Connect with us

kerala governor

യുവജനങ്ങളെ സമരത്തിലേക്കു തള്ളിവിട്ടു ചൂഷണം ചെയ്യുന്നതായി ഗവര്‍ണര്‍

പിറകില്‍ ആരാണെന്നു ജനങ്ങള്‍ക്ക് അറിയാമെന്നും ആരിഫ് മുഹമ്മദ് ഖാന്‍

Published

|

Last Updated

തിരുവനന്തപുരം | യുവജനങ്ങളെ സമരത്തിലേക്കു തള്ളിവിട്ടു ചൂഷണം ചെയ്യുകയാണെന്നും എല്ലാത്തിനും പിറകില്‍ ആരാണെന്നു ജനങ്ങള്‍ക്ക് അറിയാമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

കേരള യൂനിവേഴ്സിറ്റി സെനറ്റ് യോഗത്തിലെ തര്‍ക്കത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രി ആര്‍ ബിന്ദുവിനും എതിരെയാണു ഗവര്‍ണറുടെ പരോക്ഷ വിമര്‍ശനം. സെനറ്റ് യോഗത്തില്‍ ചിലര്‍ മനഃപൂര്‍വം പ്രശ്നമുണ്ടാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. കേരള സര്‍വകലാശാലയിലെ സെര്‍ച്ച് കമ്മറ്റിയിലേക്ക് ആളെ അയക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഒരുഭാഗത്ത് യുവാക്കളെ സമരത്തിലേക്ക് തള്ളിവിടുന്നു. മറുഭാഗത്ത് അവര്‍ക്കെതിരെ കേസെടുക്കാതെ ഒതുക്കിത്തീര്‍ക്കുകയും ചെയ്യുന്നുവെന്നും ഗവര്‍ണര്‍ ആരോപിച്ചു.

മാറിനിന്നു പ്രതിഷേധിക്കുന്നവര്‍ തന്നെ തൊടാന്‍ ധൈര്യപ്പെടില്ല. തൊട്ടാല്‍ ഉണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ മുഖ്യമന്ത്രിക്ക് അറിയാം. ഞാന്‍ എ സി കാറിലാണു യാത്ര ചെയ്യുന്നത്. ഈ പോലീസുകാര്‍ മണിക്കൂറുകളോളം തനിക്കു വേണ്ടി വെയിലത്ത് കാത്തിരിക്കുന്നു. പ്രതിഷേധങ്ങള്‍ ഭയന്നാണ് അവര്‍ക്ക് ഇങ്ങനെ ചെയ്യേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ഥികളെ ചൂഷണം ചെയ്ത് മുഖ്യമന്ത്രി സ്വന്തം പദവി സംരക്ഷിക്കുകയാണ്. കണ്ണൂരില്‍ സ്വന്തം പറമ്പിലെ തേങ്ങ എടുക്കാന്‍ പോലും പാര്‍ട്ടിയുടെ അനുവാദം വേണമെന്ന് ജനങ്ങള്‍ക്ക് അറിയാം. ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

 

Latest