National
നിയമസഭ വീണ്ടും പാസാക്കിയ ബില്ലുകള്‍ രാഷ്ട്രപതിക്കയക്കാന്‍ ഗവര്‍ണര്‍ക്കാകില്ല; സുപ്രീംകോടതി
ഗവര്‍ണര്‍ തന്നെ മുന്‍കൈയെടുത്ത് ഈ പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.
		
      																					
              
              
            ന്യൂഡല്‍ഹി| തിരിച്ചയച്ച ബില്ലുകള്‍ നിയമസഭ വീണ്ടും പാസാക്കിയാല്‍ അവ രാഷ്ട്രപതിക്കയക്കാന്‍ ഗവര്‍ണര്‍ക്കാകില്ലെന്ന് സുപ്രീംകോടതി. നിയമസഭ രണ്ടാമതും പാസാക്കുന്ന ബില്ലുകള്‍ ഒപ്പിടുകയാണ് ഗവര്‍ണര്‍ ചെയ്യേണ്ടതെന്ന് ഭരണഘടനയുടെ 200ാം അനുച്ഛേദം ചൂണ്ടിക്കാട്ടി സുപ്രീംകോടതി വ്യക്തമാക്കി.
ബില്ലുകള്‍ ഗവര്‍ണര്‍ ആര്‍എന്‍ രവി അനിശ്ചിതമായി വൈകിപ്പിക്കുകയാണെന്ന് ആരോപിച്ച് തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ ഹരജി പരിഗണിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. നിയമസഭ വീണ്ടും പാസാക്കിയ 10 ബില്ലുകള്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് സമര്‍പ്പിച്ചതായി സര്‍ക്കാരിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് സിങ്വി അറിയിച്ചു. ഇതു ഭരണഘടനാ വിരുദ്ധമാണെന്ന് വാദിച്ച സിങ്വി നിയമ നിര്‍മാണ പ്രക്രിയയെ ഗവര്‍ണര്‍ ആര്‍എന്‍ രവി അട്ടിമറിക്കുകയാണെന്ന് ആരോപിച്ചു.
രണ്ടാമതും പാസാക്കുന്ന ബില്ലുകള്‍ എങ്ങനെ രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് ഗവര്‍ണര്‍ക്കുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍(എജി) വെങ്കടരമണിയോട് കോടതി ആരാഞ്ഞു. ചില ശുപാര്‍ശകളോടെയാണ് ഗവര്‍ണര്‍ ബില്ലുകള്‍ തിരിച്ചയച്ചതെന്നും നിയസഭ അവ പരിഗണിച്ചില്ലെന്നും എജി പറഞ്ഞു.
ഉന്നത ഭരണഘടനാ പദവികള്‍ ഉള്‍പ്പെട്ട കേസാണിതെന്നും ഗവര്‍ണര്‍ തന്നെ മുന്‍കൈയെടുത്ത് ഈ പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. ഗവര്‍ണര്‍ മുഖ്യമന്ത്രിയെ ക്ഷണിക്കട്ടെയെന്നും അവര്‍ ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കപ്പെടുമെന്നും ബെഞ്ച് പ്രതീക്ഷ പ്രകടിപ്പിച്ചു. ബെഞ്ച് കേസില്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. കേസ് വീണ്ടും 11ന് പരിഗണിക്കും.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
