കും.

ദേശീയ തലത്തില്‍ നാല് പ്രാവശ്യം സിറോ സര്‍വയലന്‍സ് പഠനം നടത്തിയിരുന്നു. അപ്പോഴെല്ലാം രാജ്യത്തെ ഏറ്റവും മികച്ച സ്‌കോറിലായിരുന്നു കേരളം. അവസാനമായി ഐ സി എം ആര്‍ നടത്തിയ സിറോ സര്‍വയലന്‍സ് പഠനത്തില്‍ കേരളത്തില്‍ 42.07 ശതമാനം പേര്‍ക്കാണ് ആര്‍ജിത പ്രതിരോധ ശേഷി കണ്ടെത്താന്‍ സാധിച്ചത്. ഈ പഠനത്തിലൂടെ സംസ്ഥാനങ്ങളുടെ ജനസംഖ്യയില്‍ രോഗം വന്ന ആളുകളുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണെന്ന് വിലയിരുത്തി. കേരളത്തിന്റെ മികച്ച പ്രതിരോധമാണ് ഇത് കാണിച്ചത്. അതിനുശേഷം വാക്‌സിനേഷനില്‍ സംസ്ഥാനം മികച്ച മുന്നേറ്റം കൈവരിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ സംസ്ഥാനം നടത്തുന്ന സിറോ പ്രിവിലന്‍സ് പഠനത്തിന് ഏറെ പ്രധാന്യമുണ്ടെന്നും മന്ത്രി അറിയിച്ചു.
---- facebook comment plugin here -----

Latest