Connect with us

Kerala

അരിയും എട്ടു രൂപയും മാത്രം സര്‍ക്കാര്‍ നല്‍കും; സ്‌കൂളുകളില്‍ 'ഉച്ചഭക്ഷണം' പ്രഥമാധ്യാപകരുടെ ബാധ്യതയായി മാറുന്നു

Published

|

Last Updated

പത്തനംതിട്ട | ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ജനപ്രതിനിധികളും സ്‌കൂളുകള്‍ കയറിയിറങ്ങുമ്പോഴും അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് ഇനിയും പരിഹാരമാവുന്നില്ല. സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രഥമാധ്യാപകരുടെ ബാധ്യതയായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ഉച്ചഭക്ഷണം. ചെലവു കാശുപോലും കിട്ടാത്ത പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ ആക്ഷേപങ്ങളുടെയും ഉത്തരവാദിത്തം വഹിക്കേണ്ടി വരുന്നതും പ്രഥമാധ്യാപകര്‍ തന്നെ. എട്ട് രൂപയാണ് ഒരു കുട്ടിക്ക് ഒരു ദിവസത്തെ ഭക്ഷണത്തിനായി സര്‍ക്കാറില്‍ നിന്നും ലഭിക്കുന്നത്. ആഴ്ചയില്‍ രണ്ട് ദിവസം 150 മില്ലിലിറ്റര്‍ പാല്‍, ഒരു ദിവസം മുട്ട എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തണം. കൂടാതെ സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച പ്രകാരം പയര്‍ വര്‍ഗങ്ങളടക്കം ഉച്ചഭക്ഷണത്തിന്റെ മെനുവില്‍ ഉണ്ടാകുകയും വേണം. അരി മാത്രമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ബാക്കി സാധനങ്ങളെല്ലാം വാങ്ങേണ്ടത് പ്രഥമാധ്യാപകരാണ്.

പച്ചക്കറിക്കും പലവ്യഞ്ജനത്തിനും പ്രതിദിനം വിലയേറുമ്പോഴും അംഗീകരിക്കപ്പെട്ടിട്ടുള്ള വിഹിതം മാത്രമാണ് ഉച്ചഭക്ഷണത്തിന് ലഭിക്കുന്നത്. ഒരു കുട്ടിക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന എട്ട് രൂപ മതിയാകില്ലെന്നും പരിധി ഉയര്‍ത്തണമെന്നും അധ്യാപക സംഘടനകള്‍ പലതവണ ആവശ്യപ്പെട്ടിരുന്നു. ഉച്ചഭക്ഷണത്തിനുള്ള തുക ഉയര്‍ത്തുമെന്ന് കഴിഞ്ഞ നവംബറില്‍ വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും പുതിയ അധ്യയന വര്‍ഷം തുടങ്ങിയിട്ടും തീരുമാനമായില്ല. പരമാവധി 13 രൂപയെങ്കിലും ആക്കി ഉയര്‍ത്തണമെന്നാണ് അധ്യാപക സംഘടനകള്‍ ആവശ്യപ്പെടുന്നത്.

പച്ചക്കറിയും പലവ്യഞ്ജനവുമൊക്കെ ഓണ്‍ലൈന്‍ പേമെന്റിലൂടെ വാങ്ങണമെന്ന നിര്‍ദേശവും ഇതിനിടെയുണ്ടായി. 25 കുട്ടികളുള്ള ഒരു സ്‌കൂളാണെങ്കില്‍ ഒരു കുട്ടിക്ക് എട്ടുരൂപ ക്രമത്തില്‍ 200 രൂപമാത്രമാണ് ഒരുദിവസം അനുവദിക്കുന്നത്. എന്നാല്‍ 150നു മുകളില്‍ കുട്ടികള്‍ വരുന്ന സ്‌കൂളിന് ഒരു കുട്ടിക്ക് ഏഴ് രൂപ മാത്രമാണ് ലഭിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ 22 പ്രവൃത്തി ദിവസം കണക്കാക്കിയാല്‍ 2,500 രൂപയെങ്കിലും അധ്യാപകരുടെ കൈയില്‍ നിന്നു നഷ്ടമാകും. സര്‍ക്കാര്‍ മാവേലി സ്റ്റോറുകള്‍ വഴി വിതരണം ചെയ്യുന്ന അരിയുടെ ഗുണമേന്മയിലും അധ്യാപകര്‍ക്കാണ് ബാധ്യത. ഉച്ചഭക്ഷണത്തിനായി അരിയൊഴികെയുള്ള എല്ലാ സാധനങ്ങളും പണം കൊടുത്തു വാങ്ങണം. പാചകക്കൂലി ഒഴികെയുള്ള തുക പ്രഥമാധ്യാപകരാണ് കണ്ടെത്തേണ്ടത്. ഇതില്‍ പാചകവാതകം, പാല്‍, പച്ചക്കറി, പലവ്യഞ്ജനം, മുട്ട എല്ലാം ഉള്‍പ്പെടും. ഇതിനൊപ്പം പാചകത്തില്‍ ഗുണമേന്‍മ ഉറപ്പാക്കുകയും വേണം. സംസ്ഥാന തലത്തില്‍ മന്ത്രിമാര്‍, എം എല്‍ എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സ്‌കൂളുകളില്‍ എത്തി പാചകപ്പുരയും ഭക്ഷണവും വിലയിരുത്തുന്ന നടപടികള്‍ സ്വീകരിക്കുന്നതിനിടെയാണ് ഉച്ചഭക്ഷണം വീണ്ടും ചര്‍ച്ചയാവുന്നത്.

കമ്മ്യൂണിറ്റി കിച്ചണ്‍ സംവിധാനം പ്രഖ്യാപനത്തിലൊതുങ്ങി
സ്‌കൂളുകളിലേക്ക് ഉച്ചഭക്ഷണം ഏകീകൃത സംവിധാനത്തിലൂടെ നല്‍കുന്നതിലേക്ക് കമ്മ്യൂണിറ്റി കിച്ചണ്‍ സംവിധാനം ഉണ്ടാകുമെന്ന പ്രഖ്യാപനം പ്രഖ്യാപനത്തിലൊതുങ്ങി. ഉച്ചഭക്ഷണ വിതരണത്തിലെ ഗുണമേന്മ വര്‍ധിപ്പിക്കാനും പ്രഥമാധ്യാപകരുടെ ബാധ്യത ഒഴിവാക്കാനുമായി വിവിധ അധ്യാപക സംഘടനകള്‍ മുന്നോട്ടുവച്ച നിര്‍ദേശം സര്‍ക്കാര്‍ തലത്തില്‍ തത്വത്തില്‍ അംഗീകരിച്ചിരുന്നു. ഇതിനാവശ്യമായ നടപടിക്രമങ്ങളുമായി മുന്നോട്ടു പോകുമെന്ന് വിദ്യാഭ്യാസ വകുപ്പും അറിയിച്ചിരുന്നതാണ്. പഞ്ചായത്തു തലത്തില്‍ കുടുംബശ്രീ പോലെയുള്ള ഏജന്‍സികള്‍ കമ്മ്യൂണിറ്റി കിച്ചണ്‍ മുഖേന ഉച്ചഭക്ഷണം തയാറാക്കി സ്‌കൂളിലുകളിലെത്തിച്ച് നല്‍കുകയെന്നതായിരുന്നു നിര്‍ദേശം. ഇതിലൂടെ ഏകീകൃത സംവിധാനം തയാറാകുകയും ഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പാക്കുകയും ചെയ്യാമായിരുന്നു. എന്നാല്‍ ഇതിന്റെ തുടര്‍ നടപടികള്‍ തടസപ്പെട്ടതായി അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടി.

 

Latest